കുവൈത്ത് സിറ്റി- സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ ബിൻ അഹ്മദ് അൽജാബിർ അൽസ്വബാഹും ചർച്ച നടത്തി. കുവൈത്തിലെ ബയാൻ കൊട്ടാരത്തിൽ വെച്ചാണ് കിരീടാവകാശി സൗദി വിദേശ മന്ത്രിയെ സ്വീകരിച്ചത്. ഗാസയിലെ പുതിയ സംഭവവികാസങ്ങളും സംഘർഷത്തിന് അറുതി കാണാനും നിരായുധരായ സാധാരണക്കാർക്ക് സംരക്ഷണം നൽകാനും അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെ പുതിയ സംഭവവികാസങ്ങളും സൗദി വിദേശ മന്ത്രിയും കുവൈത്ത് കിരീടാവകാശിയും ചർച്ചക്കു വിധേയമാക്കി. കുവൈത്ത് വിദേശമന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽജാബിർ അൽസ്വബാഹും കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സഅദ് ബിൻ ഖാലിദ് രാജകുമാരനും വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.






