റഫ അതിര്‍ത്തി വഴി ഈജിപ്തില്‍നിന്ന് റിലീഫ് ട്രക്കുകള്‍ ഗാസയില്‍

കയ്റോ- യുദ്ധത്തില്‍ തകര്‍ന്നതും ഉപരോധിക്കപ്പെട്ടതുമായ ഗാസക്കുള്ള മാനുഷിക സഹായവുമായി ട്രക്കുകള്‍  ഈജിപ്തില്‍ നിന്ന് റഫ അതിര്‍ത്തി കടന്നുപോയി തുടങ്ങി.

ട്രക്കുകള്‍ കടന്നു തുടങ്ങിയതായി സുരക്ഷാ വൃത്തങ്ങളും ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് ഉദ്യോഗസ്ഥനും എഎഫ്പിയോട് പറഞ്ഞു.
ഇസ്രായില്‍ വ്യോമാക്രണംപതിനഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് 2.4 ദശലക്ഷം ജനങ്ങളുള്ള ഗാസയിലേക്ക് നിരവധി ട്രക്കുകള്‍ പ്രവേശിക്കുന്നത് ഈജിപ്ഷ്യന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ കാണിച്ചു.
ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം ഇസ്രായില്‍ ഗാസയില്‍ ബോംബ് സ്‌ഫോടനം തുടരുകയാണ്.

1400 പേര്‍ കൊല്ലപ്പെട്ട ഹമാസ് മിന്നലാക്രമണത്തിനുശേഷം ഇസ്രായില്‍ ഗാസയില്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിക്കുകയും വെള്ളം, വൈദ്യുതി, ഇന്ധനം, ഭക്ഷണം എന്നിവയുടെ വിതരണം നിര്‍ത്തലാക്കുകയും അവശ്യവസ്തുക്കളുടെ ക്ഷാമം സൃഷ്ടിക്കുകയും ചെയ്തു.
ഇസ്രായിലിന്റെ നിയന്ത്രണത്തിലല്ലാത്ത ഗാസയിലേക്കുള്ള ഏക മാര്‍ഗം റഫയാണ്. പ്രധാന സഖ്യകക്ഷിയായ അമേരിക്കയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഈജിപ്തില്‍ നിന്ന് സഹായം അനുവദിക്കാന്‍ ഇസ്രായില്‍ സമ്മതിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വിവിധ യുഎന്‍ ഏജന്‍സികളില്‍ നിന്നുള്ള സഹായം എത്തിക്കുന്നതിന് ചുമതലയുള്ള  ഈജിപ്ഷ്യന്‍ റെഡ് ക്രസന്റില്‍ നിന്നുള്ള ഇരുപത് ട്രക്കുകള്‍ ഈജിപ്ഷ്യന്‍ ടെര്‍മിനലിലേക്ക് പ്രവേശിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
കാലിയായ 36 ട്രെയിലറുകള്‍ ടെര്‍മിനലിലേക്ക് പ്രവേശിച്ച് ഈജിപ്ഷ്യന്‍ ഭാഗത്തേക്ക് പോയതായും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. നാല് ആംബുലന്‍സുകളും രണ്ട് യുഎന്‍ വാഹനങ്ങളും രണ്ട് റെഡ് ക്രോസ് വാഹനങ്ങളും ടെര്‍മിനലില്‍ പ്രവേശിച്ചു.  
ചരക്ക് വിമാനങ്ങളും ട്രക്കുകളും ദിവസങ്ങളായി ഈജിപ്തില്‍ റഫയുടെ ഭാഗത്തേക്ക് മാനുഷിക സഹായം എത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ഗാസയിലേക്ക് എത്തിച്ചിരുന്നില്ല.
സഹായ വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്ച അതിര്‍ത്തിയുടെ ഈജിപ്ഷ്യന്‍ ഭാഗം സന്ദര്‍ശിച്ചിരുന്നു.
ഈ ട്രക്കുകള്‍ വെറും ട്രക്കുകള്‍ മാത്രമല്ലെന്ന് അവ ജീവനാഡിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

 

 

 

Latest News