അമ്മവേഷത്തിൽ പുതിയ വിലാസം

അച്ഛനും മകനും തമ്മിലുള്ള പിണക്കത്തിൽ ഉരുകിത്തീരുന്ന ഒരമ്മ. വില്ലേജ് ഓഫീസറായ രാജീവിന്റെയും വീട്ടമ്മയായ അനുവിന്റെയും ഏക മകനാണ് സൂരജ്. സംഗീതത്തെ മനസ്സിൽ താലോലിക്കുന്ന സൂരജിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എ.ആർ. റഹ്മാൻ ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നു പഠിക്കണമെന്നത്. അക്കാര്യത്തിൽ അച്ഛൻ രാജീവന് താൽപര്യമുണ്ടായിരുന്നില്ല. പഠിച്ച് നല്ല നിലയിലെത്താൻ ആഗ്രഹിക്കുന്ന ആ അച്ഛനോട് മകന് തന്റെ വഴിക്ക് വിടാത്തതിലുള്ള നീരസമുണ്ട്. കോളേജിലെ ആസ്ഥാന ഗായകനായ സൂരജിന് ഒരു പ്രണയമുണ്ട്. വീട്ടിൽ കർക്കശക്കാരനാണെങ്കിലും രാജീവനും തന്റെ ആദ്യകാമുകിയെ കണ്ടെത്തിയതോടെ പ്രണയ ലോകത്താണ്. 
അച്ഛനും മകനും അടിമുടി പ്രണയത്തിൽ കുളിച്ചുനിൽക്കുന്ന ആ വീട്ടിൽ തന്റേതായ സന്തോഷങ്ങളുമായി കഴിയുകയാണ് വീട്ടമ്മയായ അനുശ്രീ. പ്രണയ ലോകത്ത് വ്യാപൃതരായതിനാൽ അനുശ്രീയുടെ ആഗ്രഹങ്ങളോ ഇഷ്ടങ്ങളോ ഒന്നും കാണാൻ അവർക്ക് സമയമില്ല. ഇതിനിടയിലാണ് അനുവിന് ആകസ്മിക മരണം സംഭവിക്കുന്നത്. പെട്ടെന്നൊരു ദിവസം ആരോടും പറയാതെ ജീവിതത്തിൽനിന്നും ഇറങ്ങിപ്പോയപ്പോഴാണ് അമ്മയില്ലാത്ത ശൂന്യത അവർക്ക് അനുഭവപ്പെടുന്നത്. തികച്ചും അപ്രതീക്ഷിതമായുണ്ടായ ഈ സംഭവം ആ അച്ഛന്റെയും മകന്റെയും ജീവിതം മാറ്റിമറിക്കുകയാണ്. നിഖിൽ മുരളി ഒരുക്കിയ പ്രണയ വിലാസം എന്ന ചിത്രത്തിലൂടെ അച്ഛനായി മനോജും മകനായി അർജുൻ അശോകനും ഭാര്യയായി ഡോ. ശ്രീധന്യയും ഗംഭീര പ്രകടനമാണ് കാഴ്ചെവച്ചത്.


കുടുംബ ജീവിതത്തിന്റെ കെട്ടുപാടുകളിൽ ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ഭാര്യക്ക് അവരുടേതായ ജീവിതമുണ്ടെന്നും അത് മനസ്സിലാക്കാൻ ആരും ശ്രമിക്കാറില്ലെന്നും ചിത്രം അടിവരയിടുന്നു. സിനിമയുടെ പേരിൽ തന്നെ പ്രണയമുണ്ടെങ്കിലും വെറുമൊരു പ്രണയ ചിത്രമായി മാത്രം ഇതിനെ കാണാനാവില്ല. സ്‌നേഹവും നൊമ്പരവും ആകുലതകളും ആശങ്കയും ആത്മാർത്ഥതയുമെല്ലാം ചിത്രം വിളംബരം ചെയ്യുന്നുണ്ട്. അനുശ്രീ എന്ന കഥാപാത്രത്തെ തികഞ്ഞ കൈയടക്കത്തോടെ അവതരിപ്പിച്ച ശ്രീധന്യ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ടെലിവിഷൻ അവതാരകയായി ക്യാമറക്കു മുന്നിലെത്തിയ ശ്രീധന്യ മികച്ച അവതാരകക്കുള്ള അവാർഡും നേടിയിട്ടുണ്ട്.
പ്രണയ വിലാസത്തിലേക്ക്

നടിയെന്ന നിലയിൽ ഒരു മേൽവിലാസമുണ്ടാക്കിയ ചിത്രമാണ് പ്രണയ വിലാസം. അനശ്വര രാജൻ അവതരിപ്പിച്ച കഥാപാത്രവുമായുള്ള സാമ്യമാണ് ഈ ചിത്രത്തിലേക്ക് ക്ഷണിക്കാൻ ഇടയാക്കിയത്. സംവിധായകൻ നിഖിൽ മുരളി കഥയെയും കഥാപാത്രത്തെയും കുറിച്ച് കൃത്യമായി പറഞ്ഞു തന്നിരുന്നു. തിരക്കഥ വായിച്ചപ്പോൾ തന്നെ ശ്രദ്ധിക്കപ്പെടുന്ന വേഷമാണെന്ന് മനസ്സിലായി. സിനിമയിലും അനുശ്രീ എന്ന കഥാപാത്രത്തിന് നല്ല പ്രാധാന്യമുണ്ടായിരുന്നു. ആദ്യ പകുതിയിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയിലെത്തുമ്പോൾ ആ കഥാപാത്രം മരിക്കുകയാണ്. അനുശ്രീയുടെ ഫ്ലാഷ് ബാക്കിലൂടെയാണ് പിന്നീട് ചിത്രം മുന്നോട്ടു പോകുന്നത്. കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പങ്കുവെച്ചത്. അനുശ്രീയെപ്പോലെ സ്വന്തം ആഗ്രഹങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനാവാതെ കുടുംബത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കിടയിൽ മറന്നുപോകുന്ന ഒരുപാട് വീട്ടമ്മമാരുണ്ട്. അവരുടെ പ്രതിനിധിയായതുകൊണ്ടാകണം പലരും വിളിച്ച് തങ്ങളുടെയും ജീവിതം ഇത്തരത്തിലാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
 

ക്യാമറക്കു മുന്നിലേക്കുള്ള വഴി

കോളേജ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് അഭിനയ വഴിയിലെത്തിയത്. രാജഗിരി കോളേജിലും അമിറ്റി ബിസിനസ് സ്‌കൂളിലുമെല്ലാം അധ്യാപികയായിരുന്നിട്ടുണ്ട്. അക്കാലത്ത് തന്നെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുപോന്നു. പാരച്യൂട്ടിന്റെയും ഹമാമിന്റെയും കോൾഗേറ്റിന്റെയുമെല്ലാം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ടെലിവിഷൻ അവതാരകയായും സീരിയൽ അഭിനേത്രിയായുമെല്ലാം വേഷമിട്ടു. ഒടുവിൽ ഇഷ്ട ലാവണമെന്ന നിലയിലാണ് അധ്യാപക ജോലി ഉപേക്ഷിച്ച് സിനിമയിൽ നിലയുറപ്പിക്കാൻ തീരുമാനിച്ചത്.
അവതാരക വേഷം

കുട്ടിക്കാലം തൊട്ടേ കലാരംഗത്തുണ്ടായിരുന്നു. സ്‌കൂൾ കാലം തൊട്ടേ ഭരത്യനാട്യം അഭ്യസിച്ചുപോന്നു. സ്‌കൂളിലും കോളേജിലുമെല്ലാം കലാമത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിരുന്നു. അമൃത ടി.വിയിൽ സംപ്രേഷണം ചെയ്ത സമാന്തരം എന്ന ഷോയിലൂടെയാണ് അവതാരകയായത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കൂടെവിടെ എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് കടക്കുകയും ചെയ്തു.

സിനിമയിലേക്ക്

ശശി പരവൂർ സംവിധാനം ചെയ്ത കടാക്ഷം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ചെറിയ വേഷമായിരുന്നു. കഥാപാത്രത്തെ ഇഷ്ടപ്പെട്ടാൽ മാത്രം അവതരിപ്പിച്ചാൽ മതിയെന്നായിരുന്നു സംവിധായന്റെ നിർദേശം. കുടുംബത്തിനൊപ്പമാണ് സെറ്റിലെത്തിയത്. കഥാപാത്രത്തെ ഇഷ്ടപ്പെടുകയും നന്നായി അവതരിപ്പിക്കുകയും ചെയ്തു. 
സിബി മലയിലിന്റെ അപൂർവ രാഗം എന്ന ചിത്രത്തിലും വേഷമിട്ടു. തുടർന്ന് അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, സലാം ബാപ്പു സംവിധാനം ചെയ്ത മമ്മൂക്കയുടെ മംഗ്ലീഷ്, കമൽ സംവിധാനം ചെയ്ത പ്രണയ മീനുകളുടെ കടൽ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ഇതിനിടയിൽ പഠനത്തിന്റെ ഭാഗമായി കുറച്ചുകാലം അഭിനയ രംഗത്തുനിന്നും മാറിനിന്നു. പ്രണയ വിലാസത്തിലൂടെയാണ് തിരിച്ചെത്തിയത്.
അമ്മവേഷത്തിൽ തിളങ്ങിയതോടെ വരുന്നതെല്ലാം അത്തരത്തിലുള്ള വേഷങ്ങളാണ്. ഒരേതരം കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിനോട് താൽപര്യമില്ല. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതായിരിക്കണം. മാത്രമല്ല, സിനിമയിൽ ആ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നും ശ്രദ്ധിക്കാറുണ്ട്. മനസ്സിന് സന്തോഷവും സംതൃപ്തിയും നൽകുന്ന വേഷങ്ങൾ മാത്രമേ സ്വീകരിക്കാറുള്ളൂ. കോമഡി വേഷങ്ങൾ അവതരിപ്പിക്കാൻ താൽപര്യമുണ്ട്. മാത്രമല്ല, ആയോധന കലയായ കളരി അഭ്യസിച്ചതുകൊണ്ട് അത്തരത്തിലുള്ള വേഷവും അവതരിപ്പിക്കണമെന്നുണ്ട്. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നാണ് മോഹം. കൂടാതെ വെബ്‌സീരീസിലും ഒരുകൈ നോക്കണമെന്നുണ്ട്.

പുതിയ ചിത്രങ്ങൾ

പ്രണയ വിലാസത്തിനു ശേഷം സാജിത് യഹിയ സംവിധാനം ചെയ്യുന്ന ഖൽബ് എന്ന ചിത്രത്തിലാണ് വേഷമിട്ടത്. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രം. തികച്ചും വ്യത്യസ്തമായ ഒരു വേഷത്തിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു ആംഗ്‌ളോ ഇന്ത്യൻ അഭിഭാഷകയുടെ വേഷം. അടുത്ത് തന്നെ ചിത്രം തിയേറ്ററിലെത്തുമെന്നാണ് കരുതുന്നത്.

കുടുംബ വിശേഷം

പാലക്കാട് വടക്കഞ്ചേരിയിലാണ്  ജനിച്ചത്. അച്ഛൻ ടി.വി. ഹരി കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്നു. അമ്മ സരോജാദേവി അധ്യാപികയും. ഒരു സഹോദരനുണ്ട്, ശ്രീജിത്. ബിരുദ പഠനം തൃശൂർ വിമല കോളേജിലായിരുന്നു. കൊച്ചി രാജഗിരിയിൽനിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. 
പഠനകാലത്താണ് ഋഷികേശുമായി അടുക്കുന്നത്. ആ അടുപ്പം വിവാഹത്തിലെത്തുകയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജനറൽ മാനേജരാണ് ഋഷികേശ്. 
മൂത്ത മകൾ വൈഷ്ണവി ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിയാണ്. ഇളയ മകളായ മൃണാളിനി പ്ലസ് ടു വിദ്യാർഥിനിയും. ഭർത്താവും മക്കളും നൽകുന്ന പ്രോത്സാഹനമാണ് അഭിനയ ജീവിതത്തിന്റെ കരുത്ത്. ഏറ്റവും വലിയ വിമർശകരും ഇവർ തന്നെയാണ്. മുംബൈയിലാണ് കുടുംബസമേതം താമസിക്കുന്നത്.

Latest News