Sorry, you need to enable JavaScript to visit this website.

വാടകക്കരാർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പണി പാളും; ഫീസ് 250 റിയാൽ

വാടകക്കരാർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ഇഖാമ പുതുക്കാനാവില്ല

റിയാദ് - സൗദിയിൽ വിദേശികളുടെതടക്കമുള്ള പാർപ്പിട വാടക കരാർ പാർപ്പിട മന്ത്രാലയത്തിന്റെ ഈജാർ നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പണി പാളുമെന്നുറപ്പ്.  ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അധികൃതർ മലയാളം ന്യുസുമായി പങ്കുവെച്ചു. വാടകക്കരാർ പുതുക്കേണ്ടത് അംഗീകൃത റിയൽ എസ്റ്റേറ്റ് ഏജന്റുമാർ വഴിയാണെന്നും കെട്ടിടയുടമയുടെയും വാടകക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കാനും റിയൽ എസ്‌റ്റേറ്റ് മേഖല ക്രമീകരിക്കാനുമാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും ഈജാർ ഉദ്യോഗസ്ഥർ മലയാളം ന്യൂസിനോട് പറഞ്ഞു. വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്ത പാർപ്പിട വാടക കരാർ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ അടുത്തമാസം മുതൽ നടപ്പാക്കാൻ തൊഴിൽ - സാമൂഹിക മന്ത്രാലയവും പാർപ്പിട കാര്യമന്ത്രാലവും ധാരണയിലെത്തിയതിനാൽ രജിസ്‌ട്രേഷൻ നടപടികൾ ത്വരിതഗതിയിലാക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
വാടകക്കരാർ രജിസ്റ്റർ ചെയ്യുന്നതിന് ബലി പെരുന്നാൾ അവധിയടക്കം നാലാഴ്ച്ചയേ ബാക്കിയുള്ളൂ. ഇഖാമ പുതുക്കാനുള്ളവർ ഈജാർ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ഇഖാമ പുതുക്കാൻ കഴിയാതെ പിഴ അടക്കേണ്ടിവരും. വാടകക്കരാറുകൾ ഈജാറുമായി ബന്ധിപ്പിക്കണമെന്ന് വിവിധ സ്ഥാപനങ്ങളും കമ്പനികളും  ജീവനക്കാരോട് ആവശ്യപ്പെട്ടുവരികയാണ്. ഉടമകളിൽനിന്ന് നേരിട്ട് റൂമെടുത്ത് താമസിക്കുന്നവർ ഉടമയുമായി ബന്ധപ്പെട്ട് അംഗീകൃത റിയൽ എസ്റ്റേറ്റ് ഓഫീസുകൾ വഴി ഈജാറിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ഊർജിതമാക്കേണ്ടതുണ്ട്. അംഗീകൃത റിയൽ എസ്‌റ്റേറ്റ് ഓഫീസ് നടത്തിപ്പുകാരനോ ജീവനക്കാരനോ ആയ കെട്ടിട ഉടമകൾക്ക് മാത്രമേ ഈജാറിൽ രജിസ്റ്റർ ചെയ്യാനാവുകയുള്ളൂ. വാടകക്കാരന് ഈജാറിൽ രജിസ്റ്റർ ചെയ്യാനുമാവില്ല. റിയൽ എസ്‌റ്റേറ്റ് ഓഫീസുകൾക്ക് അവരുടെ ഫീസും രജിസ്‌ട്രേഷനുള്ള സർക്കാർ ഫീസും നൽകിയാൽ മാത്രമേ നടപടികൾ പൂർത്തിയാവുകയുള്ളൂ. ഓരോ വിദേശിയും എവിടെ ആരോടൊപ്പം താമസിക്കുന്നുവെന്ന വ്യക്തമായ വിവരവും ഇതുവഴി സർക്കാർ ഏജൻസികൾക്ക് കണ്ടെത്താനാവും. പാർപ്പിട മന്ത്രാലയം അംഗീകരിച്ച റിയൽ എസ്റ്റേറ്റ് ഓഫീസുകളുടെ വിവരങ്ങൾ ഈജാർ നെറ്റ്‌വർക്കിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഈജാറിലുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന, സൗദി പോസ്റ്റ് വഴി നാഷണൽ അഡ്രസ് രജിസ്റ്റർ ചെയ്ത, നെറ്റ്‌വർക്കിനെ കുറിച്ച് പ്രത്യേക പരിശീലനം പൂർത്തിയാക്കിയ സൗദി പൗരന്മാർക്ക് മാത്രമേ വാടകക്കരാർ രജിസ്റ്റർ ചെയ്യാനാവൂവെന്ന് മലയാളം ന്യൂസിന്റെ ചോദ്യത്തിനുത്തരമായി ഉദ്യോഗസ്ഥർ പറഞ്ഞു.


കെട്ടിടയുടമയുടെ തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ, കെട്ടിടത്തിന്റെ വിലാസം, നിലകളുടെയും റൂമുകളുടെയും എണ്ണം, കരാർ തിയ്യതി, ബ്രോക്കർ ചാർജ്, വാടക ചാർജ് നൽകുന്ന രീതിയും സമയവും, നിശ്ചിത സമയം അടച്ചില്ലെങ്കിൽ നൽകേണ്ട പിഴ, കൂടെ താമസിക്കുന്ന ആശ്രിതരായ മാതാപിതാക്കൾ, ഭാര്യ, മക്കൾ, വീട്ടുജോലിക്കാർ എന്നിവരുടെയും കെട്ടിടത്തിൽ താമസിക്കുന്ന മറ്റുള്ളവരുടെയും പേരും ഇഖാമ നമ്പറും, വെള്ളം, വൈദ്യുതി ചാർജ് അടക്കുന്ന രീതി എന്നീ വിവരങ്ങളെല്ലാം റിയൽ എസ്‌റ്റേറ്റ് ഏജന്റിന് നൽകണം. രജിസ്‌ട്രേഷന് 250 റിയാലാണ് സർക്കാറിൽ അടക്കേണ്ടത്.

സന്ദർശക വിസക്കാർ പാസ്‌പോർട്ട് നമ്പറാണ് നൽകേണ്ടത്. രജിസ്‌ട്രേഷൻ പൂർത്തിയായാൽ വാടകക്കാരന്റെയും ഉടമയുടെയും അബ്ശിർ സിസ്റ്റം വഴി അംഗീകാരത്തിന് സമർപ്പിക്കണം. അബ്ശിറിൽ പാർപ്പിട മന്ത്രാലയം ഐകണിൽ ക്ലിക്ക് ചെയ്ത് വാടകകരാർ സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഭാഗത്ത് നിർദേശങ്ങൾക്കനുസരിച്ചാണ് അപ്രൂവലിന് സമർപ്പിക്കേണ്ടത്. 48 മണിക്കൂറിനകം കരാർ സ്വീകരിച്ചതായോ തള്ളിയതായോ ഉള്ള സന്ദേശം അതത് മൊബൈൽ നമ്പറുകളിൽ ലഭിക്കും. വാടകക്കരാർ നമ്പർ സിസ്റ്റത്തിൽ കാണുന്നില്ലെങ്കിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ സമീപിച്ച് തുടർനടപടികൾ സ്വീകരിക്കണം.
കെട്ടിടയുടമയുടെയും താമസക്കാരുടെയും വിവരങ്ങൾ ദുർവിനിയോഗം ചെയ്യില്ലെന്ന് റിയൽ എസ്‌റ്റേറ്റ് ഏജന്റ് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിലനിൽക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പാർപ്പിട മന്ത്രാലയം ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏജന്റിന്റെ വിവരങ്ങളും കെട്ടിടത്തിന്റെയും ഭൂമിയുടെയും ഉടമയുടെയും രേഖകളും ഈജാറിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ വാടകക്കരാർ രജിസ്റ്റർ ചെയ്യാനാവൂ. 


 

Latest News