ലൈംഗികപീഡനം: നൂറു വര്‍ഷം തടവ് കിട്ടിയ പ്രതിക്ക് വീണ്ടും 104 വര്‍ഷം കഠിനതടവ്

പത്തനംതിട്ട - എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയ കേസില്‍  പ്രതിക്ക് നൂറ്റിനാല് വര്‍ഷം കഠിനതടവും നാല് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും. അടൂര്‍ ഫസ്റ്റ് ട്രാക്ക് ആന്റ് സ്‌പെഷ്യല്‍ ജഡ്ജി എ സമീറിന്റെതാണ് വിധി. ശിക്ഷ ഒരുമിച്ച് ഒരു കാലയളവ് അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക കുട്ടിക്ക് നല്‍കണം, അല്ലാത്തപക്ഷം 26 മാസം കൂടി അധികകഠിനതടവ് അനുഭവിക്കണം.
പത്തനാപുരം  പുന്നല  കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദി (32) നെയാണ്  കോടതി ശിക്ഷിച്ചത്. അനുജത്തി മൂന്നര വയസ്സുകാരിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദൃക്‌സാക്ഷിയാണ് എട്ടുവയസ്സുകാരി. ആ കേസില്‍ കഴിഞ്ഞദിവസം ഇയാളെ 100 വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ഇതേ കോടതി ശിക്ഷിച്ചിരുന്നു. അടൂര്‍ പോലീസ് പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസായിരുന്നു അത്. ആദ്യകേസിലെ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.   ഇളയകുട്ടിക്കും പീഡനം ഏല്‍ക്കേണ്ടിവന്നു എന്ന് വ്യക്തമായതിനെതുടര്‍ന്ന് രണ്ടാമത്തെ കേസെടുക്കുകയായിരുന്നു.
പ്രതി മുമ്പ് താമസിച്ചിരുന്ന ഏനാദിമംഗലത്തെ വീട്ടില്‍ വെച്ച് 2021,  2022 കാലയളവില്‍ പലദിവസങ്ങളിലായി കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അശ്ലീലദൃശ്യങ്ങള്‍ കാട്ടിയശേഷമായിരുന്നു പീഡനം. അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷ് ആണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം  സമര്‍പ്പിച്ചത്.  ബലാല്‍സംഗത്തിനും, പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കുമാണ് കേസെടുത്തത്.   പ്രോക്‌സിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിതാ ജോണ്‍ പി ഹാജരായി.

 

Latest News