മഹുവ മൊയ്ത്രയുടെ അപേക്ഷ ലോകസഭാ എത്തിക്‌സ് കമ്മറ്റി തള്ളി, നവംബര്‍ രണ്ടിന് തന്നെ ഹാജരാകണം

ന്യൂദല്‍ഹി - ലോകസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന തൃണമൂല്‍ എം പി മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് തന്നെ ഹാജരാകണമെന്ന് ലോകസഭയിലെ എത്തിക്‌സ് കമ്മിറ്റി. എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മഹുവ മൊയ്ത്ര അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതാണ് എത്തിക്‌സ് കമ്മറ്റി തള്ളിയത്. നവംബര്‍ നാല് വരെ തന്റെ മണ്ഡലത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മഹുവ സമയം ആവശ്യപ്പെട്ടത്. തനിക്കെതിരായ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയെയും ചോദ്യം ചെയ്യണമെന്ന് പാനല്‍ ചെയര്‍പേഴ്‌സണ്‍ വിനോദ് സോങ്കറിന് അയച്ച കത്തില്‍ മഹുവ ആവശ്യപ്പെട്ടു.  കമ്മിറ്റിക്ക് മുമ്പാകെ ഹിരാനന്ദാനി ഹാജരാകണമെന്നും അദ്ദേഹം തനിക്ക് നല്‍കിയതായി ആരോപിക്കപ്പെടുന്ന സമ്മാനങ്ങളുടെയും ആനുകൂല്യങ്ങളുടെയും വിശദമായ പരിശോധിച്ചുറപ്പിച്ച ലിസ്റ്റ് നല്‍കണമെന്നും അവര്‍ പറഞ്ഞു. ലോകസഭയില്‍  ചോദ്യങ്ങള്‍ ചോദിക്കാന്‍ മൊയ്ത്ര ഒരു വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ബി ജെ പി എം പി നിഷികാന്ത് ദുബെയുടെ ആരോപണത്തിന് പിന്നാലെയാണ് വിവാദം പൊട്ടിപുറപ്പെട്ടത്.

 

Latest News