സ്ഥാപക ദിനാഘോഷത്തോടും ഉത്സവ സീസണോടുമനുബന്ധിച്ച് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഫെഡറൽ ബാങ്ക് വർധിപ്പിച്ചു. പരിഷ്കരിച്ച നിരക്കുകൾ പ്രകാരം മുതിർന്ന പൗരന്മാർക്ക് 8.15 ശതമാനം പലിശ ലഭിക്കും. 400 ദിവസത്തേക്കുള്ള, കാലാവധിക്ക് ശേഷം മാത്രം പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്കാണ് ഈ നിരക്ക് ലഭിക്കുക.
കാലാവധിക്കു മുൻപ് പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക് 7.90 ശതമാനമാണ് പുതിയ നിരക്ക്. മറ്റുള്ളവർക്ക് യഥാക്രമം 7.65 ശതമാനവും 7.40 ശതമാനവുമാണ് 400 ദിവസത്തെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്ക്.
13 മാസം മുതൽ 21 മാസം വരെ കാലാവധിയുള്ള (400 ദിവസം ഉൾപ്പെടാതെ), കാലാവധിക്ക് ശേഷം മാത്രം പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 8.05 ശതമാനവും മറ്റുള്ളവർക്ക് 7.55 ശതമാനവും പലിശ ലഭിക്കും. ഇതേ കാലയളവിലെ കാലാവധി പൂർത്തിയാകും മുൻപ് പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക് യഥാക്രമം 7.80 ശതമാനവും 7.30 ശതമാനവുമാണ് പുതിയ നിരക്ക്.