സ്വകാര്യതയെ വലിയ രീതിയിൽ സംരക്ഷിക്കാൻ സഹായകമാകുമെന്ന് കരുതുന്ന പുതിയൊരു ഫീച്ചറിന്റെ പണിപ്പുരയിലാണ് ഗൂഗിൾ. ക്രോമിൽ ഐ.പി പ്രൊട്ടക്ഷൻ ഫീച്ചറാണ് ഗൂഗിൾ തയാറാക്കുന്നത്. ഇതോടെ ക്രോം കൂടുതൽ മെച്ചപ്പെട്ട ബ്രൗസറായി മാറും. തങ്ങളുടേത് ഇപ്പോൾ തന്നെ മികച്ച ബ്രൗസറാണെന്നും അത് കൂടുതൽ മികച്ചതാക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.
ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റ ഭീഷണി നേരിട്ടുകൊണ്ടിരിക്കേ ക്രോമിൽ കൂട്ടിച്ചേർക്കുന്ന ഫീച്ചർ വലിയ സുരക്ഷ ഉത്തേജനമാണ് നൽകുകയെന്ന് ബ്ലീപിംഗ് കംപ്യൂട്ടർ റിപ്പോർട്ടിൽ പറയുന്നു.
നിങ്ങളുടെ ഇന്റർനെറ്റ് ട്രാഫിക്കിനെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രോക്സി സെർവർ വഴി നയിക്കുമെന്നും ഇത് നിങ്ങളുടെ ഐപി അഡ്രസ് അവ്യക്തമാക്കാൻ സഹായിക്കുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇതോടെ നിങ്ങൾ ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ ട്രാക്ക് ചെയ്യുക വളരെ ബുദ്ധിമുട്ടാകും. ഭാവിയിൽ, നിങ്ങളുടെ ഐ.പി അഡ്രസ് കൂടുതൽ മറയ്ക്കുന്ന രണ്ട് പ്രോക്സികൾ വഴി നിങ്ങളുടെ ട്രാഫിക്കിനെ നയിക്കാനും ഗൂഗിൾ ആലോചിക്കുന്നു.
വെബിൽ ഉടനീളം നിങ്ങളെ ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ് ഐ.പി അഡ്രസ്. നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകളെ അടിസ്ഥാനമാക്കി നിങ്ങളുടെ പ്രൊഫൈൽ നിർമിക്കാൻ കമ്പനികൾക്കും ഡാറ്റാ ബ്രോക്കർമാർക്കും സാധിക്കുന്നു. ഇത് നിങ്ങളെ കൂടുതൽ ടാർഗറ്റ് ചെയ്യാനും ട്രാക്ക് ചെയ്യാനും ഉപയോഗിക്കാം. നിങ്ങളുടെ സ്വകാര്യതക്ക് ദോഷകരമാകുന്ന ഇത്തരം ശ്രമങ്ങളെയാണ് ഗൂഗിളിന്റെ ഐ.പി പരിരക്ഷ ചെറുക്കുക.
പുതിയ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണെന്നും അതിന്റെ പുരോഗതിയും ഫലപ്രാപ്തിയും വിശകലനം ചെയ്യുമ്പോൾ തന്നെ ഗൂഗിൾ പരിമിത തോതിൽ ഘട്ടംഘട്ടമായി പുറത്തിറക്കും. പരീക്ഷണത്തിനായാൽ പോലും എപ്പോൾ മുതൽ ഇത് ലഭിച്ചുതുടങ്ങുമെന്നതിനെ കുറിച്ച് നിലവിൽ സൂചനകളില്ല.