Sorry, you need to enable JavaScript to visit this website.

സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; ബസ് സമരം അനാവശ്യമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം - ബസ് സമരം അനാവശ്യമാണെന്നും സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സമരത്തെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത കണ്ട അറിവ് മാത്രമാണ് തനിക്കുള്ളത്. വിദ്യാർത്ഥി യാത്രാ ഇളവ് പഠിക്കാൻ കമ്മിറ്റി ഉണ്ട്. സീറ്റ് ബെൽറ്റ് ഇപ്പോൾ സർക്കാർ തീരുമാനിച്ചതല്ല. നേരത്തെ ഉള്ള നിയമമാണ്. അത് നടപ്പാക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
 ഈ മാസം 31ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ സ്വകാര്യ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എ.ഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണ്. 1994 മുതൽ നിലവിലുള്ള കേന്ദ്ര നിയമമാണിത്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ടുമാസം സമയം നീട്ടി നൽകിയതാണ്. മാത്രവുമല്ല, ബസുകളിൽ ക്യാമറ വേണമെന്നത് ബസുടമകൾ തന്നെ ആവശ്യപ്പെട്ട കാര്യവുമാണ്. അതിന് ആദ്യം രണ്ടുമാസം സമയം തേടിയപ്പോൾ അത് നൽകി. വീണ്ടും ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടാനില്ലെന്ന് പറഞ്ഞ് 7-8 മാസം അധിക സമയം നൽകി. ഇപ്പോൾ അവിചാരിതമായി അവർ തന്നെ സമരം പ്രഖ്യാപിക്കുന്നു. 
 ക്യാമറ വെക്കണമെന്ന നിർദ്ദേശം ഉയർന്നത് ബസ് ജീവനക്കാരെ കള്ളക്കേസിൽ പെടുത്തുന്നുവെന്ന പരാതിയെ തുടർന്നാണ്. ക്യാമറകളിലൂടെ അപകടങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താനാവുന്നുണ്ട്. സ്വിഫ്റ്റ് ബസുകളിൽ ക്യാമറ ദൃശ്യങ്ങൾ വഴി അപകടങ്ങളിൽ ആരുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്താൻ കഴിയുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
നവംബർ 1 മുതൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റിന് വരുന്ന ബസുകളിൽ ക്യാമറ ഘടിപ്പിക്കണം എന്ന നിലയിലേക്ക് സർക്കാർ ഉത്തരവ് പുതുക്കണമെന്ന ഒരാവശ്യം ബസുടമകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യം സർക്കാർ ആലോചിക്കും. സംസ്ഥാനത്ത് 846 കുട്ടികളാണ് അതിദരിദ്ര വിഭാഗത്തിലുള്ളത്. ഇവർക്ക് സൗജന്യ യാത്ര നൽകാൻ ബസ് ഉടമകൾ തയ്യാറുണ്ടോ. ബസുടമകൾക്ക് സാമൂഹ്യ പ്രതിബദ്ധതയുണ്ടെങ്കിൽ അത് നടപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
 വിദ്യാർത്ഥികളുടെ കൺസഷൻ തുക വർധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സമരപ്രഖ്യാപനം. സമരത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ നവംബർ 23 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നാണ് ബസ് ഉടമകൾ പറയുന്നത്. 
 

Latest News