ചരിത്രത്തിൽ ഇടം പിടിക്കുന്ന മോണിക്ക: ഒരു എ.ഐ സ്റ്റോറി

ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പ്രമേയമായുള്ള ചിത്രമാണ് മലയാളത്തിൽ ഉടൻ പുറത്തിറങ്ങുന്ന 'മോണിക്ക: ഒരു എ.ഐ സ്‌റ്റോറി'. ഇന്ത്യയുടെ എ.ഐ സംബന്ധമായ ഔദ്യോഗിക വെബ്‌സൈറ്റിൽ (Indiaai.gov.in) സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഈ വിവരം രേഖപ്പെടുത്തിക്കഴിഞ്ഞു.
'മോണിക്ക: ഒരു എ.ഐ സ്റ്റോറി  റിലീസ് ചെയ്യുന്നതോടെ, നൂതനമായ കഥ പറച്ചിലിനും ആകർഷകമായ ചിത്രീകരണത്തിനും  പേരുകേട്ട മലയാള ചലച്ചിത്ര വ്യവസായം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണെന്നാണ് വെബ്‌സൈറ്റിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 


ഇ.എം അഷ്‌റഫ് സംവിധാനം ചെയ്ത, മോണിക്ക: ഒരു എ.ഐ സ്റ്റോറിയിൽ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എ.ജെ.ഐ) കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമേരിക്കയിൽ ജനിച്ച സോഷ്യൽ മീഡിയ സ്വാധീനവും സംരംഭകയുമായ അപർണ മൾബറിയാണ്. എ.ജെ.ഐ റോബോട്ടുകൾ ഒരു ഫ്യൂച്ചറിസ്റ്റിക് ആശയമാണ്. അവരുടെ മനുഷ്യസമാന കഴിവുകൾ പരമ്പരാഗത എ.ഐ റോബോട്ടുകളിൽ നിന്ന് അവരെ വേർതിരിക്കുന്നുവെന്നും വെബ്‌സൈറ്റിൽ പറയുന്നു. പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സിനിമക്ക് ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് നിർമാതാവ് മൻസൂർ പള്ളൂർ പറഞ്ഞു. നിർമാതാവും സംവിധായകനും ചേർന്നാണ് തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. ക്യാമറ സജിഷ് രാജ്.
പ്രഭാ വർമ എഴുതിയ വരികൾ യൂനിസിയോയുടെ സംഗീതത്തിൽ നജീം അർഷാദും യർബാഷ് ബച്ചുവും ആലപിച്ചിരിക്കുന്നു. രാജു ജോർജ് എഴുതിയ ഇംഗ്ലീഷ് ഗാനം പാടിയിരിക്കുന്നതും ബാല ഗായകൻ യർബാഷ് ബച്ചുവാണ്. റോണി റാഫേലിന്റെ മാസ്മരിക സംഗീതം പശ്ചാത്തലത്തിന് കൂടുതൽ വൈകാരികത നൽകുന്നു. ചിത്രത്തിന്റെ പ്രൊ മോഷൻ സോംഗ് എഴുതിയത് നിർമാതാവ് മൻസൂർ പള്ളൂരാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നതാവട്ടെ മലയാളിയല്ലാത്ത അപർണ മൾബറി.
പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട്, മാളികപ്പുറം ഫെയിം ശ്രീപദ്, സിനി എബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത തുടങ്ങിയ അഭിനേതാക്കളോടൊപ്പം സംവിധായകൻ ഇ.എം. അഷ്‌റഫും മൻസൂർ പള്ളൂരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷൈജു ദേവദാസാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ഹരി ജി. നായർ എഡിറ്റിംഗ്, കലാ സംധാനം ഹരിദാസ് ബാക്കുളവും വിഎഫ്എക്‌സ് വിജേഷ് സിയുമാണ്. സുബിൻ എടപ്പകം സഹനിർമാതാവും കെ.പി. ശ്രീശൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

Latest News