കിഡ്‌നി രോഗം നേരത്തെ തിരിച്ചറിയാൻ സീക്ക് പദ്ധതിയുമായി കെ.എം.സി.സി

ദോഹ- കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ലാ ഹെൽത്ത് വിംഗ് സീക്ക് (സ്‌ക്രീനിംഗ് ആൻഡ് ഏർലി ഇവാലുവേഷൻ ഓഫ് കിഡ്‌നി ഡിസീസ്) പദ്ധതി പ്രഖ്യാപനവും, കിഡ്‌നി അവബോധ ക്ലാസും സംഘടിപ്പിച്ചു. കിഡ്‌നി രോഗം നേരത്തെ തിരിച്ചറിയാൻസീക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു.
തുമാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ ഡോ.അബ്ദുസ്സമദ് ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും നിർവഹിച്ചു. തുടർ നിരീക്ഷണങ്ങളിലൂടെ ബൃഹത് പദ്ധതിക്ക് രൂപം നൽകുക വഴി ജില്ലാ ഹെൽത്ത് വിംഗ് കമ്മിറ്റിക്ക് പ്രാവാസികളെ ജീവിത ശൈലി രോഗങ്ങളിൽ നിന്നും കിഡ്‌നി ഫെയ്‌ലർ പോലുളള രോഗങ്ങളിൽ നിന്നും അകറ്റി അവർക്ക് ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
ശാദുലി കോറോത്തിന്റെ ഖിറാഅത്തോട് കൂടി തുടങ്ങിയ പരിപാടിയിൽ അലി വലകെട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.ടി കുഞ്ഞമ്മദ്, ജനറൽ സെക്രട്ടറി അതീഖ് റഹ് മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീക്ക് പദ്ധതി വിശദീകരിച്ചു കൊണ്ട് ഡോ.നവാസ് സംസാരിച്ചു. പദ്ധതി വിശദീകരിച്ചു കൊണ്ടുള്ള പവർ പോയിന്റ് അവതരണം നിസാർ ചെറുവത്ത് നിർവഹിച്ചു.
ഖത്തറിലെ പ്രവാസി സമൂഹത്തിനിടയിൽ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന വരുമാനത്തിൽ ജോലി ചെയ്യുന്നവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ ചെലുത്തുകയും അവശ്യാനുസരണം തുടർ ചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ടത്തിൽ വൃക്ക സംബന്ധമായ പരിശോധനകൾക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ പഞ്ചായത്ത്, മണ്ഡലം, ജില്ലാ കോർഡിനേറ്റർമാരെയും അനുബന്ധ ഹെൽത്ത് കോർഡിനേറ്റർമാരെയും ചുമതലപ്പെടുത്തി. കിഡ്‌നി രോഗികളെ കണ്ടെത്തി അവർക്ക് വേണ്ട നിർദേശങ്ങളും പരിശോധനനകളും നടത്തി രോഗം നേരത്തെ തന്നെ നിർണയിക്കാനും ചികിത്സിക്കാനും അവർക്ക് സഹായമാകുന്നു.
ചടങ്ങിൽ ഹമദ് ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും കെ.എം.സി.സി സംസ്ഥാന ഹെൽത്ത് വിംഗ് ചെയർമാനുമായ ഡോ.ഷെഫീഖ് താപ്പി 'കല്ലും മുള്ളും നിറഞ്ഞ ആരോഗ്യ പാതയിലൂടെ ഒരു യാത്ര' എന്ന വിഷയത്തിൽ കിഡ്‌നി സംബന്ധമായ അസുഖങ്ങളെ കുറിച്ചും രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാൻ കഴിയും എന്നതിനെ കുറിച്ചുമുള്ള അവബോധ  ക്ലാസ്സ് നടത്തി. ഡോ.ഷഫീഖ് താപ്പിക്കുള്ള ഉപഹാരം ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ ബഷീർ നൽകി.
പരിപാടിയിൽ പൊതുജനങ്ങൾക്കായി, വിവിധ സാഹചര്യങ്ങളിൽ രോഗികൾക്ക് നൽകാവുന്ന പ്രഥമ ശുശ്രൂഷ പരിശീലനം നൽകി.  പരിശീലനത്തിന് ജെസ്ഫിൻ സി.കെ, ഷെമീൻ.കെ നേതൃത്വം നൽകി. സംസ്ഥാന ഭാരവാഹികളായ ബഷീർ ടി.ടി.കെ, സൽമാൻ എളയടം, ഫൈസൽ കേളോത്ത്, ജില്ലാ ട്രഷറർ അജ്മൽ തെങ്ങലക്കണ്ടി എന്നിവർ സന്നിഹിതരായിരുന്നു. അഷ്‌റഫ് വി.കെ സ്വാഗതവും, അബ്ദുല്ല നടുക്കണ്ടി നന്ദിയും പറഞ്ഞു.

Tags

Latest News