Sorry, you need to enable JavaScript to visit this website.

പൈനാപ്പിളിനെ കുറിച്ച് സംസാരിച്ചു; സഫ ഒടുവില്‍ ജയിലിലായി

ലണ്ടന്‍- ബ്രിട്ടനില്‍ ആദ്യമായി ഒരു പതിനെട്ടുകാരി ഭീകര പ്രവര്‍ത്തനത്തിനു ജയിലിലായി. ഭീകരതയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് ജയിലിലടച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് സഫാ ബൗലര്‍. ലണ്ടനില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നതാണ് കുറ്റം. ഉമ്മയുമായും മൂത്ത സഹോദരിയുമായും ചേര്‍ന്ന് ഈ പെണ്‍കുട്ടി ലണ്ടനില്‍ ഐ.എസിന്റെ ആദ്യത്തെ വനിതാ സെല്‍ രൂപീകരിച്ചുവെന്ന ആരോപണം കോടതി ശരിവെച്ചു. ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്ന പെണ്‍കുട്ടി ചുരുങ്ങിയത് 13 വര്‍ഷം ജയിലില്‍ കഴിയണം.
ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഐ.എസ് പോരാളിയെ വിവാഹം ചെയ്യുന്നതിന് സിറയയില്‍ പോകാനൊരുങ്ങിയ പെണ്‍കുട്ടിയെ യു.കെ അധികൃതര്‍ തടഞ്ഞതിനു പിന്നാലെയാണ് ബ്രിട്ടീഷ് തലസ്ഥാനത്ത് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതെന്നും ഇതിനായി കോഡ് ഭാഷയാണ് ഉപയോഗിച്ചിരുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഫോണുകളില്‍ ദുരൂഹ ആധാര്‍ നമ്പര്‍; ഗൂഗിള്‍ കുറ്റമേറ്റു

 

ലണ്ടന്‍ ഓള്‍ഡ് ബെയ്‌ലിയിലെ കോടതി ജഡ്ജി മാര്‍ക്ക് ഡെന്നിസാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടി ഭീകരതയെ തള്ളിപ്പറഞ്ഞിരുന്നുവെന്ന വാദം നിരാകരിച്ച ജഡ്ജി എന്താണ് ചെയ്യുന്നതെന്ന് അവള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നുവെന്നാണ് വ്യക്തമാക്കിയത്.

കഴിഞ്ഞ ജൂണില്‍ സഫയുടെ സഹോദരി റിസ്‌ലൈനെ (22) കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. കുറഞ്ഞത് 16 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. ഉമ്മ മൊറോക്കന്‍ വംശജയായ മിന ഡിച്ചിന് ആറു വര്‍ഷവും ഒമ്പത് മാസവുമാണ് ശിക്ഷ. ഭീകരാക്രമണങ്ങള്‍ക്കുള്ള ഗൂഡാലോചനക്ക് സഹായിച്ചുവെന്ന കുറ്റത്തിനാണ് മിനക്ക് കുറഞ്ഞ ജയില്‍ ശിക്ഷ നല്‍കിയത്.
ബ്രിട്ടീഷുകാരനായ ഐ.എസ് പോരാളി നവീദ് ഹുസൈനുമായി (32) ബന്ധപ്പെടുമ്പോള്‍ സഫക്ക് 16 വയസ്സ് മാത്രമായിരുന്നു പ്രായം. ഇവര്‍ വിവാഹത്തെ കുറിച്ച് മാത്രമല്ല, ചാവേര്‍ ബെല്‍റ്റുകള്‍ അണിയുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.
എന്നാല്‍ 2016 ഓഗസ്റ്റില്‍ കുടുംബ സമേതം മൊറോക്കോയില്‍ പോയി തിരിച്ചുവരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയതോടെ സിറിയയില്‍ പോകാനും നവീദുമായി സന്ധിക്കാനുമുള്ള സഫയുടെ പദ്ധതി പാളി. ഇതോടെ ബ്രിട്ടനില്‍തന്നെ ആക്രമണങ്ങള്‍ നടത്താന്‍ സഫ പദ്ധതിയിടുകയായിരുന്നു.
ആള്‍മാറാട്ടം നടത്തി ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍ സഫ കോഡ് ഭാഷയാണ് ഉപയോഗിച്ചിരുന്നത്. ഗ്രനേഡുകള്‍ക്ക് പൈനാപ്പിള്‍ എന്ന പദമാണ് ഉപയോഗിച്ചിരുന്നതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. സിറിയയിലുണ്ടായിരുന്ന നവീദ് ഹുസൈന്‍ പിന്നീട് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
 
 

Latest News