Sorry, you need to enable JavaScript to visit this website.

ഒരു സൈനികനുവേണ്ടി 1027 ഫലസ്തീനികളെ മോചിപ്പിച്ചിട്ടുണ്ട്, ഇപ്പോള്‍ തടസ്സം നെതന്യാഹുവിന്റെ അതിമോഹം

ഹമാസ് പിടികൂടി തടവിലാക്കിയവരെ മോചിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഇസ്രായില്‍ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദമുണ്ടെങ്കിലും ഖത്തറും മറ്റും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളില്‍ ഇനിയും പുരോഗതിയില്ല.
ഒരു സൈനികന്റെ മോചനത്തിന് 1027 ഫലസ്തീനികളെ മോചിപ്പിച്ച ചരിത്രം ഇസ്രായിലിനുണ്ടെങ്കിലും ഹമാസില്‍നിന്നുണ്ടായ നാണം കെട്ട തിരിച്ചടിയില്‍നിന്ന് മുഖം രക്ഷിക്കാന്‍ മറ്റുവഴികളാണ് ജൂതരാഷ്ട്രം തേടുന്നത്. ഇതിന്റെ ഭാഗമയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ അതിക്രൂരമായി ബോംബിട്ട് കൊല്ലുന്നത്.
ഗാസയില്‍ തടവിലാക്കിയ ബന്ദികളെ വിട്ടയക്കണമെങ്കില്‍ ഇസ്രായില്‍ ജയിലുകളിലുള്ള ഫലസ്തീനി തടവുകാരെ വിട്ടയക്കണമെന്നാണ് ഹമാസ് ഉപാധി വെച്ചിരിക്കുന്നത്.
ഒക്ടോബര്‍ ഏഴിന് ഇസ്രായിലില്‍ നടത്തിയ മിന്നല്‍ ആക്രമണത്തിലാണ് ഇസ്രായില്‍ സൈനികരടക്കം ഇരുനൂറിലേറെ പേരെ ഹമാസ് ബന്ദികളാക്കിയത്. ഇസ്രായിലിനെ നാണം കെടുത്തിയ ആക്രമണത്തില്‍ പടികൂടിയവരെ ബൈക്കുകളില്‍ ഇരുത്തിയാണ് ഗാസയിലേക്ക് കൊണ്ടുവന്നത്. ഇവരില്‍ വിദേശികളും ഇരട്ടപൗരത്വമുള്ളവരുമുണ്ട്.
ഇസ്രായിലുമായി ഉടന്‍തന്നെ തടവുകാരുടെ കൈമാറ്റത്തിന് തയാറാണെന്ന് ഗാസയിലെ ഹമാസ് നേതാവ് യഹ് യ സിന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഫലസ്തീനി ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങളുടെ കസ്റ്റഡിയിലുള്ള തടവുകാരെ ഉടന്‍ തന്നെ വിട്ടയക്കാന്‍ തയാറാണെന്നും ഇസ്രായിലി ജയിലുകളില്‍നിന്ന് ഫലസ്തീനികളെ വിട്ടയക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇസ്രായിലിന്റെ ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടല്ലാത്ത ബന്ദി പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. കാരണം ധാരാളം പേരാണ് ഇത്തവണ ബന്ദികളായുള്ളത്. 2011 ല്‍ ഒരു സൈനികനെ മോചിപ്പിക്കുന്നതിന് ഇസ്രായില്‍ 1027 ഫലസ്തീനികളെ വിട്ടയച്ചിരുന്നു. അമേരിക്കയും ഖത്തറും ഇടപെട്ട് ഇതുവരെ നടത്തിയ മധ്യസ്ഥ ചര്‍ച്ച ഇസ്രായിലിന് അനുകൂലമായിരുന്നു. നാല് ബന്ദികളെ വിട്ടയച്ചുകൊണ്ട് ഹമാസ് സൗമനസ്യം പ്രകടിപ്പിച്ചു.
വെടിനിര്‍ത്തലിന് പകരമായി ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് പറഞ്ഞപ്പോള്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അത് അംഗീകരിച്ചിട്ടില്ല. ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച അദ്ദേഹം അതില്‍നിന്ന് പിറകോട്ടില്ലെന്നാണ് ആവര്‍ത്തിക്കുന്നത്.
ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസും മറ്റു ഗ്രൂപ്പുകളും പറയുന്നുണ്ട്. എന്നാല്‍ ഇസ്രായിലോ മറ്റു രാജ്യങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സൈനികമായി ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രായില്‍ ശ്രമിച്ചാല്‍ അവരുടെ മരണത്തില്‍ കലാശിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ഹമാസ് വീണ്ടും സൗമനസ്യം കാണിച്ച് ബന്ദികളില്‍നിന്ന് കുട്ടികളേയും സ്ത്രീകളേയും പ്രായമേറിയവരേയും വിട്ടയച്ചാലും ബന്ദി പ്രശ്‌നം അവസാനിക്കില്ല. ഇസ്രായില്‍ സൈനികനെ ദീര്‍ഘകാലം ബന്ദിയാക്കിവെച്ച ചരിത്രം ഹമാസിനുണ്ട്. സൈനികനായ ഗിലാഡ് ഷാലിതിനെ അഞ്ച് വര്‍ഷമാണ് തടവില്‍ പാര്‍പ്പിച്ചിരുന്നത്.

 

Latest News