ന്യൂദല്‍ഹി-പടിഞ്ഞാറന്‍ ദല്‍ഹിയില്‍ സ്വിസ് യുവതിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. സ്വിസ് യുവതി ലെന ബെര്‍ഗര്‍ കൊല്ലപ്പെട്ട കേസില്‍ ഗുര്‍പ്രീത് സിങ്ങിനെയാണ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
തിലക് നഗറില്‍ വെള്ളിയാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സര്‍ക്കാര്‍ സ്കൂളിന് സമീപം കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം. കൈയും കാലും ചങ്ങലയില്‍ ബന്ധിച്ച നിലയിലായിരുന്നു. ഗുര്‍പ്രീതും ലെനയും സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ലെനയെ കാണുന്നതിന് വേണ്ടി ഗുര്‍പ്രീത് ഇടയ്ക്കിടെ സ്വിറ്റ്സര്‍ലന്‍ഡില്‍ പോകുമായിരുന്നു. മറ്റൊരാളുമായി ലെനയ്ക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു.
ലെനയെ കൊല്ലാന്‍ പദ്ധതിയിട്ട ഗുര്‍പ്രീത്, യുവതിയോട് ഇന്ത്യയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 11നാണ് ലെന വീണ്ടും ഇന്ത്യയില്‍ എത്തിയത്. അഞ്ചുദിവസത്തിന് ശേഷം മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ഗുര്‍പ്രീത്, അവിടെ വച്ച് കൈയും കാലും ബന്ധിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കാറിലാണ് സൂക്ഷിച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേയ്ക്ക് വമിക്കാന്‍ തുടങ്ങിയതോടെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് ഗുര്‍പ്രീത് പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാര്‍ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഗുര്‍പ്രീത് പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് ഗുര്‍പ്രീതിന്റെ 2.25 കോടി രൂപ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.