ദോഹ- കൾച്ചറൽ ഫോറവും കൈതോല നാടൻപാട്ട് സംഘവും സംയുക്തമായി, അന്തരിച്ച നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ദോഹ നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ നടന്ന അനുസ്മരണ പരിപാടി ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
പ്രവാസത്തിന്റെ പരിമിതിക്കുള്ളിൽ നിന്നും തന്റെ സർഗ ശേഷിയെ പരമാവധി ഉപയോഗപ്പെടുത്തുകയും നാടൻ പാട്ടിനെ കൂടുതൽ പേരിലേക്കെത്തിക്കുകയും ചെയ്ത വലിയ കലാകാരനായിരുന്നു രാജേഷ് കരുവന്തലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മറ്റിയംഗം റഊഫ് കൊണ്ടോട്ടി, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമേഹൻ തുടങ്ങിയവർ സംസാരിച്ചു.
രാജേഷ് കരുവന്തലയുടെ സുഹൃത്തുക്കളും നാടൻപാട്ട് രംഗത്തെ സഹയാത്രികരുമായ ഖാലിദ്, അസീസ് കെ.പി, ഫൈസൽ പട്ടാമ്പി, നിമിഷ നിഷാന്ത്, ദനേഷ്, അനീഷ, കൃഷ്ണകുമാർ, രജീഷ് കരിന്തലക്കൂട്ടം, ഷെറിൻ, റാഫി, ഷെഹീൻ, ശിവപ്രസാദ്, രാഹുൽ കല്ലിങ്ങൽ, റഫീഖ് മേച്ചേരി, ലാലു മോഹൻ തുടങ്ങിയവർ ഓർമകൾ പങ്കു വെച്ചു. കൾച്ചറൽ ഫോറം സെക്രട്ടറി അനീസ് മാള പരിപാടി നിയന്ത്രിച്ചു.
ഹൃദയഹാരിയായ പാട്ടുകളിലൂടെയും പെരുമാറ്റത്തിലൂടെയും പ്രവാസികളുടെ മനസ്സിൽ കൂടു കൂട്ടിയ കലാകാരനെയാണ് രാജേഷിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നും നാടൻപാട്ട് എന്ന കലാശാഖയ്ക്ക് വലിയ നഷ്ടമാണെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കൈതോല നാടൻപാട്ട് സംഘം രാജേഷ് കരുവന്തലയുടെ പ്രിയപ്പെട്ട ഗാനങ്ങളും വേദിയിൽ അവതരിപ്പിച്ചു.






