ജറൂസലം- ഗാസയിലെ ഏകപക്ഷീയമായ ഇസ്രായില്‍ ആക്രമണം ആരംഭിച്ച ശേഷം ഗാസയില്‍ കുറഞ്ഞത് 13 ഫലസ്തീന് മാധ്യമപ്രവര്‍ത്തകരും ഇസ്രായിലില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ചൊവ്വാഴ്ച ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഫലസ്തീന് പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പത്രപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ ആഴ്ച, സെന്‍ട്രല്‍ ഗാസ സിറ്റിയിലെ അല്‍ റിമാലില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏതാനും ഫലസ്തീന് പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മാധ്യമങ്ങളുടെ നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ഫലസ്തീന് ടവര്‍ അടക്കമുള്ള ബഹുനില മന്ദിരങ്ങളാണ് ഇസ്രായില്‍ തകര്‍ത്തത്. മുന്നറിയിപ്പ് പോലും നല്‍കാതെയായിരുന്നു ആക്രമണം. ഇസ്രായില്‍ ബോംബാക്രമണത്തെ തുടര്‍ന്ന് ഫലസ്തീനികള്‍ വീടുകള്‍ ഒഴിഞ്ഞുപോകുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ചിലര്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ മാധ്യമങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും ഫ്രീലാന്‍സര്‍മാരും ഉള്‍പ്പെടുന്നു. അധികം അറിയപ്പെടാത്ത പ്രാദേശിക മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരായതിനാല്‍ പലരെക്കുറിച്ചും കൃത്യമായ വിവരം പുറത്തുവന്നില്ല. തെക്കന്‍ ലെബനോനില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ടര്‍ ഇസ്സാം അബ്ദുല്ല ഇസ്രായില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുകയും അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങളുടെ ആറ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് കാര്യമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് സി.പി.ജെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഹമാസുമായി ബന്ധമുള്ള അല്‍ അഖ്സ റേഡിയോയില്‍ ജോലി ചെയ്ത ഒരാളും കൊല്ലപ്പെട്ട മാധ്യമ പ്രവര്ത്തകരില്പെടുന്നു. ഇസ്രായില്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ കാനിന്റെ എഡിറ്ററും ഹീബ്രു ഭാഷാ ദിനപത്രമായ മാരിവിന്റെ എഡിറ്ററും ഹീബ്രു ഭാഷയിലുള്ള ഇസ്രായില്‍ ഹയോം പത്രത്തിന്റെ ഫോട്ടോഗ്രാഫറും ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു.