യുദ്ധം അവസാനിപ്പിക്കണം, ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം -ചിന്ത റിയാദ്

റിയാദ്- ഇസ്രായിൽ ഫലസ്തീനിൽ യുദ്ധമെന്ന പേരിൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും യു.എൻ പ്രമേയ പ്രകാരം ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്നും ചിന്ത റിയാദ് 'രക്തമൊഴുകുന്ന ഫലസ്തീൻ' എന്ന പേരിൽ നടത്തിയ ടേബിൾ ടോക്കിൽ പങ്കെടുത്തവർ ഏകകണ്ഠമായി ആവശ്യപ്പെട്ടു. വിനോദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. ഷൈജു ചെമ്പൂര് കവിത ആലപിച്ചു. 
പതിറ്റാണ്ടുകളായി ഒരു ജനത മരണത്തിനും ജീവിതത്തിനുമിടയിൽ ഞെരിഞ്ഞമരുകയാണ്. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന പതിനായിരങ്ങൾ വെള്ളവും വൈദ്യുതിയും അവശ്യ ഭക്ഷണം പോലുമില്ലാതെ നരകയാതന അനുഭവിക്കുമ്പോൾ പാശ്ചാത്യ ശക്തികൾ ഇസ്രായിലിന് പിന്തുണ അർപ്പിക്കുന്ന തിരക്കിലാണ്. ഇസ്രായിലിന് പിന്തുണ അർപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്ത്യക്കാരെയാകെ അപമാനിക്കുന്നതും രാജ്യം ഇന്നുവരെ പിന്തുടർന്നു വന്ന നിലപാടുകൾക്ക് കടക വിരുദ്ധവുമാണ്. ഓരോ ദിവസവും കരളലിയിപ്പിക്കുന്ന ചിത്രങ്ങളും വർത്തകളുമാണ് ഫലസ്തീനിൽ നിന്ന് വരുന്നത്. 
ആശുപത്രികളും സ്‌കൂളുകളും മാധ്യമ പ്രവർത്തകരുമൊക്കെ ഇസ്രായിൽ ആക്രമണത്തിന് തുടർച്ചയായി ഇരയാവുകയാണ്. ആത്യന്തികമായി യുദ്ധം മാനവികതക്കെതിരാണ്. ഹമാസ് നടത്തിയ ആക്രമണത്തേയും പിന്തുണക്കാനാവില്ല. ഇസ്രായിൽ ക്രൂരതക്കെതിരെ ലോകം ഒന്നിച്ചു ശബ്ദമുയർത്തണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും സംസാരിച്ചവർ ആവശ്യപ്പെട്ടു. മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കുന്ന യുദ്ധം അവിരാമം തുടരുമ്പോഴും മൗനത്തിലൊളിച്ച് നിഷ്പക്ഷതയിൽ അമർന്നിരിക്കുന്നവർ സത്യത്തിൽ അക്രമകാരികളുടെ പക്ഷത്താണെന്നും ചർച്ചയിൽ പങ്കെടുത്തവർ വിമർശനമുയർത്തി. അബ്ദുൽ ജലീൽ, ജയൻ കൊടുങ്ങല്ലൂർ, ഇസ്മായിൽ കണ്ണൂർ, റാഫി പാങ്ങോട്, ഹരി, സലീം മഹി, ഗഫൂർ കൊയിലാണ്ടി, സലീം ആർത്തിയിൽ, ആതിര ഗോപൻ, രവീന്ദ്രൻ പയ്യന്നൂർ, കുമ്മിൾ സുധീർ, ആരിഫ്, മനോഹരൻ, അനിൽ പിരപ്പൻകോട്, നാസർ ഹനീഫ എന്നിവർ സംസാരിച്ചു. ഷൈജു സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു. രാഷ്ട്രീയ, സാംസ്‌കാരിക സംവാദങ്ങൾക്കായി വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്നവർ ചേർന്ന് രൂപം നൽകിയ ഒരു സംവാദ വേദിയാണ് 'ചിന്ത റിയാദ്'. അതിന്റെ ആദ്യത്തെ പരിപാടിയായിരുന്നു ഫലസ്തീൻ വിഷയത്തിൽ നടന്ന ടേബിൾ ടോക്ക്.

Tags

Latest News