Sorry, you need to enable JavaScript to visit this website.

കൂടുതൽ കളിക്കാർ സിറ്റി, കൂടുതൽ ഗോൾ പി.എസ്.ജി

ലോകകപ്പ് ക്ലബ്ബുകളുടെ കളിയല്ല, നാടുകളുടെ ഏറ്റുമുട്ടലാണ്. പക്ഷെ ഓരോ കാലത്തും ഏത് ക്ലബ്ബാണ് ലോകം വാഴുന്നതെന്നതിന്റെ സൂചന കൂടിയാണ് ലോകകപ്പ്. ഏത് രാജ്യത്തിലെ ലീഗ് ഫുട്‌ബോളിനാണ് കൂടുതൽ ആരോഗ്യമെന്നതിന്റെ പ്രദർശനവും കൂടിയാണ് അത്. ക്രൊയേഷ്യക്കെതിരെ ഫൈനലിൽ അണിനിരന്നത് ഫ്രാൻസ് ആണെങ്കിലും അത് ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെ വിജയമായി കണ്ടവരുണ്ട്. ഫൈനൽ ജയിച്ച ഫ്രാൻസ് ടീമിനു വേണ്ടി കളത്തിലിറങ്ങിയ 11 പേരിൽ നാല് പ്രീമിയർ ലീഗ് കളിക്കാരുണ്ട് -ചെൽസിയുടെ എൻഗോലൊ കാണ്ടെ, ഒലിവിയർ ജിരൂ, ടോട്ടനമിന്റെ ഹ്യൂഗൊ ലോറീസ്, മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പോൾ പോഗ്ബ എന്നിവർ.
മൊത്തം ലോകകപ്പിനെത്തിയ കളിക്കാരുടെ എണ്ണം പരിഗണിക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയാണ് മികച്ച ക്ലബ്. സിറ്റിയുടെ 15 കളിക്കാർ ലോകകപ്പിൽ വിവിധ ടീമുകളിലുണ്ടായിരുന്നു. അവരുടെ വേറെ ഏതാനും കളിക്കാർക്ക് തലനാരിഴക്കാണ് ടീമുകളിൽ സ്ഥാനം നഷ്ടപ്പെട്ടത്. ചെൽസിയുടെയും റയൽ മഡ്രീഡിന്റെയും 13 കളിക്കാർ ലോകകപ്പ് കളിച്ചു. 
സിറ്റി കളിക്കാരിൽ ഏറ്റവും കൂടുതൽ സമയം ലോകകപ്പ് കളിച്ചത് ഇംഗ്ലണ്ടിന്റെ ജോൺ സ്‌റ്റോൺസാണ് -645 മിനിറ്റ്. കെവിൻ ഡിബ്രൂയ്‌നെ (ബെൽജിയം)-540 മിനിറ്റ്, കയ്ൽ വാക്കർ (ഇംഗ്ലണ്ട്)-495 മിനിറ്റ്, റഹീം സ്‌റ്റെർലിംഗ് (ഇംഗ്ലണ്ട്) - 454 മിനിറ്റ്, ഗബ്രിയേൽ ജെസ്യൂസ് (ബ്രസീൽ) - 406 മിനിറ്റ്, വിൻസന്റ് കോമ്പനി (ബെൽജിയം) -376 മിനിറ്റ്, നിക്കൊളാസ് ഓടാമെണ്ടി (അർജന്റീന) - 360 മിനിറ്റ്, ഡാവിഡ് സിൽവ (സ്‌പെയിൻ) - 327 മിനിറ്റ്, ബെർണാഡൊ സിൽവ (പോർചുഗൽ) -238 മിനിറ്റ്, ഫാബിയൻ ഡെൽഫ് (ഇംഗ്ലണ്ട്) -220 മിനിറ്റ്, സെർജിയൊ അഗ്വിരൊ (അർജന്റീന) - 178 മിനിറ്റ്, ഫെർണാണ്ടിഞ്ഞൊ (ബ്രസീൽ) - 155 മിനിറ്റ്, ഡാനിലൊ (ബ്രസീൽ) - 90 മിനിറ്റ്, ഇൽകേ ഗുണ്ടോഗൻ (ജർമനി) - 59 മിനിറ്റ്, ബെഞ്ചമിൻ മെൻഡി (ഫ്രാൻസ്) - 40 മിനിറ്റ്.
കൂടുതൽ കളിക്കാർ
മാഞ്ചസ്റ്റർ സിറ്റി -15
ചെൽസി - 13
റയൽ മഡ്രീഡ് - 13
ടോട്ടനം - 12
യുവന്റസ് - 12
ബയേൺ മ്യൂണിക് - 12
മാഞ്ചസ്റ്റർ യുനൈറ്റഡ്  - 11
ബാഴ്‌സലോണ - 11
പി.എസ്.ജി - 11
ലെസ്റ്റർ സിറ്റി - 10
ഇതിൽ ലെസ്റ്റർ സിറ്റിയുടെ കാര്യം അൽപം കൗതുകമാണ്. 2015-16 ൽ അപ്രതീക്ഷിതമായി ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുണ്ടെങ്കിലും ക്ലബ് ഫുട്‌ബോളിലെ ഉന്നതന്മാരുടെ പട്ടികയിലല്ല ലെസ്റ്റർ. എന്നിട്ടും അവരുടെ 10 കളിക്കാർ ലോകകപ്പ് ടീമുകളിലുണ്ടായിരുന്നു. 
ഏറ്റവും കൂടുതൽ കളിക്കാർ മാഞ്ചസ്റ്റർ സിറ്റിയുടേതായിരുന്നുവെങ്കിലും ഏറ്റവും കൂടുതൽ മിനിറ്റ് കളിച്ചത് ടോട്ടനം കളിക്കാരാണ്. ടോട്ടനം 4812 മിനിറ്റും സിറ്റി 4583 മിനിറ്റും ബാഴ്‌സലോണ 4191 മിനിറ്റും. ചെൽസി (4150 മിനിറ്റ്), റയൽ (4041 മിനിറ്റ്), യുനൈറ്റഡ് (3956 മിനിറ്റ്), അത്‌ലറ്റിക്കൊ മഡ്രീഡ് (3386 മിനിറ്റ്), പി.എസ്.ജി (3205 മിനിറ്റ്), യുവന്റസ് (2791 മിനിറ്റ്), ഇന്റർ മിലാൻ (2217 മിനിറ്റ്) എന്നിവയാണ് കൂടുതൽ കളിച്ച ക്ലബ്ബുകൾ.
ഏറ്റവും കൂടുതൽ വിജയം ചെൽസിക്കും ടോട്ടനമിനുമാണ്. 34 വിജയങ്ങൾ വീതം. മാഞ്ചസ്റ്റർ സിറ്റി -31, ബാഴ്‌സലോണ - 29, യുനൈറ്റഡ് - 28, പി.എസ്.ജി - 26, അത്‌ലറ്റിക്കൊ - 26, റയൽ - 24, യുവന്റസ് - 19, ഇന്റർ - 15 ക്ലബ്ബുകളാണ് തൊട്ടുപിന്നിൽ.
ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാർ പി.എസ്.ജിയിൽ നിന്നാണ്. പി.എസ്.ജിയുടെ 11 കളിക്കാരിൽ നിന്ന് 15 ഗോൾ പിറന്നു. കീലിയൻ എംബാപ്പെയാണ് (ഫ്രാൻസ്) മുന്നിൽ - നാല് ഗോൾ. എഡിൻസൻ കവാനി (ഉറുഗ്വായ്) - 3, നെയ്മാർ (ബ്രസീൽ) - 2, തിയാഗൊ സിൽവ (ബ്രസീൽ), എയിംഗൽ ഡി മരിയ (അർജന്റീന), തോമസ് മൂനീർ (ബെൽജിയം), ഗർസഗോറസ് ക്രിചോവിയാക് (പോളണ്ട്) -ഒന്നു വീതം. 
പി.എസ്.ജിക്കു പിന്നിൽ കൂടുതൽ ഗോളടിച്ച കളിക്കാരെ സമ്മാനിച്ച ക്ലബ്ബുകൾ ഇവയാണ്: ടോട്ടനം -12, ബാഴ്‌സലോണ - 10, യുനൈറ്റഡ് - 8, അത്‌ലറ്റിക്കൊ - 8, യുവന്റസ് - 8, റയൽ - 6, ചെൽസി - 5, സിറ്റി - 5, ലിവർപൂൾ - 5
കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച കളിക്കാർ റയലിൽ നിന്നാണ് -62. ക്രൊയേഷ്യയുടെ നായകൻ ലൂക്ക മോദ്‌റിച് മാത്രം 18 അവസരങ്ങൾ തുറന്നെടുത്തു. ബ്രസീൽ ഫുൾബാക്ക് മാഴ്‌സെലൊ ഒമ്പതും. ഏറ്റവുമധികം ഗോളിന് പാസ് നൽകിയത് ചെൽസി കളിക്കാരാണ് - ഏഴ്.
ഏറ്റവും കൂടുതൽ അവസരങ്ങൾ: റയൽ -62, സിറ്റി - 57, ബാഴ്‌സലോണ - 53, പി.എസ്.ജി - 53, ടോട്ടനം 47, ചെൽസി 40, അത്‌ലറ്റിക്കൊ - 35, യുവന്റസ് - 33, ബയേൺ 31, യുനൈറ്റഡ് - 30
 

Latest News