Sorry, you need to enable JavaScript to visit this website.

സുപ്രീംകോടതിക്കു മുമ്പിൽ സ്വവർഗാനുരാഗികളുടെ മോതിരക്കൈമാറ്റം

ന്യൂഡൽഹി - സ്വവർഗ വിവാഹത്തിന് സുപ്രീംകോടതി അംഗീകാരം നല്കാത്തതിൽ പ്രതിഷേധിച്ച് കോടതിക്ക് മുമ്പിൽ സ്വവർഗാനുരാഗികളുടെ മോതിരം കൈമാറ്റം. ലണ്ടൻ സ്‌കൂൾ ഓഫ് ഇകണോമിക്‌സിലെ പി.എച്ച്.ഡി വിദ്യാർത്ഥിയായ അനന്യ കോട്ടിയയും അദ്ദേഹത്തിന്റെ പങ്കാളിയായ അഭിഭാഷകൻ ഉത്കർഷ് സക്‌സേനയും തമ്മിലാണ് മോതിരം കൈമാറ്റം നടന്നത്. 
 അഭിഭാഷകനായ ഉത്കർഷ് മുട്ടുകുത്തി നിന്ന് സുപ്രീംകോടതിയെ സാക്ഷിയാക്കി അനന്യയെ മോതിരം അണിയിക്കുകയായിരുന്നു. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിയമപരമായ തിരിച്ചടികൾക്കിടയിലും തുല്യ അവകാശങ്ങൾക്കും അംഗീകാരത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നാണ് ഇരുവരും പറയുന്നത്. 
  'ഇന്നലെ വേദനിച്ചു. ഇന്ന് ഞാനും ഉത്കർഷ് സക്‌സേനയും ഞങ്ങളുടെ അവകാശങ്ങൾ നിഷേധിച്ച അതേ കോടതിയിൽ തിരിച്ചെത്തി. മോതിരം കൈമാറി. നിയമപരമായുണ്ടായ നഷ്ടത്തെ കുറിച്ചല്ല, മറിച്ച് ഞങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ചാണ് പറയുന്നത്. ഞങ്ങൾ പോരാടാനായി മറ്റൊരു ദിവസം മടങ്ങിയെത്തുമെന്ന്' അനന്യ ചിത്രത്തിനൊപ്പം സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രണയവും വിവാഹ നിശ്ചയവും ആഘോഷിച്ച ഇരുവരെയും അഭിനന്ദിച്ചും വിയോജിച്ചും സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതികരണങ്ങളുയരുന്നുണ്ട്.
 സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്ന ആവശ്യം ഇന്നലെയാണ് സുപ്രീംകോടതി തള്ളിയത്. കുട്ടികളെ ദത്തെടുക്കാനും സ്വവർഗ പങ്കാളികൾക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സ്വവർഗ പങ്കാളികൾ ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ലെങ്കിലും ഇത് മൗലികാവകാശമായി അംഗീകരിച്ച് നിയമ സാധുത നൽകാനാവില്ലെന്നാണ് സുപ്രീംകോടതിയുടെ വിധിയുടെ കാതൽ. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകേണ്ടത് കോടതിയല്ല, പാർലമെന്റാണെന്നും സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
 

Latest News