ദല്‍ഹിയില്‍ ചര്‍ച്ചുകളിലും പൊതുസ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കി

ന്യൂദല്‍ഹി-കളമശ്ശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ തലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. പ്രധാന മാര്‍ക്കറ്റുകളിലും ചര്‍ച്ചുകളിലും മെട്രോ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സുരക്ഷാ സന്നാഹം വര്‍ധിപ്പിച്ചു.

റെയില്‍വേ സ്റ്റേഷനുകളിലും മറ്റു പൊതു സ്ഥലങ്ങളിലും കൂടുതല്‍ പോലീസുകാരെ വിന്യസിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആഘോഷ വേള കണക്കിലെടുത്ത് പഴുതില്ലാത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. തിരക്കേറിയ മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ദല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ കേന്ദ്ര ഏജന്‍സികളുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

Latest News