തിരുവനന്തപുര- വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ വ്യാപകമായ രീതിയിൽ സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് കള്ള പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പലരും യാഥാർത്ഥ്യം മനസിലാക്കാതെ ഇതിന്റെ ഇരയാകുന്നു. ഇത്തരം പ്രചാരണത്തിലൂടെ ജനാധിപത്യത്തെ ക്ഷയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഇതിനെ സംരക്ഷിക്കാനും മതനിരപേക്ഷതയെ ശക്തിപ്പെടുത്താനും നാം ഓരോരുത്തരും തയ്യാറാകണം. കേരളം ഇന്ത്യൻ ജനാധിപത്യത്തിലെ ട്രെൻഡ് സെറ്ററാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഫെസ്റ്റിവൽ ഓൺ ഡെമോക്രസിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിക്ക് മുതൽക്കൂട്ടായ നിരവധി സംഭാവനകൾ കേരളവും കേരള നിയമസഭയും നൽകിയിട്ടുണ്ട്. കൂട്ടുമന്ത്രിസഭ എന്ന ആശയത്തിന് തുടക്കം കുറിച്ചത് കേരളമാണ്. പിന്നീട് മറ്റു പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഈ ആശയം സ്വീകരിക്കുകയുണ്ടായി. നിയമസഭ പാസാക്കുന്നതിനു മുൻപ് ബില്ലുകൾ സബ്ജക്ട് കമ്മിറ്റി പരിശോധിക്കുന്ന രീതിക്ക് തുടക്കം കുറിച്ചതും കേരളമാണ്. പിന്നീടിത് ലോക്സഭയും മറ്റു സംസ്ഥാനങ്ങളിലെ നിയമസഭകളും പിന്തുടർന്നു.
മതനിരപേക്ഷതയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനം. ജനാധിപത്യം ഇല്ലെങ്കിൽ സ്വാതന്ത്ര്യവുമുണ്ടാവില്ല. മതനിരപേക്ഷതയും സമത്വവും വെല്ലുവിളിക്കപ്പെട്ട അവസരങ്ങളിലെല്ലാം ഇന്ത്യൻ ജനത ഇത് കാത്തുസൂക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി നിന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഇത്തരം ശ്രേഷ്ഠത ഇല്ലാതായാൽ ഇന്ത്യ തന്നെ ഇല്ലാതാവും. വിവിധ ഭാഷകളെയും ചിന്തകളെയും സ്വീകരിക്കുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. നാനാത്വത്തിൽ ഏകത്വം എന്ന ആദർശം ആവിർഭവിച്ചതിങ്ങനെയാണ്. ഇന്ത്യൻ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തിയത് ഈ ആദർശമാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനുള്ള പുതിയൊരു രക്ഷാകർതൃത്വം ഫെസ്റ്റിവൽ ഓൺ ഡെമോക്രസി നമുക്ക് പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പിന്നാക്ക സമുദായങ്ങളെ ശാക്തീകരിക്കുന്നതിനായി നിരവധി ശ്രദ്ധേയമായ ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ സ്പെഷ്യൽ കമ്പോണന്റ് പ്ലാനും ട്രൈബൽ സബ് പ്ലാനും നിർത്തലാക്കിയെങ്കിലും കേരളം അവ തുടരുന്നു. അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്ക് ശ്രദ്ധ വേണമെന്നതിനാലാണിത്. ഇത്തരം വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ള പദ്ധതികൾക്കും പരിപാടികൾക്കും പ്രത്യേക പരിഗണന ഇതിലൂടെ ലഭിക്കുന്നു. എസ്. സി, എസ്. ടി വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതത്തേക്കാൾ കൂടുതൽ വിഹിതം കേരളം അനുവദിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ കേരളമാണിതിന് തുടക്കമിട്ടത്. മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതൽ വിഹിതം നീക്കി വയ്ക്കുന്നതിലും കേരളം മുന്നിലാണ്. അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്കായി സർക്കാർ സർവീസിൽ പ്രത്യേക റിക്രൂട്ട്മെന്റ് കേരളം നടത്തുന്നുണ്ട്.
സമൂഹ്യ സമത്വം ഉറപ്പു വരുത്തുന്നതിന് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ശാന്തിമാരായി നിയമിച്ചു. നീതിയും സമത്വവും ഉറപ്പാക്കുന്നതിന് കേരളം ജനാധിപത്യത്തെ വിജയകരമായി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓരോ ഭരണ നടപടികളിലും ജനാധിപത്യ മൂല്യങ്ങളും ധാർമികതയും പ്രതിഫലിക്കുമ്പോൾ മാത്രമേ ജനാധിപത്യപരമായ ഒരു സർക്കാരിന്റെ സാന്നിധ്യം ജനങ്ങൾക്ക് അനുഭവപ്പെടുകയുള്ളൂ എന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജനാധിപത്യമെന്നത് കേവലം രാഷ്ട്രീയ വ്യവസ്ഥിതിയുടെ നിയോജകമണ്ഡലപരമായ ഒരു രൂപം മാത്രമല്ല. പാർലമെന്റും സംസ്ഥാന നിയമസഭകളും ജനങ്ങളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുഗുണമായ നിയമനിർമാണം നിർവഹിക്കണം. അത്തരം നിയമനിർമാണം നിർവഹിക്കപ്പെടുമ്പോൾ തന്നെ ജനങ്ങളുടെ ആഗ്രഹങ്ങളെ കണക്കിലെടുത്തിട്ടുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം. ജനാധിപത്യ ഉൽസവ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള പട്ടികജാതി, പട്ടിക വർഗ വിഭാഗം നേടിരുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചാ സമ്മേളനങ്ങൾ ഈ വിഷയത്തിൽ പുതിയ ദിശാബോധം പകരുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമങ്ങൾ നിരവധി ഉണ്ടെങ്കിലും പിന്നാക്ക വിഭാഗങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടവരും രാജ്യത്ത് പല തരത്തിലുമുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നതെന്ന് പട്ടികജാതി പട്ടിക വർഗവകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന ഈവിഭാഗത്തിന്റെ ഉന്നമനത്തിന് ഭരണഘടന അവർക്ക് പല അവകാശങ്ങളും ഉറപ്പുനൽകുന്നുണ്ട്. അത് സംരക്ഷിക്കാൻ ഈ രംഗത്തുള്ളവരെല്ലാം ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ട സമയാണിത്. സംസ്ഥാന സർക്കാർ പിന്നാക്ക ക്ഷേമത്തിനായി നിരവധി ദ്ധതികളാണ്നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കർ വി. ശശി എന്നിവരും സംസാരിച്ചു.






