ഗാസ- നിലയ്ക്കാതെ തുടരുന്ന ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ തകര്‍ത്ത കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 500 കുട്ടികളടക്കം 1,200 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്ക് ലഭിച്ച കോളുകളുടെ അടിസ്ഥാനത്തില്‍ ഫലസ്തീനിലെ ആരോഗ്യ പ്രവര്‍ത്തകരാണ് കണക്ക് പുറത്തുവിട്ടത്.
ഇരകളുടെ നിലവിളി കേള്‍ക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു, പക്ഷേ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല- ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫ ഹോസ്പിറ്റലിന്റെ ജനറല്‍ ഡയറക്ടര്‍ മുഹമ്മദ് അബു സെല്‍മിയ പറഞ്ഞു.
ഇസ്രായില്‍ വ്യോമാക്രമണം തൊട്ടടുത്തുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടം നിരപ്പാക്കിയ ശേഷം രക്ഷാപ്രവര്‍ത്തകര്‍ അങ്ങോട്ടേക്ക് വന്നിട്ടേയില്ലെന്ന് ഗാസ സിറ്റിയിലെ താമസക്കാരനായ 37 കാരനായ അലി അഹദ് പറഞ്ഞു. താനും സുഹൃത്തുക്കളും പുറത്തേക്ക് പാഞ്ഞു, അവശിഷ്ടങ്ങള്‍ക്കിടയില്‍ അരിച്ചുപെറുക്കി, അവശിഷ്ടങ്ങളില്‍നിന്ന് രക്തത്തില്‍ കുളിച്ച സ്ത്രീകളെയും പുരുഷന്മാരെയും പുതപ്പുകള്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ പാടുപെട്ടു. ഷിഫ ഹോസ്പിറ്റലിലേക്ക് പോകുന്ന ആംബുലന്‍സ് കണ്ട് പിറകേ ഓടുകയും നിര്‍ത്താന്‍ അതിന്റെ ജനാലകളില്‍ ഇടിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
കൈകള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങളില്‍നിന്ന് ആളുകളെ രക്ഷിക്കാന്‍ കഴിയില്ലെന്നും അലി അഹദ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.