മഞ്ചേശ്വരം- കാസര്‍കോട് ഉപ്പളയില്‍ സി.പി.എം പ്രവര്ത്തകന് സോങ്കാല്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ(21) കുത്തിക്കൊലപ്പെടുത്തിയത് ബൈക്കുകളിലെത്തിയ നാലംഗ സംഘമെന്ന് പോലീസ്. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നും കുത്തിയത് സോങ്കാല്‍ സ്വദേശി അശ്വിതാണെന്നും പോലീസ് പറയുന്നു. ആര്.എസ്.എസ് പ്രവര്‍ത്തകരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് സി.പി.എം ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷം ഹര്‍ത്താലിന് സി.പി.എം ആഹ്വാനം ചെയ്തു.
അക്രമികള്‍ സഞ്ചരിച്ച ബൈക്കുകളിലൊന്ന് കൊലനടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സോങ്കാലിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദീഖ്. ഞായറാഴ്ച രാത്രി 11 മണിയോടെ കുത്തേറ്റ സിദ്ദീഖിനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാസര്‍കോട് ഡിവൈ.എസ്.പി എം.വി.സുകുമാരന്‍, കുമ്പള സി.ഐ പ്രേംസദന് എന്നിവരുടെ നേത്രത്വത്തില്‍ പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന നടത്തുന്നുണ്ട്.






