Sorry, you need to enable JavaScript to visit this website.

കിഴക്കൻ കാറ്റ്; മൂന്നുദിവസം ഇടിമിന്നലോടെ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം - അടുത്ത മൂന്നുദിവസം കേരളത്തിൽ പല ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ്  ശക്തമാകാൻ സാധ്യതയുള്ളതിനാൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ മൂന്നുദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലും മഴ സജീവമായേക്കും. ഇന്ന് 11 ജില്ലകളിലും നാളെ 10 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
 പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്  എന്നി ജില്ലകളിലാണ് നാളേക്ക് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശിച്ചു.
 

Latest News