ഗിന്നസ് പക്രു നായകനാകുന്ന '916 കുഞ്ഞൂട്ടന്‍' ടൈറ്റില്‍ പ്രകാശനം മോഹന്‍ലാല്‍ നിര്‍വഹിച്ചു

കൊച്ചി- മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ രാകേഷ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന '916 കുഞ്ഞൂട്ടന്‍' ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം മോഹന്‍ലാല്‍ നിര്‍വഹിച്ചു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തില്‍ ടിനി ടോമും ചിത്രത്തിലെത്തുന്നു. 

തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കു സ്വാമി, മുരുകദാസ്, മജീദ്, വടിവുടയാന്‍, വിന്‍സെന്റ് ശെല്‍വ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി ഇരുപതു വര്‍ഷത്തോളം പ്രവര്‍ത്തിച്ച മലയാളിയായ ആര്യന്‍ വിജയ് ആണ് 916 കുഞ്ഞൂട്ടന്‍ സംവിധാനം ചെയ്യുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നല്‍കി ആര്യന്‍ വിജയ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ്. ശ്രീനിവാസ റെഡ്ഢി ആണ്. ചിത്രത്തിന്റെ സംഗീതം ആനന്ദ് മധുസൂദനനും എഡിറ്റിങ് അഖിലേഷ് മോഹനനും സംഘട്ടന സംവിധാനം ഫീനിക്‌സ് പ്രഭുവും നിര്‍വഹിക്കുന്നു.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്- ഗാനങ്ങള്‍: അജീഷ് ദാസ്, പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍. ചിത്രീകരണം ചൊവ്വാഴ്ച കൊടുങ്ങല്ലൂരില്‍ ആരംഭിക്കും.

Latest News