കപ്പലിലെ ജീവനക്കാരനായ നിലമ്പൂരുകാരനെ കാണാനില്ലെന്ന് പരാതി, കാണാതായത് മലേഷ്യയിലേക്കുള്ള യാത്രയില്‍

നിലമ്പൂര്‍ - കപ്പലില്‍ ജീവനക്കാരനായ നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശിയെ കാണാതായതായി പരാതി. ചേലോട് കൈനാരി കേശവദാസിന്റെയും ഗിരിജയുടെയും മകന്‍ മനേഷ് കേശവദാസി (43)നെയാണ് ബുധനാഴ്ചമുതല്‍ കാണാതായത്. ലൈബീരിയയില്‍ രജിസ്റ്റര്‍ചെയ്ത ഡൈനാകോം കമ്പനിയുടെ കപ്പലിലെ സെക്കന്‍ഡ് ഓഫീസറാണ് മനേഷ്. യു എ ഇയിലെ ജബല്‍ ധനയില്‍നിന്ന്  മലേഷ്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. ബുധനാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് ജോലികഴിഞ്ഞ് മുറിയിലേക്ക് പോയ മനേഷിനെ പിന്നീട് കാണാതാവുകയായിരുന്നു. പുലര്‍ച്ചെ ഒന്നിന് ഭാര്യയെ ഫോണില്‍ വിളിച്ചിരുന്നു. രാവിലെ 6.30ന് സുഹൃത്തിനെ വിളിച്ച് ജന്മദിനാശംസകളും അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ ചാര്‍ജിലിട്ട നിലയിലായിരുന്നു. വൈകിട്ട് നാലരയോടെയാണ് കപ്പല്‍ കമ്പനി അധികൃതര്‍ ഫോണ്‍വിളിച്ച് മനേഷിനെ കാണാനില്ലെന്ന് കുടുംബത്തെ വിവരമറിയിക്കുന്നത്. കമ്പനി പ്രതിനിധി കോഴിക്കോട്ടെ ഫ്‌ലാറ്റിലെത്തുകയും ചെയ്തു. സംഭവത്തില്‍ മനേഷിന്റെ കുടുംബം കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, ഷിപ്പിങ് ഡയറക്ടറേറ്റ് ജനറല്‍, കോഴിക്കോട് പൊലീസ് കമീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. വര്‍ഷങ്ങളായി കപ്പലില്‍ ജോലിചെയ്യുന്ന മനേഷ് ആഗസ്ത് ആദ്യവാരമാണ് ലീവിനുശേഷം ജോലിയില്‍ പ്രവേശിക്കുന്നത്.

 

Latest News