ഗാസ- ഗാസയിലെ ജനങ്ങള്‍ ഇസ്രായില്‍ ഭീഷണിയില്‍ പേടിച്ച് ഒരിക്കലും ഗാസ വിട്ടുപോകില്ലെന്ന് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ. ഗാസ മുനമ്പില്‍ ഇസ്രായില്‍ വംശഹത്യ നടത്തുകയാണെന്നും വീഡിയോ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഗാസ വിടുകയോ ഈജിപ്തിലേക്ക് ഓടിപ്പോകുകയോ ചെയ്യില്ല. അമേരിക്കയുടേയും ചില യൂറോപ്യന്‍ രാജ്യങ്ങളുടേയും പിന്തുണയോടെയാണ് ഇസ്രായില്‍ അതിക്രമം കാട്ടുന്നത്. സയണിസ്റ്റ് അക്രമങ്ങളെ ധീരമായി നേരിടുന്ന ഗാസയിലെ ജനങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു- അദ്ദേഹം പറഞ്ഞു. ഹമാസ് സ്വാതന്ത്ര്യ പ്രസ്ഥാനമാണെന്നും സിവിലിയന്മാരെ ഒരിക്കലും ലക്ഷ്യമിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗാസയില്‍ മാനുഷിക സഹായം എത്തിക്കാന്‍ അനുവദിക്കാത്ത ഇസ്രായില്‍ യുദ്ധക്കുറ്റമാണ് ചെയ്യുന്നതെന്നും ഹമാസ് മേധാവി പറഞ്ഞു. 'ഇസ്രായിലിന്റെ അതിക്രമങ്ങള്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് തുല്യമാണ്,' അദ്ദേഹം യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തില്‍ പറഞ്ഞു. പലസ്തീന് ഗ്രൂപ്പിന്റെ വെബ്സൈറ്റില്‍ കത്ത് പോസ്റ്റ് ചെയ്തു.
ഫലസ്തീന് പ്രദേശത്ത് ഏര്‍പ്പെടുത്തിയ 'ക്രൂരമായ ഇസ്രായില്‍ ഉപരോധത്തെ' ഹനിയ അപലപിച്ചു, 'ഇസ്രായില്‍ അധിനിവേശം ഗാസ മുനമ്പിലേക്കുള്ള മനുഷ്യത്വപരമായ സഹായവും മെഡിക്കല്‍ വിതരണവും തടയുന്നതായി അദ്ദേഹം ആരോപിച്ചു.
ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിന് ഇസ്രായിലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അദ്ദേഹം ഗുട്ടെറസിനോട് അഭ്യര്‍ത്ഥിച്ചു.
ഇസ്രായില്‍ ഗാസയില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ 700ലധികം കുട്ടികള്‍ ഉള്‍പ്പെടെ 2,200ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ 'സമ്പൂര്‍ണ ഉപരോധം' ഏര്‍പ്പെടുത്തി. വൈദ്യുതി, വെള്ളം, ഇന്ധന വിതരണം എന്നിവ നിര്‍ത്തി.
അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ തോക്കുധാരികള്‍ പിടിച്ചെടുത്ത 150 തടവുകാരെ ഹമാസ് മോചിപ്പിക്കുന്നതുവരെ വിതരണം പുനരാരംഭിക്കില്ലെന്ന് ഇസ്രായില്‍ പറയുന്നു.