ഇത്തവണ രാവണനെ ദഹിപ്പിക്കാന്‍ കങ്കണ, താനാണ് രാവണ ദഹനം നടത്തുന്ന ആദ്യ വനിതയെന്ന് താരം

ന്യൂദല്‍ഹി - ദസറ ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ നടക്കുന്ന ലവ് കുശ് രാംലീലയില്‍ നടി കങ്കണ റണൗട്ട് രാവണ പ്രതിമയ്ക്ക് തീ പകരും. 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നത്.  കങ്കണ റണൗട്ട് തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി അറിയിച്ചത്. എല്ലാ വര്‍ഷവും ചെങ്കോട്ടയില്‍ നടന്നുവരുന്ന ലവ് കുശ് രാംലീലയുടെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത രാവണരൂപം ദഹിപ്പിക്കാന്‍ പോകുന്നു, ജയ് ശ്രീറാം എന്നാണ് വിഡിയോക്കൊപ്പം കങ്കണ പോസ്റ്റ് ചെയ്തത്. വനിതാ സംവരണ ബില്ലിന് പിന്തുണയര്‍പ്പിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ദല്‍ഹി ലവ് കുശ് രാംലീലാ കമ്മിറ്റി പ്രസിഡന്റ് അര്‍ജുന്‍ സിംഗ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം നടന്‍ പ്രഭാസാണ് രാവണ ദഹനം നടത്തിയത്. ചടങ്ങിന് മുന്‍വര്‍ഷങ്ങളില്‍ രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരായിരുന്നു വിശിഷ്ഠാതിഥികള്‍. അജയ് ദേവ്ഗണ്‍, ജോണ്‍ എബ്രഹാമും ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളും പങ്കെടുത്തിട്ടുണ്ട്.

 

Latest News