റിയാദ്- അന്താരാഷ്ട്ര നയതന്ത്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സൗദി അറേബ്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടുവെന്ന കാരണത്താല്‍ കനഡയുമായുള്ള പുതിയ വാണിജ്യ കരാറുകളെല്ലാം റദ്ദാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
നയതന്ത്രബന്ധം വിഛേദിക്കുന്നതിന്റെ ഭാഗമായി കനേഡിയന്‍ അംബാസഡറോട് 24 മണിക്കൂറിനകം രാജ്യം വിടാനും ആവശ്യപ്പെട്ടു. കനഡയിലെ സൗദി അംബാസഡര്‍ നായിഫ് ബിന്‍ ബന്ദര്‍ അല്‍സുദൈരിയെ തിരിച്ചുവിളിച്ചിട്ടുമുണ്ട്.
സൗദിയില്‍ അറസ്റ്റിലായ വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡയിന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയതിനെ തുടര്‍ന്നാണ് നടപടി.
നിഷേധാത്കമവും അതിശയോക്തി ഉളവാക്കുന്നതുമായ കനഡയുടെ നിലപാട് തീര്‍ത്തും തെറ്റാണെന്ന് സൗദി വിദേശമന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യത്തെ നിയമസംവിധാനം പരിപാലിക്കുന്നതിന് ചുമതലയുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസാണ് വനിതാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. അറസ്റ്റിലായവരുടെ നിയമപരമായ അവകാശങ്ങള്‍ അന്വേഷണത്തിനും വിചാരണ വേളയിലും പരിരക്ഷിക്കുന്ന നിയമവ്യവസ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളതെന്നും മന്ത്രാലയം വിശദമാക്കി.
സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള കൃത്യമായ കടന്നുകയറ്റമാണ് കനഡയുടെ പ്രസ്താവന. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങള്‍ക്ക് പോലും കനഡയുടെ നിലപാട് വിരുദ്ധമാണ്. സൗദി അറേബ്യയുടെ നിയമവ്യവസ്ഥയിലേക്കും ജുഡീഷ്യല്‍ സംവിധാനത്തിലേക്കുമുള്ള ലജ്ജാകരവും അസ്വീകാര്യവുമായ കടന്നുകയറ്റമാണ് ഇത്. രാജ്യത്തിന്റെ ദീര്‍ഘകാല ചരിത്രത്തില്‍ ഇന്നോളം സൗദി അറേബ്യ, ആഭ്യന്തരകാര്യങ്ങളില്‍ കൈകടത്താനോ വിധി പ്രസ്താവം നടത്തുന്നതിനോ ഒരിക്കലും ഒരു രാജ്യത്തിനെയും അനുവദിച്ചിട്ടില്ല, ഇനി അനുവദിക്കുകയുമില്ല- വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.