Sorry, you need to enable JavaScript to visit this website.

വടകരയിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; ഒരാൾ രക്ഷപ്പെട്ടു

(വടകര) കോഴിക്കോട് - മീൻ പിടിക്കുന്നതിനിടെ ഫൈബർ ബോട്ട് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മാഹി കനാലിന്റെ ഭാഗമായ വടകര തേക്കണ്ടി കനാലിൽ ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വടകര ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ്(17), ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അഭിമന്യു(17) നീന്തി രക്ഷപ്പെട്ടു. 
 അപകട വിവരം കരയിലെത്താൻ വൈകിയത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ബോട്ട് മറിഞ്ഞപ്പോൾ ആദിദേവും ആദി കൃഷ്ണനും പായലിൽ കുടുങ്ങി മുങ്ങുകയായിരുന്നു. നീന്തി കരയിലെത്തിയ അഭിമന്യു പറഞ്ഞതനുസരിച്ചാണ് നാട്ടുകാർ വിവരം അറിഞ്ഞതും ഇരുവരെയും പുറത്തെടുത്തതും. തുടർന്ന് ഇരുവരെയും വടകരയിലെയും തിരുവള്ളൂരിലെയും ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് പറഞ്ഞു.

Latest News