Sorry, you need to enable JavaScript to visit this website.

പഠിക്കാൻ പഠിക്കലിലാണ് കാര്യം

ഏതെങ്കിലും ഒരു  പരീക്ഷയിൽ മാർക്ക് അൽപം കുറഞ്ഞു പോയാൽ തകരുന്നതാണോ പഠനവും ജീവിത വിജയവും? അല്ല എന്ന ഉത്തരത്തിനു ഒരിക്കൽ കൂടി അടിവരയിടുന്നതാണ് ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാക്കളിൽ  ഒരാളായ എം.ഐ.ടി പ്രൊഫസർ മൗംഗി ബവെണ്ടിയുടെ നേട്ടം. തന്റെ ആദ്യത്തെ കോളേജ് കെമിസ്ട്രി പരീക്ഷയെക്കുറിച്ച്  62 കാരനായ ബവെണ്ടി പങ്കുവെച്ച അനുഭവമിങ്ങനെ:  'ഞാൻ ആദ്യത്തെ ചോദ്യം നോക്കി, എനിക്ക് ഒന്നും  മനസ്സിലാക്കാൻ കഴിഞ്ഞില്ല, രണ്ടാമത്തെ ചോദ്യവും എന്നെ കുഴക്കി.  എനിക്ക് അതും മനസ്സിലായില്ല. വെറും 20% മാർക്കാണ്  എനിക്ക് ലഭിച്ചത്. ഇത് മുഴുവൻ ക്ലാസിലെയും ഏറ്റവും താഴ്ന്ന സ്‌കോറായിരുന്നു.' ഭാഗ്യവശാൽ, അദ്ദേഹം  തോൽവിക്ക്  വഴങ്ങിയില്ല, അതിന് ശേഷം അദ്ദേഹം 'എങ്ങനെ പഠിക്കണമെന്ന്' കണ്ടുപിടിച്ചു. തുടർന്ന് എല്ലാ പരീക്ഷകളിലും നൂറു  ശതമാനം മാർക്ക് കരസ്ഥമാക്കിയാണ് അദ്ദേഹം മുന്നേറിയത്.
പഠിക്കാൻ പഠിക്കലിലാണ്  കാര്യം. ഓരോ വിഷയവും താൽപര്യത്തോടെ പഠിക്കാനുള്ള തന്ത്രം സ്വായത്തമാക്കിയാൽ ഏത് കോഴ്സും  എളുപ്പത്തിൽ പാസാവാൻ  കഴിയും. അത് വഴി ഓരോരുത്തരുടെയും  വ്യക്തിത്വത്തിനും താൽപര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുയോജ്യമായ പ്രൊഫഷണൽ പാത തിരിച്ചറിഞ്ഞു മുന്നേറാനും എളുപ്പമാക്കിയിരിക്കും. പഠിക്കാൻ  പഠിച്ചവർക്ക്, ഏറെ  താൽപര്യത്തോടെ  ചെയ്യാവുന്ന  ഇഷ്ടപ്പെട്ട ഒരു തൊഴിലിൽ  എത്തിച്ചേരാൻ  എളുപ്പമായിരിക്കും. ഇതിനായി വിദ്യാർത്ഥികൾ  ചെയ്യേണ്ട ചിട്ടയായ  മുന്നൊരുക്കമാണ് കരിയർ പ്ലാനിംഗ് എന്നറിയപ്പെടുന്നത്.
ഏറ്റവും ശോഭിക്കാൻ കഴിയുന്ന  വിഷയവുമായി ബന്ധപ്പെട്ട വ്യത്യസ്ത തൊഴിൽ മേഖലകളെയും  സാധ്യതകളെയും കുറിച്ച്  പഠിച്ച് മനസ്സിലാക്കുക, അവയിൽ  ഏറ്റവും  അനുയോജ്യമായതേതെന്നു  പരിശോധിക്കുന്നതിന് സ്വയം വിലയിരുത്തൽ നടത്തുക, കരിയർ ട്രാക്കിൽ എത്തുന്നതിനുള്ള ശരിയായ വഴികൾ കണ്ടെത്തുക എന്നിവയാണ്  കരിയർ  പ്‌ളാനിംഗ് പ്രക്രിയയിൽ  ഉൾപ്പെടുന്ന പ്രധാന  കാര്യങ്ങൾ. അതായത്, കൃത്യമായ കരിയർ  പ്ലാനിംഗ് നടത്തുന്നതിലൂടെ വിജയകരമായ കരിയറിന് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ, തയാറെടുക്കേണ്ട മത്സര പരീക്ഷകൾ, അതിനാവശ്യമായ പരിശീലനം, തുടർന്ന്  ഏതൊക്കെ പ്രൊഫഷനൽ അവസരങ്ങൾ പിന്നീട് ലഭ്യമാകുമെന്നുമെല്ലാം  ഒരാൾക്ക്  കണ്ടെത്താനാകും.
ഇതിനകം നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു കരിയറിൽ ആണെങ്കിൽ, അടുത്ത അഞ്ച്, പത്ത്  അല്ലെങ്കിൽ ഇരുപത്   വർഷങ്ങളിൽ നിങ്ങൾ തൊഴിൽ രംഗത്ത്  നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ സജ്ജീകരിക്കാനും  വ്യക്തമായ  കരിയർ പ്ലാനിംഗ് നിങ്ങളെ സഹായിക്കും. വിവിധ അവസരങ്ങൾ  വിലയിരുത്താനും ഒരു പുതിയ തൊഴിൽ ദിശ സ്വീകരിക്കാനും അത് വഴി നിങ്ങൾക്ക് കഴിയും.
കരിയർ പ്ലാനിംഗിന്റെ പ്രയോജനങ്ങൾ വേണ്ടതുപോലെ തിരിച്ചറിയാത്തവർ വേണ്ടത്ര ലക്ഷ്യബോധമില്ലാതെ, പഠനത്തെ  ഗൗരവമായി കാണാതെ പോകുന്നവരാണെന്ന് പൊതുവെ പറയാം. കരിയർ പ്ലാനിംഗിൽ സ്‌കൂൾ പഠനകാലം നിർണായകമാണ്. അതുപോലെ ഏറെ പ്രാധാന്യമർഹിക്കുന്ന  കാലമാണ് ഹയർ സെക്കണ്ടറി  പഠനവേളയും. ആഗോള തലത്തിൽ വൈവിധ്യമാർന്ന ഒരുപാട് വിദ്യാഭ്യാസ  തൊഴിൽ സാധ്യതകൾ അനുദിനം രംഗപ്രവേശം  ചെയ്തുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് ജാഗ്രതയോടെയുള്ള  കരിയർ ആസൂത്രണം ഈ ഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്.
കരിയർ ആസൂത്രണത്തിന്റെ ആദ്യത്തേതും ചിലപ്പോൾ ഏറ്റവും ബുദ്ധിമുട്ടുള്ളതുമായ ഘട്ടം, നിങ്ങൾ  സ്വയം മനസ്സിലാക്കുകയും  നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞ്  ഒരു തീരുമാനം എടുക്കുക എന്നുള്ളതുമാണ് . ഇതിനായി നിങ്ങളുടെ വ്യക്തിത്വം, ശക്തി, ബലഹീനതകൾ, മൂല്യങ്ങൾ, താൽപര്യങ്ങൾ, കഴിവുകൾ, അഭിരുചികൾ, ലക്ഷ്യങ്ങൾ എന്നിവ പരിഗണിക്കേണ്ടതുണ്ട്. ഏത് തരത്തിലുള്ള തൊഴിലും തൊഴിൽ അന്തരീക്ഷവുമാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തുന്നതിന് നിങ്ങൾക്ക് ഓൺലൈൻ കരിയർ അസസ്മെന്റ് ടൂളുകൾ ഉപയോഗിക്കാം അല്ലെങ്കിൽ ഒരു കരിയർ കൗൺസലറെ സമീപിക്കാം.
നിങ്ങളുടെ താൽപര്യങ്ങൾ, അഭിരുചികൾ, കഴിവുകൾ എന്നിവ കണ്ടെത്തിയ ശേഷം, നിങ്ങൾക്ക് അനുയോജ്യമായേക്കാവുന്ന വ്യത്യസ്ത തരം കരിയറുകളെ കുറിച്ച് അന്വേഷിക്കുക. നിങ്ങൾ ഒരു കരിയർ കൗൺസലറെ സമീപിക്കുകയോ ഓൺലൈൻ കരിയർ മൂല്യനിർണയ ടൂളുകൾ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് കരിയർ നിർദേശങ്ങൾ ലഭിച്ചേക്കാം. അല്ലാത്തപക്ഷം, നിങ്ങൾക്ക്  സാധ്യമെന്നു  തോന്നുന്ന വ്യത്യസ്ത മേഖലകളെക്കുറിച്ച് ഗവേഷണം നടത്തുകയും അവയിൽ സാധ്യമായ ജോലികളുടെ ഒരു ലിസ്റ്റ് സമാഹരിക്കുകയും വേണം. തുടർന്ന് നിങ്ങൾക്ക് ഓരോ ജോലിയും വെവ്വേറെ ഗവേഷണം ചെയ്യുകയും ആ റോൾ ഏറ്റെടുക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ, കഴിവുകൾ, പരിശീലനം, അനുഭവം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യാം. ജോലിയുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്നും തൊഴിൽ അന്തരീക്ഷം എങ്ങനെയാണെന്നും പുരോഗതിക്കുള്ള അവസരങ്ങൾ എന്തൊക്കെയാണെന്നും അപ്പോൾ  നിങ്ങൾക്ക് കണ്ടെത്താനാകും. കൂടാതെ, നിങ്ങൾക്ക്  ആ തൊഴിൽ
മേഖലയിലെ ശമ്പള നിലവാരത്തെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ കൂടി  ശേഖരിക്കാനാകും. പ്രസ്തുത തൊഴിലിന്റെ ഗുണങ്ങളും ദോഷങ്ങളും കണ്ടെത്താനും ഇത് സഹായിക്കും.
വ്യത്യസ്ത ജോലികളുടെ പ്രായോഗിക യാഥാർത്ഥ്യങ്ങൾ നിങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞാൽ, കൂടുതൽ അനുയോജ്യമായ ഓപ്ഷനുകളിലേക്ക് നിങ്ങളുടെ ലിസ്റ്റ് പരിമിതപ്പെടുത്തുക. പരിചയസമ്പന്നരായ പ്രൊഫഷനലുകളുമായി ബന്ധിപ്പിച്ച്, ജോലിയിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അവരുടെ ആദ്യ കാഴ്ചപ്പാടുകൾ അറിയുന്നതിലൂടെ  നിങ്ങൾക്ക് ഇവയെക്കുറിച്ച് കൂടുതൽ അറിവ് സമ്പാദിക്കാം. അവരുടെ നിർദേശങ്ങൾ പരിഗണിക്കുന്നത് വിവിധ ഘട്ടങ്ങൾ തരണം ചെയ്യാനുള്ള  നിങ്ങളുടെ താൽപര്യവും കഴിവും വർധിപ്പിച്ചേക്കാം.  അന്തിമ കരിയർ തെരഞ്ഞെടുപ്പ് നടത്തുന്നതിന്  അത് ഏറെ സഹായകമാവും.
കരിയറിന് അത്യന്താപേക്ഷിതമായ വിദ്യാഭ്യാസ യോഗ്യതകളുടെയും കഴിവുകളുടെയും ഒരു ലിസ്റ്റ് സമാഹരിച്ച് നിങ്ങൾക്ക് അവ എങ്ങനെ നേടാമെന്ന് കണ്ടെത്തുക. ആവശ്യമായ പരിശീലനം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് നന്നായി അന്വേഷിക്കണം. അവയുടെ അക്രഡിറ്റേഷൻ, പ്രവേശന യോഗ്യതയും ഫീസും, കോഴ്‌സ് കാലാവധി, പ്ലേസ്മെന്റ് സാധ്യതകൾ എന്നിവയും ആരായണം.  നിങ്ങൾക്ക് ഓൺലൈൻ, പാർട്ട്‌ടൈം അല്ലെങ്കിൽ ഫുൾടൈം കോഴ്സുകൾ എടുക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് എടുക്കാവുന്ന കോഴ്സുകളുടെ രൂപരേഖ നേരത്തെ മനസ്സിലാക്കി വെക്കണം. നിങ്ങൾ കരിയറിൽ പ്രവേശിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ആവശ്യമായ തുടർ വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാനും ഇത് സഹായിച്ചേക്കാം.
വ്യാജ ഡിഗ്രികളും സർട്ടിഫിക്കറ്റുകളും നൽകുന്ന സ്ഥാപനങ്ങളെയും ഏജൻസികളെയും തിരിച്ചറിയാനും അവരുടെ കെണികളിൽ പെടാതിരിക്കാനും ബോധപൂർവമുള്ള കരിയർ പ്ലാനിംഗ് കൂടിയേ തീരൂ.

Latest News