വയനാട്ടില്‍ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍, അച്ഛനെ പോലീസ് തിരയുന്നു

പുല്‍പള്ളി-യുവാവിനെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കാര്യമ്പാതി കതവാക്കുന്ന് തെക്കേക്കര ശിവദാസന്റെ മകന്‍ അമല്‍ദാസാണ്(22) മരിച്ചത്. ഇന്നു രാവിലെ ഏഴേമുക്കാലോടെ പ്രദേശവാസികളാണ്  കിടപ്പമുറിയില്‍ രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടെത്തിയത്. കോടാലി കൊണ്ട് തലക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം. വഴക്കിനിടെ പിതാവിന്റെ ആക്രമണത്തിലാണ് അമല്‍ദാസ് കൊല്ലപ്പെട്ടതെന്നാണ് സൂചന. പിതാവ് ശിവദാസനെ പോലീസ് അന്വേഷിച്ചുവരികയാണ്. കോടാലി വീട്ടുമുറ്റത്ത് കണ്ടെത്തി.
അമല്‍ദാസിന്റെ അമ്മയും സഹോദരിയും വേറേയാണ് താമസം. ഇന്നു രാവിലെ അമല്‍ദാസിനെ ഫോണില്‍ വിളിച്ച സഹോദരി അപശബ്ദങ്ങള്‍ കേട്ടു. കുറച്ചുകഴിഞ്ഞു വിളിച്ചപ്പോള്‍ അമല്‍ദാസ് ഫോണ്‍ എടുത്തില്ല. പന്തികേടുതോന്നിയ സഹോദരി ഫോണ്‍ ചെയ്ത് നിര്‍ദേശിച്ചതനുസരിച്ച് സമീപവാസികളില്‍ ചിലര്‍ ചെന്നുനോക്കിയപ്പോഴാണ് ദാരുണരംഗം കണ്ടത്. വാര്‍ഡ് അംഗം സിന്ധുവും ഭര്‍ത്താവ് സാബുവുമാണ് വീട്ടില്‍ ആദ്യം എത്തിയത്. ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കേണിച്ചിറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കതവാക്കുന്ന്. അമല്‍ദാസിന്റെ വീട്ടില്‍ കുറച്ചുകാലമായി കുടുംബപ്രശ്‌നങ്ങള്‍ ഉള്ളതായി വാര്‍ഡ് അംഗം പറഞ്ഞു.

Latest News