ജിസാനിൽ ചികിത്സയിലായിരുന്ന  മലയാളി മരിച്ചു

ജിസാൻ- മസ്തിഷ്‌കാഘാതത്തെ തുടർന്ന് ജിസാൻ കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിൽസയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം തിരൂർ മൂച്ചിക്കൽ പള്ളിപ്പുറത്ത് അഷ്‌റഫാ(50)ണ് മരിച്ചത്. മസ്തിഷ്‌കാഘാത്തെ തുടർന്ന് തലച്ചോറിൽ അമിത രക്തസ്രാവമുണ്ടായതാണ് മരണ കാരണം. കഴിഞ്ഞ മാസം 28 ന് സാംതയിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഷ്‌റഫിനെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിൽസക്കായി കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ഒരാഴ്ചയായി കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന അഷ്‌റഫ് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി സാംതയിൽ ഒരു റെസ്റ്റോറന്റിൽ പാചകക്കാരനായിരുന്നു. സൗദിയിലെത്തുന്നതിന് മുമ്പ് അഷ്‌റഫ് കുറച്ചു കാലം ദുബായിലും ജോലി ചെയ്തിട്ടുണ്ട്. അഷ്‌റഫിന്റെ രോഗ വിവരമറിഞ്ഞ് അനുജൻ റഷീദ് മക്കയിൽ നിന്ന് ഒരാഴ്ച മുമ്പ് ജിസാനിലെത്തിയിരുന്നു.
പരേതരായ പള്ളിപ്പുറത്ത് ബാവയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: സക്കീന. മക്കൾ: ഫസീല, ജസീല, റംസീല, റംഷീദ്. മരുമക്കൾ: നൗഫൽ തിരൂർ, നൗഷാദ് തിരൂർ, നൗഫൽ താനൂർ. 
കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിസാനിൽ ഖബറടക്കുന്നതിനുള്ള നിയമ നടപടികൾ ആരംഭിച്ചതായി അനുജൻ റഷീദ് അറിയിച്ചു.
 

Latest News