Sorry, you need to enable JavaScript to visit this website.

കോട്ടയത്തെ തുമ്പിപ്പെണ്ണ് കൊച്ചിയില്‍ പിടിയിലായി;പിടിച്ചത് കെണിയൊരുക്കി

കൊച്ചി- കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം പരിസരത്തുനിന്ന് 25 ലക്ഷം രൂപ വിലവരുന്ന അരക്കിലോയോളം രാസലഹരി പിടിച്ചു. കോട്ടയം സ്വദേശിയായ യുവതിയടക്കം അഞ്ചു പേരാണ് പിടിയിലായത്.
നഗരത്തിലെ ലഹരിവില്‍പ്പനക്കാര്‍ക്കിടയില്‍  തുമ്പിപ്പെണ്ണ് എന്ന പേരില്‍ അറിയപ്പെടുന്ന യുവതിയും സംഘവുമാണ് അറസ്റ്റിലായത്. രാസലഹരി കടത്തിന് ചുക്കാന്‍ പിടിച്ചത് തുമ്പിപ്പെണ്ണ് എന്നറിയപ്പെടുന്ന ചിങ്ങവനം സ്വദേശിനി സൂസിമോളാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
അങ്കമാലി സ്വദേശി എല്‍റോയ്, കാക്കനാട് അത്താണി സ്വദേശി അജ്മല്‍, ചെങ്ങമനാട് സ്വദേശി അമീര്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

ഹിമാചല്‍ പ്രദേശില്‍ നിന്ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തുന്ന ലഹരി വസ്തുക്കള്‍ കൊച്ചി നഗരത്തില്‍ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ലഹരിമരുന്ന് ആവശ്യപ്പെട്ടാണ്  എക്‌സൈസ് സംഘം തുമ്പിപ്പെണ്ണ് സംഘത്തെ വിളിച്ചുവരുത്തി. രാത്രി എട്ട് മണിയോടെ കാറില്‍ സ്‌റ്റേഡിയം പരിസരത്തെത്തിയ സംഘത്തെ എക്‌സൈസ് വളഞ്ഞു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലഹരി ഓര്‍ഡര്‍ ചെയ്താല്‍ മാലിന്യമെന്ന് തോന്നിക്കുന്ന തരത്തില്‍ കവറിലാക്കി നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് ഉപേക്ഷിക്കും. തുടര്‍ന്ന് ഈ സ്ഥലത്തിന്റെ ലൊക്കേഷന്‍ സംഘത്തിന്റെ വാട്‌സ്ആപ്പിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്ന ലഹരിമരുന്ന് നഗരത്തില്‍ വിതരണം ചെയ്യും. സംഘത്തിന്റെ ഇടപാടുകളെ കുറിച്ച് രഹസ്യ വിവരം ലഭിച്ച എക്‌സൈസ് ദിവസങ്ങളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.

 

Latest News