മൂന്നാമത് റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ ജൂറി അധ്യക്ഷനായി ബാസ്ലുഹ്ർമാനെ തെരഞ്ഞെടുത്തു
വിശ്വ സിനിമകളുടെ വിസ്മയ ജാലകം തുറക്കുകയായി. ദൃശ്യചാരുതയുടെ മഹോത്സവത്തിന് ഇനി മുപ്പത്തഞ്ച് നാൾ. ജിദ്ദയിലെ ചെങ്കടലോരത്ത് ചലച്ചിത്രോൽസവത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. റിറ്റ്സ് കാൾട്ടൺ ഹോട്ടലിലും പുറത്തുമായി പത്ത് നാൾ നീണ്ടുനിൽക്കുന്ന റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാമത് എഡിഷന് നവംബർ മുപ്പതിന് കൊടിയേറും. പ്രമുഖ ഓസ്ട്രേലിയൻ സംവിധായകൻ ബാസ്ലുഹ്ർമാനാണ് ഇത്തവണ സിനിമകളുടെ വിധികർത്താവ്. എഴുത്തുകാരൻ, നിർമാതാവ് എന്ന നിലകളിലും പ്രസിദ്ധനാണ് ഈ ലോക സിനിമ പ്രതിഭ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എൽവിസ് എന്ന പ്രശസ്ത സിനിമയിലൂടെ വിഖ്യാതനാണ് ബാസ്ലുഹ്ർമാൻ. ഒലിവർ സ്റ്റോണായിരുന്നു കഴിഞ്ഞ വർഷത്തെ ജൂറി അധ്യക്ഷൻ. കാലം കാത്തു വെച്ച ചലച്ചിത്ര സംസ്കാരവും നവീനമായ അറേബ്യൻ ദൃശ്യസൗന്ദര്യവുമെന്ന് റെഡ്സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
സിനിമ പ്രദർശനത്തോടൊപ്പം സിനിമയുടെ ഭാവുകത്വത്തെക്കുറിച്ചറിയാനുള്ള സദസ്സുകളും സംവാദങ്ങളും ശിൽപശാലകളും ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു. സൗദിയിൽ നിന്നുള്ള സിനിമകളും അറബ്, ആഫ്രിക്കൻ, ഏഷ്യൻ സിനിമകളും പുതിയ തലമുറയെ പരിചയപ്പെടുത്തും. ടൊറോന്റോ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചില സിനിമകളുടെ പഠനവും പ്ലാൻ ചെയ്യുന്നുണ്ട്. സിനിമക്ക് വേണ്ടി സംഗീതം എങ്ങനെ ചിട്ടപ്പെടുത്താമെന്ന് പരിശീലിപ്പിക്കുന്ന മ്യൂസിക് ഫോർ ഫിലിം, ഏഴ് ദിവസം നീണ്ടുനിൽക്കുന്ന സംഗീത പരിപാടിക്കൊപ്പമുണ്ടാകും. ആഗോള പുരസ്കാരം നേടിയ ചലച്ചിത്ര സംഗീത സംവിധായകരുടെ സാന്നിധ്യവും സംഗീത പരിപാടിയെ സവിശേഷമാക്കും.

ജൂറി അധ്യക്ഷനായ ബാസ്ലുഹ്ർമാൻ
നവംബർ 30 മുതൽ ഡിസംബർ ഒമ്പത് വരെയാണ് ഫിലിം ഫെസ്റ്റിവൽ. കഴിഞ്ഞ വർഷം 66 രാജ്യങ്ങളിൽ നിന്നുള്ള 143 സിനിമകളാണ് പ്രദർശിപ്പിച്ചത്. ഇത്തവണയും ഇതേ മാനദണ്ഡമനുസരിച്ചായിരിക്കും സിനിമകളുടെ തെരഞ്ഞെടുപ്പ്. രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ മൊത്തം 39,410 പ്രേക്ഷകരാണ് പങ്കാളികളായത്. പുറമെ ഇന്ത്യയിൽ നിന്നുൾപ്പെടെ 4345 ചലച്ചിത്ര പ്രവർത്തകരും ഫെസ്റ്റിവലുമായി സജീവമായി സഹകരിച്ചു. ഏഴ് സൗദി ഫീച്ചർ ഫിലിമുകളും പതിനാറ് ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു. പ്രമുഖ ഇംഗ്ലീഷ് സംവിധായകൻ ഗയ് റിച്ചി, അമേരിക്കൻ നടി ഷാരോൺ സ്റ്റോൺ എന്നിവരുടെ സാന്നിധ്യവും റെഡ്സീ ഫിലിം ഫെസ്റ്റിവലിനെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. അഹമ്മദ് യാസീൻ അൽ ദറാദ്ജി സംവിധാനം ചെയ്ത ഹാംഗിംഗ് ഗാർഡൻസാണ് മികച്ച സൗദി സിനിമക്കുള്ള പുരസ്കാരം നേടിയത്. ഇത്തവണയും മികച്ച ലോക സിനിമക്കുള്ള ഗോൾഡൻ യുസ്ര് അവാർഡായിരിക്കും മേളയിലെ പ്രധാന ആകർഷണം. ഹോളിവുഡിൽ നിന്നുള്ള പ്രമുഖ സിനിമകളും മൽസരത്തിൽ മാറ്റുരയ്ക്കും. ബോളിവുഡ് നടീനടന്മാരുടെ സാന്നിധ്യവും ശ്രദ്ധേയമായിരിക്കും.
ചലച്ചിത്രോൽസവത്തിന്റെ ഭാഗമായി റെഡ് സീ സൂഖ് എന്ന പേരിലുള്ള പ്രദർശനം കലയുടെയും സംസ്കാരത്തിന്റെയും മേഖലയിൽ സൗദി അറേബ്യ നൽകിയ സംഭാവനകളുടെ സമുച്ചയമായിരിക്കുമെന്ന് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ സി.ഇ.ഒ മുഹമ്മദ് അൽ തുർക്കി പ്രസ്താവിച്ചു.
റെഡ്സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ അറബ് ആഫ്രിക്കൻ ഇംഗ്ലീഷ് ഇന്ത്യൻ സിനിമകളുടെ ഉൽസവമായിരിക്കും. കാലം കാത്തുവെച്ച ചലച്ചിത്ര സംസ്കാരത്തിന്റെ കൊടിയടയാളമാണ് മൂന്നാമത് അന്താരാഷ്ട്ര റെഡ്സീ ഫിലിം ഫെസ്റ്റിവലെന്ന് ബാസ്ലുർഹ്മാൻ അഭിപ്രായപ്പെട്ടു. സൗദിയെക്കുറിച്ച് പടിഞ്ഞാറൻ ലോകം പുലർത്തിപ്പോരുന്ന ഗതകാല മിഥ്യകളെ അടിമുടി പൊളിക്കാനും ആധുനിക ദൃശ്യസംസ്കാരത്തിന്റെ പുതിയ ഭാഷയും വ്യാകരണവും എത്രമേൽ സൗന്ദര്യാത്മകമാക്കാമെന്ന് തെളിയിക്കാനും ഫിലിം ഫെസ്റ്റിവൽ സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഹാംഗിംഗ് ഗാർഡൻസ് എന്ന ചിത്രത്തിൽനിന്ന്
രണ്ടാമത് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിനത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനെയും ഈജിപ്ഷ്യൻ നടി യുസ്റയേയും ആദരിച്ചിരുന്നു. സംഗീത മാന്ത്രികൻ എ.ആർ. റഹ്മാന്റെ സാന്നിധ്യവും അന്ന് ശ്രദ്ധേയമായി. പുറമെ അക്ഷയ് കുമാർ, ശേഖർ കപൂർ, രൺബീർ സിംഗ്, ദീപിക പദുകോൺ, പാക് നടി സജാൽ അലി എന്നിവരും പങ്കെടുത്തു. ഇത്തവണ ഇന്ത്യയിൽ നിന്നെത്തുന്ന താരങ്ങളുടെ വിവരം ഉടൻ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം ശേഖർ കപൂറിന്റെ വാട്ട്സ് ലൗ ഗോട്ട് ഡു വിത്ത് ഇറ്റ് എന്ന സിനിമയുടെ പ്രീമിയർ പ്രദർശനവും ഫെസ്റ്റിവലിൽ അരങ്ങേറിയിരുന്നു.

ഹോളിവുഡ് താരം ഷാരോൺ സ്റ്റോൺ കഴിഞ്ഞ തവണത്തെ റെഡ് സീ ഫിലിം ഫെസ്റ്റിവലിന് എത്തിയപ്പോൾ (ഫയൽ)
ഫിലിം ഈസ് എവരിതിംഗ് അഥവാ സിനിമയാണ് സർവം എന്ന ടൈറ്റിലാണ് രണ്ടാം എഡിഷന് നൽകിയിരുന്നത്. വേവ് ഓഫ് ചെയ്ഞ്ച് എന്നായിരുന്നു ഒന്നാം എഡിഷന്റെ ശീർഷകംദ മെസേജ്, ലയൺ ഓഫ് ദ ഡെസേർട്ട് (ലിബിയൻ സ്വാതന്ത്ര്യ സമര പോരാളി ഒമർ മുഖ്താറിനെക്കുറിച്ചുള്ള ചിത്രം) എന്നീ ലോകോത്തര സിനിമകളിലൂടെ പ്രശസ്തനായ മുസ്തഫ അഖാദ് എന്ന സിറിയൻ അമേരിക്കൻ സംവിധായകന്റെ പടങ്ങളും ഇത്തവണ പ്രദർശിപ്പിക്കുന്നുണ്ട്. പതിനേഴ് വർഷം മുമ്പ് ജോർദാൻ തലസ്ഥാനമായ അമ്മാനിൽ ബോംബാക്രമണത്തിൽ മകളോടൊപ്പം കൊല്ലപ്പെട്ട മുസ്തഫ അഖാദിനോടുള്ള ആദരാഞ്ജലി കൂടിയായിരിക്കും അദ്ദേഹത്തിന്റെ ക്ലാസിക് സിനിമകളുടെ അഭ്രാവിഷ്കാരമെന്ന് സംഘാടകർ അറിയിച്ചു. അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമിക്കപ്പെട്ട മനോഹരമായ വോക്സ് തിയേറ്ററുകളിലാണ് ലോകോത്തര ക്ലാസിക്കുകളുടെ അഭ്രാവിഷ്കാരം. കാഴ്ചയുടെ സംസ്കൃതിയിലെ സാമ്പ്രദായിക സങ്കൽപങ്ങൾ പുതുക്കിപ്പണിയുന്ന സൗദിയുടെ സംവേദനങ്ങളിൽ സൗന്ദര്യാത്മകമായ വിപ്ലവത്തിന്റെ ജ്വാലാമുഖമാണ് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ തുറന്നു വെച്ചിട്ടുള്ളത്. സൗദി സാംസ്കാരിക മന്ത്രാലയത്തിന് നന്ദി കാലം അപരിഹാര്യമാക്കിയ പുതിയൊരു ഈസ്തെറ്റിക് ഇമേജിനെ പുണരാൻ വേണ്ടിയുള്ള ത്വരിതവേഗത്തിലുള്ള ഈ പരിവർത്തനം, ലോകസിനിമയുടെ ഭൂപടത്തിലേക്ക് ഈ രാജ്യത്തിന്റെ ചരിത്രപരമായ വിസ്മയക്കുതിപ്പ് മുദ്രണം ചെയ്തുവെച്ചതിന്.






