VIDEO കോട്ടക്കല്‍ സ്വദേശി മാസങ്ങളായി സൗദിയിലെ തെരുവില്‍; വീഡിയോ പ്രചരിക്കുന്നു

ജിദ്ദ-മലപ്പുറം കോട്ടക്കല്‍ സ്വദേശി മാസങ്ങളായി സൗദിയില്‍ തെരുവില്‍ കഴിയുകയാണെന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
കോട്ടക്കല്‍ കറുകത്താണി സ്വദേശിയായ അബ്ദുറഹ്മാന്‍ എന്നയാള്‍ 15 ദിവസമായി ജിദ്ദ ഷറഫിയ്യയില്‍ തെരുവില്‍ കഴിയുകയാണെന്നാണ് വീഡിയോയില്‍ പറയുന്നത്. നേരത്തെ മക്കയിലും മദീനയിലുമാണ് തങ്ങിയിരുന്നതെന്നും പോലീസ് പരിശോധന ഭയന്നാണ് ജിദ്ദയിലെത്തിയതെന്നും അബ്ദുറഹ്്മാന്‍ പറയുന്നു.
നാട്ടില്‍ ഓട്ടോ ഡ്രൈവറായിരുന്ന ഇദ്ദേഹം സൗദിയില്‍ ടാക്‌സി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.  വണ്ടി അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് 47,700 റിയാല്‍ പിഴയും ക്യാമറ ഫൈനായി 2000 റിയാലുമടക്കം 49,700 റിയാല്‍ അടച്ചാല്‍ മാത്രമേ നാട്ടിലേക്ക് വിടുകയുള്ളൂവെന്ന് പറഞ്ഞ് വണ്ടിയും പാസ്‌പോര്‍ട്ടും കമ്പനി പിടിച്ചുവെച്ചു.
ഇതിനിടയില്‍ പിതാവും അനുജനും മരിച്ചുവെന്നും അബ്ദുറഹ്്മാന്‍ വീഡിയോയില്‍ പറയുന്നു. ജോലി തരപ്പെടുത്താന്‍ സഹായിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. ആളുകള്‍ നല്‍കുന്ന അഞ്ചും പത്തും റിയാല്‍ കൊണ്ട് ഭക്ഷണത്തിനു ബുദ്ധിമുട്ടില്ലെന്നും പറയുന്നു.
കോട്ടക്കല്‍ സ്വദേശികളായ ധാരാളം പേര്‍ ജിദ്ദയിലുണ്ടെന്നും അവര്‍ ഇവിടെയും നാട്ടിലും കാര്യങ്ങള്‍ പഠിച്ച് മുന്‍ കൈ എടുക്കന്നതാണ് നല്ലതെന്നും ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.  

 

Latest News