തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ഐ.സി.ബി.എഫ്

ദോഹ- ഖത്തറിലെ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് അൽഖോറിൽ സംഘടിപ്പിച്ചു. അൽഖോറിലും പരിസര പ്രദേശത്തുമുള്ള താഴ്ന്ന വരുമാനക്കാർക്കായി സംഘടിപ്പിച്ച ക്യാമ്പ് ഒട്ടനവധി പേർക്ക് സഹായകമായി. 
ഒക്‌ടോബർ 20 വെള്ളിയാഴ്ച രാവിലെ 8.00 മുതൽ അൽഖോറിലെ ആസ്റ്റർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പ് ഏതാണ്ട് 400 ൽ അധികം പേർ ഉപയോഗപ്പെടുത്തി. വിവിധ രക്ത പരിശോധനകൾ, രക്തസമ്മർദ പരിശോധന, ഡോക്ടർ കൺസൾട്ടേഷൻ അടക്കമുള്ള സുപ്രധാന സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരുന്നു. തെലുങ്ക് കലാ സമിതി, ആസ്റ്റർ മെഡിക്കൽ സെന്റർ, ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം, ഇന്ത്യൻ ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ, ക്യൂ ലൈഫ് ഫാർമ എന്നിവയുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ, പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകളും ഫിസിയോതെറാപ്പി സെഷനുകളും 
ലഭ്യമാക്കിയിരുന്നു.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ നിർവഹിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിലും, ആവശ്യക്കാരായവർക്ക് സഹായമെത്തിക്കുന്നതിലുമുള്ള ഐ.സി.ബി.എഫിന്റെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു. അംബാസഡർ ക്യാമ്പിലെ സൗകര്യങ്ങൾ സന്ദർശിക്കുകയും, പങ്കെടുത്തവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തെലുങ്ക് കലാ സമിതി പ്രസിഡന്റ് ഹരീഷ് റെഡ്ഡി, ആസ്റ്റർ മെഡിക്കൽ സെന്റർ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ സജിത്ത് വിക്രമൻ പിള്ള, ഇന്ത്യൻ ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ രക്ഷാധികാരി അഷ്‌റഫ്, മുൻ ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എൻ ബാബുരാജൻ സംസാരിച്ചു. ഐ.സി.ബി.എഫ് സെക്രട്ടറിയും മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.  
തെലുങ്ക് കലാ സമിതി, ആസ്റ്റർ മെഡിക്കൽ സെന്റർ, ഇന്ത്യൻ ഫിസിയോ തെറാപ്പി ഫോറം, ഇന്ത്യൻ ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ, ക്യൂ ലൈഫ് ഫാർമ എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ അംബാസഡറും, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും വിതരണം ചെയ്തു.
ഐ.സി.ബി.എഫ് മത്സ്യത്തൊഴിലാളി ക്ഷേമ മേധാവി ശങ്കർ ഗൗഡ്, ട്രഷറർ കുൽദീപ് കൗർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, സമീർ അഹമ്മദ്, കുൽവീന്ദർ സിംഗ് ഹണി തുടങ്ങിയവരും, വിവിധ സംഘടനാ വളണ്ടിയേഴ്‌സും ക്യാമ്പ് പ്രവർത്തനങ്ങൾ എകോപിപ്പിച്ചു.

Tags

Latest News