81 കപ്പലുകൾ വരുന്നു; ആയിരക്കണക്കിന് സന്ദര്‍ശകരെ സ്വാഗതം ചെയ്യാനൊരുങ്ങി പഴയ ദോഹ തുറമുഖം

ദോഹ-ഖത്തറില്‍ പുതിയ ക്രൂയിസ് സീസണ്‍ ആരംഭിക്കാനിരിക്കെ, ആയിരക്കണക്കിന് സന്ദര്‍ശകരെ സ്വാഗതം ചെയ്യാനൊരുങ്ങി പഴയ ദോഹ തുറമുഖം. ശനിയാഴ്ച രാവിലെ ഏഴു മണിക്ക് ആദ്യത്തെ കപ്പലായ ക്രിസ്റ്റല്‍ സിംഫണിയെത്തുന്നതോടെയാണ് ഈ വര്‍ഷത്തെ  ക്രൂയിസ് സീസണ്‍ ആരംഭിക്കുക.

2023-24 ക്രൂയിസ് സീസണില്‍ മൊത്തം 81 ക്രൂയിസുകള്‍ പഴയ ദോഹ തുറമുഖത്ത് ഡോക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍  എട്ട് കപ്പലുകള്‍ ഖത്തറിലേക്ക് ആദ്യമായി വരുന്ന കപ്പലുകളാണ് . ഖത്തര്‍ പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തര്‍ ഓരോ ക്രൂയിസും ദോഹയില്‍ എത്തിച്ചേരുന്ന സമയവും മറ്റു  വിശദാംശങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

2022 ഡിസംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ നടന്ന കഴിഞ്ഞ വര്‍ഷത്തെ ക്രൂയിസ് സീസണില്‍  2,53,191 ക്രൂയിസ് സന്ദര്‍ശകരാണ് രാജ്യത്തെത്തിയത്.

Latest News