ജിദ്ദ - ഗാസ ആശുപത്രി ആക്രമണം അറബ് ലോകത്തെ ഇളക്കിമറിച്ചു. കണ്ണീരും രോഷവും കലര്‍ന്ന വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ് അറബ് ലോകം. ജനം തെരുവിലാണ്. ഇസ്രായിലിന്റെ യുദ്ധക്കുറ്റം ഇനി സഹിക്കാനാവില്ലെന്ന് അവര്‍ വിളിച്ചുപറയുന്നു. നിരവധി രാജ്യങ്ങളും സംഘടനകളും അക്രമത്തെ അപലപിച്ചു.
ഇസ്രായില്‍ തുടരുന്ന നരമേധങ്ങളെ അറബ് പാര്‍ലമെന്റ് അപലപിച്ചു. ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കും കൂട്ടക്കുരുതികള്‍ക്കും ഇസ്രായിലി നേതാക്കളെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് അറബ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹവും രക്ഷാസമിതിയും അമേരിക്കന്‍ ഭരണകൂടവും മൗനം വെടിഞ്ഞ് ഇസ്രായില്‍ നരമേധങ്ങള്‍ അവസാനിപ്പിക്കാനും നിരായുധരായ ഫലസ്തീനികള്‍ക്ക് സംരക്ഷണം നല്‍കാനും ഉടനടി ഇടപെടണം. അധിനിവേശ ശക്തിയുടെ ധിക്കാരത്തെയും സ്വേഛാധിപത്യത്തെയും പിന്തുണക്കുന്ന രാജ്യങ്ങള്‍ ഇസ്രായിലി പക്ഷപാതം ഉപേക്ഷിച്ച് മനുഷ്യ മനഃസാക്ഷിയുടെ ശബ്ദം കേള്‍ക്കണമെന്നും ഗാസയില്‍ നടക്കുന്ന വംശഹത്യ ശ്രദ്ധിക്കണമെന്നും ഉപരോധത്തിലും പട്ടിണിയിലും ഫലസ്തീനികള്‍ക്കൊപ്പം നിലയുറപ്പിക്കണമെന്നും അറബ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.
ഗാസ ആശുപത്രിക്കെതിരായ ആക്രമണം അന്താരാഷ്ട്ര ചാര്‍ട്ടറുകളും നിയമങ്ങളും ഉടമ്പടികളും കാറ്റില്‍ പറത്തി ഇസ്രായില്‍ നടത്തുന്ന നഗ്നമായ നിയമ ലംഘനങ്ങളുടെ തെളിവാണെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പറഞ്ഞു. ആവര്‍ത്തിച്ചുള്ള ഗുരുതരമായ ഇസ്രായിലി നിയമ ലംഘനങ്ങള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളുടെ ഉറച്ച നിലപാടുകള്‍ സെക്രട്ടറി ജനറല്‍ ആവര്‍ത്തിച്ചു. ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണങ്ങളും നിയമ ലംഘനങ്ങളും അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.