ഗാസ- ഗാസയില്‍ ഇസ്രായില്‍ കരയുദ്ധം വ്യാപിപ്പിക്കുകയാണെന്ന് സൈനിക വക്താവ് ഡാനിയല്‍ ഹഗാരി. ഗാസയിലെ ഇസ്രായേല്‍ ഗ്രൗണ്ട് ഓപ്പറേഷന്‍ വിപുലീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു, ഗാസയില്‍ ബോംബിംഗ് രാത്രിയും ശക്തമായി തുടരുകയാണ്.
ഇസ്രായില്‍ വ്യോമാക്രമണം തുടരുന്നുണ്ടെങ്കിലും ഗാസ സിറ്റിയിലെ നിവാസികള്‍ തെക്കോട്ട് നീങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ടെല്‍ അവീവിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു. ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ്, 'സിവിലിയന്മാര്‍ക്കെതിരെ നടത്തിയ സയണിസ്റ്റ് കൂട്ടക്കൊലകള്‍ക്ക് മറുപടിയായി' ടെല്‍ അവീവിലേക്ക് റോക്കറ്റുകള്‍ തൊടുത്തതായി ടെലിഗ്രാം ആപ്പിലൂടെ അറിയിച്ചു.
ഗാസയിലുടനീളമുള്ള വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ ബോംബാക്രമണം ശക്തമാക്കുകയും ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ എന്നിവ തകരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രസ്താവന.