ഗാസ-വടക്കൻ ഗാസയിൽ നിന്ന് ഉടൻ തെക്കൻ ഗാസയിലേക്ക് മാറണമെന്നും ഇനിയും വടക്കൻ മേഖലയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കുമെന്നും ഇസ്രായിൽ സൈന്യത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ഗാസയിലേക്ക് മാറാൻ ഇസ്രായിൽ സൈന്യത്തിൽ നിന്ന് വീണ്ടും മുന്നറിയിപ്പ് ലഭിച്ചതായി ഫലസ്തീനികൾ പറഞ്ഞു. വടക്കൻ ഗാസയിൽ തങ്ങുന്നവർക്കുള്ള മരണമണിയാണ് ഈ സന്ദേശമെന്നാണ് വിലയിരുത്തുന്നത്.
ശനിയാഴ്ച മുതൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ പേരും ലോഗോയും അടയാളപ്പെടുത്തിയ ലഘുലേഖകളിലാണ് സന്ദേശം കൈമാറിയത്. വെറും 45 കിലോമീറ്റർ (28 മൈൽ) നീളമുള്ള ഇടുങ്ങിയ പ്രദേശമായ ഗാസ മുനമ്പിൽ ഉടനീളം മൊബൈൽ ഫോൺ ഓഡിയോ സന്ദേശങ്ങൾ വഴിയും ആളുകൾക്ക് ഇതേ സന്ദേശം അയച്ചു.
'അടിയന്തര മുന്നറിയിപ്പ്, ഗാസ നിവാസികൾക്ക്. വടക്കൻ ഗാസയിലുള്ള നിങ്ങളുടെ സാന്നിധ്യം നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നു. വടക്കൻ ഗാസയിൽ നിന്ന് തെക്കൻ ഗാസയിലേക്ക് പോകുന്നില്ലെന്ന് തീരുമാനിക്കുന്നവരെ ഒരു തീവ്രവാദ സംഘടനയിലെ (ഹമാസ്) പങ്കാളിയായി കണക്കാക്കുമെന്നും ലഘുലേഖയിൽ പറയുന്നു.
ആയിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കിയ ശേഷവും സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികളെ കൊന്നൊടുക്കുന്നത് ഇസ്രായിൽ നിർത്തിയിട്ടില്ല. ശനിയാഴ്ച രാത്രി ഇസ്രായിൽ ഗാസയിൽ ഉടനീളം നടത്തിയ കനത്ത ബോംബാക്രമണത്തിൽ ഏറ്റവും ചുരുങ്ങിയത് 50 പേർ കൊല്ലപ്പെട്ടു. അതിനിടെ, തെക്കൻ ഗാസയിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കളുമായി റഫ അതിർത്തി വഴി ട്രക്കുകൾ ഗാസയിലെത്തി. ട്രക്കുകൾ കടന്നുപോയ ശേഷം അതിർത്തി ഈജിപ്ത് അടച്ചു.
അതിർത്തി തുറന്നതിനെ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ സ്വാഗതം ചെയ്തു. ഈജിപ്തുമായുള്ള ഗാസയുടെ റഫ അതിർത്തി പോയിന്റിലൂടെ 20 എയ്ഡ് ട്രക്കുകളാണ് ആദ്യഘട്ടത്തിൽ കടന്നത്. പരിശോധനകൾക്ക് ശേഷം സഹായ ട്രക്കുകൾ അതിർത്തിയിൽനിന്ന് പുറത്തുകടന്ന് ഗാസയുടെ തെക്കൻ പ്രദേശങ്ങളായ റഫ, ഖാൻ യൂനിസ് എന്നീ പ്രദേശങ്ങളിലേക്ക് നീങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അതേസമയം, ദുരിതാശ്വാസ വസ്തുക്കളിൽ ഇന്ധനവിതരണം ഉൾപ്പെടുത്തിയിട്ടില്ല. മാനുഷിക സഹായത്തിൽനിന്ന് ഇന്ധനം ഒഴിവാക്കിയാൽ രോഗികളുടെയും പരിക്കേറ്റവരുടെയും ജീവൻ അപകടത്തിലാകുമെന്നും ഗാസയിലെ ആശുപത്രികളിൽ ഇന്ധനം അത്യാവശ്യമാെണന്നും ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഫലസ്തീനിയൻ റെഡ് ക്രസന്റ് മെഡിക്കൽ വസ്തുക്കൾ സഹായമായി സ്വീകരിച്ചു. ഇസ്രായിൽ ആക്രമണം തുടരുന്നതിന് മുമ്പ് ഗാസയിൽ എത്തിയതിന്റെ മൂന്ന് ശതമാനം മാത്രം സഹായമാണ് ഇതേവരെ എത്തിയത്.
അതേസമയം, ഒരു സഹായവും ഹമാസിന്റെ കൈകളിൽ എത്തരുതെന്ന് ഇസ്രായിൽ മുന്നറിയിപ്പ് നൽകി. ഗാസയിലെ മാനുഷിക സാഹചര്യം ഇതിനകം തന്നെ അപകടകരമാണെന്നും അത് വിനാശകരമായ തലത്തിൽ എത്തിയിരിക്കുന്നുവെന്നും യു.എൻ മാനുഷിക മേധാവി മാർട്ടിൻ ഗ്രിഫിത്ത്‌സ് പറഞ്ഞു. ഭക്ഷണം, വെള്ളം, മരുന്ന്, ഇന്ധനം എന്നിവയുൾപ്പെടെ അവശ്യ സാധനങ്ങൾ നൽകാനുള്ള സുസ്ഥിരമായ ശ്രമത്തിന്റെ തുടക്കമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ദിവസേന കുറഞ്ഞത് 100 ട്രക്കുകളെങ്കിലും ആവശ്യമാണെന്നും ഏത് സഹായ പ്രവർത്തനവും സുസ്ഥിരമായിരിക്കണമെന്നും യു.എൻ ഉദ്യോഗസ്ഥർ പറഞ്ഞു. സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, പ്രതിദിനം ശരാശരി 450 സഹായ ട്രക്കുകൾ ഗാസയിൽ എത്തിയിരുന്നു.
സംഘർഷം തുടരുന്നതിനിടെയും ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ വിട്ടയച്ചു. അമേരിക്കക്കാരായ ജൂഡിത്ത് തായ് റാനൻ (59), മകൾ നതാലി (17) എന്നിവരെയാണ് മോചിപ്പിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ഇവരെ വിട്ടയച്ചത്. മാനുഷിക കാരണങ്ങളാലാണ് ഇവരെ വിട്ടയച്ചതെന്ന് ഹമാസ് പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാൻ മധ്യസ്ഥത വഹിച്ച ഖത്തറിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നന്ദി പറഞ്ഞു. തടവിലാക്കപ്പെട്ടിരിക്കുന്ന മറ്റ് അമേരിക്കക്കാരുടെ തിരിച്ചുവരവ് വിജയിപ്പിക്കാൻ താൻ രാപകലില്ലാതെ പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 210 ഓളം പേരെയാണ് ഹമാസ് ബന്ദിയാക്കിയത്.
ഗാസ മുനമ്പിലെ ഇസ്രായിൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ബന്ദികളാക്കിയ ഇസ്രായിൽ സൈനികരെ സംബന്ധിച്ച് ചർച്ചയില്ലെന്ന് ഹമാസ് പറഞ്ഞു. ബന്ദികളാക്കിയ ഇസ്രായിൽ സൈന്യത്തിന്റെ ബന്ദികളെ സംബന്ധിച്ച ഞങ്ങളുടെ നിലപാട് വ്യക്തമാണ്. തടവുകാരെ കൈമാറ്റം ചെയ്യുന്നത് വരെയും ഗാസയ്ക്കും ഫലസ്തീനിനും എതിരായ ആക്രമണം അവസാനിപ്പിക്കാതെയും ഇസ്രായിൽ സൈനികരെ വിട്ടയക്കുന്നത് ചർച്ച ചെയ്യില്ലെന്നും ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായിലിന്റെ ആക്രമണത്തിൽ ഇതേവരെ നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ 4,385 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസയിൽനിന്ന് ഒരു ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായും ഗാസയുടെ ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചു.
ഒറ്റരാത്രികൊണ്ട് ഇസ്രായിൽ യുദ്ധവിമാനങ്ങൾ ഗാസയിലുടനീളം ആക്രമണം നടത്തിയതായി ഇസ്രായിൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നായ ഗാസയിലുടനീളമുള്ള നിരവധി കുടുംബ വീടുകളെ ഇസ്രായിൽ വിമാനം ഒറ്റരാത്രികൊണ്ട് ലക്ഷ്യം വച്ചതായും കുറഞ്ഞത് 50 പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയുടെ ആരോഗ്യ മന്ത്രാലയവും ഹമാസ് മാധ്യമങ്ങളും പറഞ്ഞു. ആ മരണങ്ങൾക്ക് മറുപടിയായി ശനിയാഴ്ച ഇസ്രായിലിലെ ഏറ്റവും വലിയ നഗരമായ ടെൽ അവീവിന് നേരെ റോക്കറ്റ് പ്രയോഗിച്ചെന്ന് ഹമാസ് പറഞ്ഞു. തെക്കൻ ഇസ്രായിലി അതിർത്തി ഗ്രാമങ്ങളിലേക്ക് ഗാസയിൽ നിന്ന് റോക്കറ്റുകൾ വിക്ഷേപിച്ചു. അതേസമയം ആളപായം സംബന്ധിച്ച് റിപ്പോർട്ടില്ല.
ഇസ്രായിലിന്റെ മാരകവും ഭീകരവുമായ ബോംബാക്രമണത്തെത്തുടർന്ന് ആയിരങ്ങളാണ് വീടുകൾ ഒഴിഞ്ഞുപോയത്. ഗാസ നഗരം ഉൾപ്പെടുന്ന ഗാസ മുനമ്പിന്റെ വടക്കൻ പകുതിയിൽനിന്ന് ഒഴിയാൻ ഇസ്രായിൽ മുന്നറിയിപ്പ് നൽകി. തെക്കൻ പ്രദേശങ്ങളിലും ബോംബാക്രമണം ഉണ്ടായതിനാൽ എല്ലാം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നുവെന്നും സുരക്ഷിതമായി പോകാൻ ഒരിടവുമില്ലെന്നും പറഞ്ഞ് പലരും ഇതുവരെ വീടുകൾ ഒഴിഞ്ഞുപോയിട്ടില്ല. ഗാസയിലെ മൂന്നിലൊന്ന് വീടുകൾ കേടുപാടുകൾ സംഭവിച്ചതായും 13,000ത്തോളം വീടുകൾ പൂർണ്ണമായും നശിച്ചതായും ഐക്യരാഷ്ട്രസഭയുടെ ഓഫീസ് അറിയിച്ചു.
ഈജിപ്ത് ഉച്ചകോടി നടത്തി
അതിനിടെ, വെടിനിർത്തൽ ഉറപ്പാക്കാനുള്ള നയതന്ത്ര ചർച്ചകൾ ഇപ്പോഴും ഫലവത്തായില്ല. ഗാസ പ്രതിസന്ധിയെക്കുറിച്ച് ഈജിപ്ത് ഇന്നലെ സമാധാന ഉച്ചകോടി നടത്തി. നീതിപൂർവകമല്ലാത്ത ഒരു പരിഹാരം ഫലസ്തീൻ പ്രശ്‌നത്തിന് സാധ്യമല്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി പറഞ്ഞു. ഗാസയിൽ ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ ഫലസ്തീനികൾ മാനുഷിക ദുരന്തത്തിന് വിധേയരാകുന്നത് ലോകം കൈയുംകെട്ടി നോക്കിനിൽക്കുന്നതിൽ ഈജിപ്തിന് അങ്ങേയറ്റത്തെ ആശ്ചര്യമുണ്ട്. ഗാസ നിവാസികൾക്കു മേൽ കൂട്ടശിക്ഷയും ഉപരോധവും അടിച്ചേൽപിക്കുകയും അവരെ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്യുന്നു. നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതിന് ഫലസ്തീനികൾക്കു മേൽ കടുത്ത സമ്മർദങ്ങളാണ് ചെലുത്തുന്നത്. ഉടമ്പടികളുണ്ടാക്കുകയും അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക നിയമവും സ്ഥാപിക്കുകയും ചെയ്ത പരിഷ്‌കൃത ലോകം നിരാകരിക്കുന്ന പ്രവൃത്തികളാണ് ഇസ്രായിൽ ചെയ്യുന്നത്. ഫലസ്തീനികളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചും ഒരു ജനവിഭാഗത്തെ മൊത്തമായി മറ്റു പ്രദേശങ്ങളിലേക്ക് പറിച്ചുനട്ടുമല്ല ഫലസ്തീൻ പ്രശ്‌നം പരിഹരിക്കേണ്ടത്. ലോകത്തെ മറ്റെല്ലാ ജനവിഭാഗങ്ങളെയും പോലെ സ്വതന്ത്ര രാജ്യത്ത് സുരക്ഷിതമായി ജീവിക്കാനും സ്വയം നിർണയത്തിനുമുള്ള നിയമാനുസൃത അവകാശങ്ങൾ ഫലസ്തീനികൾക്ക് വകവെച്ചു നൽകി നീതിപൂർവകമായാണ് ഫലസ്തീൻ പ്രശ്‌നം പരിഹരിക്കേണ്ടതെന്നും ഈജിപ്ഷ്യൻ പ്രസിഡന്റ് പറഞ്ഞു.
ഫലസ്തീനികൾ ഒരിക്കലും സ്വന്തം രാജ്യത്തു നിന്ന് പുറത്തുപോകില്ലെന്നും ഞങ്ങൾ ഞങ്ങളുടെ മണ്ണിൽ തന്നെ ഉറച്ചുനിൽക്കുമെന്നും ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. ഇരു ഭാഗത്തും സാധാരണക്കാരെ കൊലപ്പെടുത്തുന്നതിനെ തങ്ങൾ പൂർണമായും നിരാകരിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയും ഫലസ്തീനിലെ ഇസ്രായിൽ അധിനിവേശം അവസാനിപ്പിക്കുന്നതിലൂടെയും മാത്രമേ പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും കൈവരികയുള്ളൂ. നീതിയുടെ അഭാവവും ഫലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും കാരണം അക്രമത്തിന്റെ ചക്രം ഇടക്കിടക്ക് ആവർത്തിക്കുന്നു. ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകുന്നതിലും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലും യു.എൻ രക്ഷാ സമിതി ഉത്തരവാദിത്തം വഹിക്കണമെന്നും മഹ്‌മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഗാസയിൽ ഇസ്രായിൽ നടത്തിയ രണ്ടാഴ്ചത്തെ ബോംബാക്രമണത്തെ ഉച്ചകോടിയിൽ പങ്കെടുത്ത അറബ് നേതാക്കൾ അപലപിച്ചു.
രക്ഷാസമിതിയുടെ നിഷ്‌ക്രിയത്വത്തിൽ നിരാശ- സൗദി
കയ്‌റോ - ഗാസ പ്രതിസന്ധി സംബന്ധിച്ച് യു.എൻ രക്ഷാ സമിതിക്ക് ഇതുവരെ ഒരു നിലപാട് സ്വീകരിക്കാൻ കഴിയാത്തതിൽ കടുത്ത നിരാശയുണ്ടെന്ന് കയ്‌റോ സമാധാന ഉച്ചകോടിയിൽ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. നിയമാനുസൃത അവകാശങ്ങൾ നേടുന്നതു വരെ സൗദി അറേബ്യ ഫലസ്തീൻ ജനതക്കൊപ്പം നിലയുറപ്പിക്കും. ഫലസ്തീനികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ല. ഗാസയിൽ മാനുഷിക ഇടനാഴികൾ ഉടൻ തുറക്കണം. ഫലസ്തീനിലെ സംഭവവികാസങ്ങൾ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും ശക്തമായ നടപടികളെടുക്കുകയും വേണം. അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കാൻ ഇസ്രായിലിനെ നിർബന്ധിക്കണം.
യുദ്ധം ഉടനടി അവസാനിപ്പിക്കാനും ഫലസ്തീനിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകാനും അന്താരാഷ്ട്ര സമൂഹം സത്വര നടപടികൾ സ്വീകരിക്കണം. അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിച്ച് ബന്ദികളെയും തടവുകാരെയും വിട്ടയക്കണം. എന്തു ന്യായീകരണത്തിന്റെ പേരിലും ഏതു കക്ഷിയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കുന്നത് സൗദി അറേബ്യ പൂർണമായും നിരാകരിക്കുന്നു. ചില രാജ്യങ്ങൾ കാണിക്കുന്ന ഇരട്ടത്താപ്പും വിവേചനങ്ങളും സൗദി അറേബ്യ അംഗീകരിക്കില്ല. ഇപ്പോഴത്തെ പ്രശ്‌നത്തിന് സംസാരം മാത്രം മതിയാകില്ല. മറിച്ച് ഗൗരവതരമായ നീക്കങ്ങളാണ് ആവശ്യം. ഉപരോധം അവസാനിപ്പിക്കാനും യുദ്ധം നിർത്താനും അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനു മേൽ സമ്മർദം ചെലുത്തണം. നിരവധി നിരപരാധികൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇത് മേഖലാ, ആഗോള സുരക്ഷയിലും സ്ഥിരതയിലും അനഭിമതമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഗാസയിൽ സുരക്ഷിതമായ മാനുഷിക ഇടനാഴികൾ ഉടൻ തുറക്കണം. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണം. റിലീഫ് വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും യാതൊരുവിധ നിയന്ത്രണങ്ങളും കൂടാതെ ഗാസയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണം. നിയമാനുസൃത അവകാശങ്ങൾ വീണ്ടെടുക്കാൻ ഫലസ്തീൻ ജനതക്കൊപ്പം സൗദി അറേബ്യ എക്കാലവും നിലയുറപ്പിക്കും.
യുദ്ധം ഉടനടി അവസാനിപ്പിക്കാനും രക്തച്ചൊരിച്ചിൽ തടയാനും കെടുതികൾക്കിരയായവരെ സഹായിക്കാനുമാണ് സൗദി അറേബ്യ ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങൾക്കുള്ള വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. സൗദ് അൽസാത്തി, ഈജിപ്തിലെ സൗദി അംബാസഡർ ഉസാമ നുഖലി എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്ത സൗദി സംഘത്തിൽ ഉൾപ്പെട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പ്രതിനിധീകരിച്ചാണ് വിദേശ മന്ത്രി കയ്‌റോ സമാധാന ഉച്ചകോടിയിൽ സംബന്ധിച്ചത്.