Sorry, you need to enable JavaScript to visit this website.

'ശ്രമിച്ചത് പ്രസ്ഥാനത്തെ തിരുത്താൻ'; സ്‌ഫോടന ഉത്തരവാദിത്തം ഏറ്റെടുത്ത മാർട്ടിന്റെ എഫ്.ബി ലൈവ് വൈറൽ, അപ്രത്യക്ഷമായി 

കൊച്ചി - കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പോലീസിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിന്റെ ഫേസ്ബുക്ക് ലൈവ് വൈറാലയതിന് പിന്നാലെ അപ്രത്യക്ഷമായി.
 ആറു വർഷം മുമ്പ് തനിക്ക് തിരിച്ചറിവുണ്ടായെന്നും തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് താൻ ശ്രമിച്ചതെന്നുമാണ് മാർട്ടിൻ പറയുന്നത്. എന്നാൽ മൂന്നുമണിക്കൂർ മുമ്പുള്ള ഈ ലൈവ് പേജ് ഇപ്പോൾ ലഭ്യമല്ലാതായിരിക്കുകയാണ്. കളമശ്ശേരിയിലെ സ്‌ഫോടനത്തിന്റെ പൂർണ ഉത്തരവാദിത്തമേറ്റെടുക്കുന്നുവെന്ന് പറഞ്ഞാണ് മാർട്ടിൻ ലൈവ് തുടങ്ങുന്നത്. എന്തിനാണ് അത് ചെയ്തതെന്ന് ബോധ്യപ്പെടുത്താനാണ് ലൈവെന്നും പറഞ്ഞു.
 16 വർഷത്തോളം പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആളാണ് ഞാൻ. അന്നൊന്നും ഇതിലെ കാര്യങ്ങളൊന്നും ഞാൻ ഗൗരവത്തിൽ എടുത്തിരുന്നില്ല. എല്ലാം ഒരു തമാശയായിരുന്നു. എന്നാൽ ഒരു ആറുവർഷം മുമ്പ് ഇതിലെ തെറ്റുകൾ ഞാൻ തിരിച്ചറിയാൻ തുടങ്ങി. യഹോവ സാക്ഷികൾ എന്നത് വളരെ തെറ്റായ ഒരു പ്രസ്ഥാനമാണ്. ഇതിൽ പഠിപ്പിക്കുന്നതൊക്കെ രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും ഞാൻ മനസ്സിലാക്കി.. ആ തെറ്റുകൾ തിരുത്തണമെന്ന് പലവട്ടം അവരോട് ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ ആരും അത് കണക്കിലെടുക്കാൻ കൂട്ടാക്കിയില്ല. ഒരു രാജ്യത്ത് ജീവിച്ച് ആ രാജ്യത്തെ ജനങ്ങളെ മുഴുവൻ മോശക്കാരാക്കി, അവരെ നശിച്ചു പോകുന്ന സമൂഹമെന്ന് വിളിച്ച് അവരുടെ കൂടെ കൂടരുതെന്നും ഭക്ഷണം കഴിക്കരുതെന്നുമൊക്കെ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണിതെന്നുമൊക്കെയാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ.
 എന്നാൽ, ലൈവിൽ പറഞ്ഞതെല്ലാം സത്യമാണെന്നോ, ഇതേ മാർട്ടിൻ തന്നെയാണോ കീഴടങ്ങിയതെന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന കളമശ്ശേരിയിലെ സാമ്രാ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും മുപ്പതിലേറെ പേർക്ക് പരുക്കേൽക്കുകയുമുണ്ടായി. ഇതിൽ പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. മൂന്നു ദിവസമായി ഇവിടെ പരിപാടി നടന്നുവരികയാണ്. ഞായറാഴ്ചത്തെ പ്രാർത്ഥന തുടങ്ങി അഞ്ച് മിനിറ്റിനകം തന്നെ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. ആദ്യം ഒരു പൊട്ടിത്തെറിക്കു പിന്നാലെ തുടർ സ്‌ഫോടനങ്ങളുണ്ടായെന്നാണ് പറയുന്നത്. രണ്ടായിരത്തിലധികം പേർ ആ സമയം ഹാളിലുണ്ടായിരുന്നു. സ്‌ഫോടനം നടന്ന സ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. എൻ.ഐ.എയും ഭീകര വിരുദ്ധസേനയുമെല്ലാം സ്ഥലത്തെത്തി വിദഗ്ധ പരിശോധനയിലാണ്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

Latest News