ദുബായ്- കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോയി. ശനിയാഴ്ച രാത്രി പത്തുമണിക്കുള്ള ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ദുബായ് കറാമയിലെ ഡേ ടു ഡേ ഷോപ്പിംഗ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിംഗിൽ വെച്ചാണ് രണ്ടുപേരുടെ മരണത്തിന് കാരണമായ അപകടം സംഭവിച്ചത്. ഒമ്പതുപേർക്ക് സാരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. സാമൂഹ്യപ്രവർത്തകരായ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാശിം, അബ്ദുറഹ്മാൻ, മുഹമ്മദ് ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്.






