ഏഷ്യ പസഫിക് മേഖലയിൽ സർക്കാർ ഓഫീസുകളിൽനിന്നടക്കം തന്ത്രപ്രധാന വിവരങ്ങൾ ചോർത്താൻ ശേഷിയുള്ള പുതിയ വൈറസ് വ്യാപിക്കുന്നതായി ഗവേഷകർ. സുരക്ഷിതമെന്ന് കരുതുന്ന യു.എസ്.ബി ഡ്രൈവുകൾ വഴി ഡാറ്റ ചോർത്തുന്ന ടെട്രിസ്ഫാന്റം എന്ന അത്യാധുനിക മാൽവെയർ കാസ്‌പെർസ്‌കിയിലെ സൈബർ സുരക്ഷ ഗവേഷകരാണ് കണ്ടെത്തിയത്.
സുരക്ഷിത യു.എസ്.ബി ഡ്രൈവുകൾക്ക് ഒരു എൻക്രിപ്റ്റ് ചെയ്ത പാർട്ടീഷനുണ്ട്. യുടെട്രിസ് പോലുള്ള പ്രത്യേക സോഫ്റ്റ് വെയറുകൾ വഴി പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ ഇതിലെ ഫയലുകൾ ആക്‌സസ് ചെയ്യാൻ കഴിയൂ. സാധാരണയായി സിസ്റ്റങ്ങൾക്കിടയിൽ സുരക്ഷിതമായി ഡാറ്റ കൈമാറാൻ ഉപയോഗിക്കുന്നതാണ് ഈ രീതി.
ഇപ്പോൾ യുടെട്രിസിന്റെ വൈറസ് ബാധിത ട്രോജനൈസ്ഡ് പതിപ്പാണ് ഗവേഷകർ കണ്ടെത്തിയത്. കുറച്ച് വർഷങ്ങളായി ഇത് നിർബാധം പ്രവർത്തിക്കുന്നുണ്ടെന്നാണ് അവർ ഊഹിക്കുന്നത്. സങ്കീർണമായ ഉപകരണങ്ങളും സാങ്കേതിക വിദ്യകളുമാണ് ഡാറ്റ ചോർത്താനുള്ള ആക്രമണത്തിൽ ഉപയോഗിക്കുന്നത്. പുതിയ മെഷീനിൽ വൈറസ് എത്തിക്കുന്നതിനുള്ള ലോഡറായി യുഎസ്ബി ഡ്രൈവ് പ്രവർത്തിക്കുമെന്നും നിയമാനുസൃതമായ ആക്‌സസ് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് കോഡ് കടത്തിവിടുമെന്നും കാസ്‌പെർസ്‌കി പുറത്തിറക്കിയ സാങ്കേതിക കുറിപ്പിൽ പറഞ്ഞു.