Sorry, you need to enable JavaScript to visit this website.

സിനിമ തകർക്കാൻ റിവ്യൂ ബോംബിങ്; കൊച്ചിയിൽ ഒമ്പതുപേർക്കെതിരെ പോലീസ് കേസ്

കൊച്ചി- 'റാഹേൽ മകൻ കോര' എന്ന ചിത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ മോശം റിവ്യൂ  പോസ്റ്റ് ചെയ്തതിനെതിരെ കൊച്ചിയിൽ ഒമ്പതു പേർക്കെതിരെ പോലീസ് കേസ്. സംവിധായകൻ ഉബൈനി ഇബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.  സമൂഹമാധ്യമങ്ങളായ യുട്യൂബും ഫേസ്‌ബുക്കും പ്രതിപ്പട്ടികയിലുണ്ട്. റിവ്യൂ ബോംബിങിനെതിരേ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്.

സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്‌ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു വിളിക്കുന്നത്.

'റാഹേൽ മകൻ കോര' എന്ന ചിത്രം ഒക്ടോബർ പതിമൂന്നിനാണ് റിലീസ് ചെയ്തത്. എന്നാൽ ചിത്രം റിലീസ് ആകുന്നതിന് മുമ്പ് ഏഴാം തീയതിയോട് കൂടി തന്നെ ചിത്രം മോശമാണെന്ന തരത്തിൽ റിവ്യൂകൾ വന്നിരുന്നു.

ചിത്രവുമായി ബന്ധപ്പെട്ട് നെഗറ്റീവ് റിവ്യൂ നൽകിയ വിവിധ യൂട്യൂബ് ചാനലുകൾ, ഫേസ്‌ബുക്ക് അക്കൗണ്ടുകൾക്കെതിരേയാണ് സംവിധായകൻ പരാതി നൽകിയിരിക്കുന്നത്. കേസിലെ എട്ടും ഒൻപതും പ്രതികളായ യൂട്യൂബും ഫെയിസ്ബുക്കും മറ്റ് പ്രതികളുടെ കുറ്റകരമായ പ്രവർത്തികൾ പ്രചരിപ്പിക്കുന്നതിന് അനുവാദം നൽകിയതായി എഫ് ഐ ആറിൽ പറയുന്നു.

 തന്റെ സിനിമ റിലീസായി ഒരു മണിക്കൂറാകുമ്പോൾ തന്നെ നെഗറ്റീവ് റിവ്യൂ കൊടുക്കുകയും അതിൽ നിന്ന് വരുമാനം കണ്ടെത്തുകയും ചെയ്യുന്നുണ്ടെന്നും ഇത് മലയാള സിനിമ വ്യവസായത്തെ തകർക്കുന്നതാണെന്നും സംവിധായകൻ ഉബൈനി ഇബ്രാഹിം പറഞ്ഞു.  പ്രതികരിക്കാനാളില്ലെന്ന് കണ്ടാൽ ഇതൊരു തെരുവ് യുദ്ധമായി മാറുമെന്നും സിനിമ റിവ്യൂ ബോംബിങിന് കടിഞ്ഞാണിടണമെന്നും അദ്ദേഹം പറഞ്ഞു.

റിലീസായ ഉടനെ വ്യാപകമായി നെഗറ്റീവ് റിവ്യൂ ഇട്ട് സിനിമകളെ തകർക്കാൻ ശ്രമിക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. സിനിമ നൂറുകണക്കിനാളുകളുടെ ഉപജീവനമാർഗമാണെന്നും ഇത്തരത്തിലുള്ള 'റിവ്യൂ ബോംബിങ്' അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി പരാമർശിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന പോലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട ഒരു പ്രോട്ടോക്കോളും സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് റിവ്യൂ ബോംബിങ്ങിന്റെ പേരിൽ പോലീസ് കേസെടുത്തിരിക്കുന്നത്.

റിലീസ് ചെയ്ത ഉടൻതന്നെ പുതിയ സിനിമകളെക്കുറിച്ച് നടത്തുന്നത് റിവ്യൂ ബോംബിങ്ങാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്. 'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇത്തരം പ്രവണത നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ വിശദീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.

റിവ്യൂ നൽകി സിനിമയെ തകർക്കാൻ ശ്രമിക്കുന്നതായി സിനിമാക്കാരുടെ പരാതി ലഭിച്ചാൽ പോലീസ് നടപടിയെടുക്കുമെന്നും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി വെക്കുമെന്നും കോടതി അറിയിച്ചിരുന്നു.  ഡിജിപിയെ ഹൈക്കോടതി കേസിൽ കക്ഷി ചേർക്കുകയും ചെയ്തിരുന്നു.

 

Latest News