ആദ്യവർഷത്തിൽ തന്നെ നൂറിൽ ഒമ്പത് വിദ്യാർത്ഥികൾ പ്രിലിമിനറി പരീക്ഷ കടന്നുവെന്നത് ചെറിയ കാര്യമല്ല. അഞ്ച് ലക്ഷം കുട്ടികൾ എഴുതുന്ന പ്രിലിമിനറി പരീക്ഷയിൽ കേവലം 14,000 പേരാണ് പാസാവാറുള്ളത്, മൂന്ന് ശതമാനത്തിൽ താഴെ. അവിടെയാണ് പത്ത് ശതമാനം വരെ ആദ്യവർഷം തന്നെ നേട്ടമുണ്ടാക്കാൻ 'ക്രിയ'ക്ക് കഴിഞ്ഞത്. അവസാന കടമ്പയായ ഇന്റർവ്യൂവിന് 22 പേരെ പരിശീലിപ്പിച്ചപ്പോൾ അതിൽ ഏഴ് പേർ ഐ.എ.എസുകാരായി ജോലിയിൽ പ്രവേശിച്ചു.
നജീബ് കാന്തപുരം വേറിട്ട വഴിയേ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരനാണ്. ആ കുറിയ മനുഷ്യൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും നേരെ പത്രപ്രവർത്തനത്തിലേക്കാണ് ചുവടുവെച്ചത്. സാമൂഹിക സമസ്യകൾ പഠിക്കുവാൻ എം.എൽ.എയുടെ കുപ്പായവും പത്രക്കാരന്റെ കുപ്പായവും ഒരേപോലെയെന്ന് പറയുമദ്ദേഹം. എന്നാൽ എം.എൽ.എ ആകുന്നതാണ് ആധികാരികം, അതുകൊണ്ട് തന്നെ കൂടുതൽ സൃഷ്ട്യുന്മുഖവും. ഗാന്ധിജിയും സി.എച്ച്. മുഹമ്മദ് കോയയുമാണ് അദ്ദേഹത്തിൽ ഏറെ സ്വാധീനം ചെലുത്തിയ നേതാക്കൾ. അവരുടെ സാമൂഹിക വീക്ഷണമാണ് ഇന്നദ്ദേഹത്തിന്റെ വേറിട്ട വഴികളായി നാമനുഭവിക്കുന്നത്. നാളെയത് അടയാളപ്പെടുത്താൻ പോകുന്നത് നജീബ് നേതൃത്വം കൊടുത്ത മലബാറിന്റെ വിദ്യാഭ്യാസ നവോത്ഥാനം എന്ന നിലയിലാകും. 'ക്രിയ'യെയും നജീബിനെയും അടുത്തറിയാം.
എം.എൽ.എ പദവിയിലേക്ക് ചുവടുവെച്ചത് ഭാഗ്യത്തിന്റെ തേരിലേറിയാണെന്നത് അദ്ദേഹം മറക്കാറില്ല. സംസ്ഥാന നിയമസഭ തെരെഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിലൊന്നാണ് നജീബിനെ എം.എൽ.എ പദവിയിലെത്തിച്ചത്.
ക്രിയ (നോളെജ് റിസോഴ്‌സ് എംപവർമെന്റ് ആക്ടിവിറ്റീസ്) എന്ന പ്രസ്ഥാനത്തിന്റെ ശിൽപിയായ നജീബിന്റെ സ്വപ്നത്തിന് നിശ്ചയദാർഢ്യത്തിന്റെ നിറക്കൂട്ട് ചാർത്തിയപ്പോൾ പലരിലൂടെ പ്രപഞ്ച ശക്തികൾ തീർത്ത അത്ഭുതമാവുകയാണ് ഈ അക്കാദമി.
പെരിന്തൽമണ്ണക്കടുത്ത പൊന്ന്യാകുറിശ്ശി ഗ്രാമത്തിൽ പച്ചവിരിച്ച കുന്നിൻ താഴ്‌വരയിൽ നിലകൊള്ളുന്ന ഐ.എസ്.എസ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കോമ്പൗണ്ടിനോട് ചേർന്ന് അവർ നൽകിയ സ്ഥലത്താണ് കേരളത്തിൽ നിന്നുള്ള ആദ്യത്തെ യൂനികോൺ സ്റ്റാർട്ടപ് കമ്പനിയായ ഓപൺ, ഫൈസൽ ആൻഡ് ശബാന ഫൗണ്ടേഷൻ എന്ന ആഗോള ബിസിനസ് ഗ്രൂപ്പ്, ലൈഫ് ഫാർമ, റഹ്മോ ഗ്രൂപ്പ്, മലബാർ ഗോൾഡ്, അബ്രികോ ഗ്രൂപ്പ്, ലെപ്റ്റിസ് ഗ്രൂപ്പ്, കോസ്‌മോ ട്രാവൽ, ഊരാളുങ്കൽ, ടീ-ടൈം, ഷിഫ അൽ ജസീറ, എൻകംഫർട്‌സ് അങ്ങനെ എണ്ണിയാൽ തീരാത്ത സുമനസ്സുകൾ കൈകോർത്ത് ഐ.എ.എസ് അക്കാദമി യാഥാർഥ്യമാക്കിയത്.
'ക്രിയ'യുടേത് ഒരു ബഹുദൂര സ്വപ്ന യാത്രയാണ്. 2022 ജൂലൈ 31 നാണ് ഔദ്യോഗിക പ്രയാണമാരംഭിച്ചതെങ്കിലും അതിനും ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈ ആശയത്തിന്റെ ഊടും പാവും പൂർത്തീകരിക്കപ്പെട്ടത്. അത്ഭുതകരമായിരുന്നു പിന്നീടുള്ള ജൈത്രയാത്ര. എണ്ണയിട്ട യന്ത്രം കണക്കേ ഒരു ഗ്രാമത്തിലേക്ക് എല്ലാമൊഴുകിയെത്തി. സമയം പോലും വഴിമാറി നിന്നു. എം.എൽ.എയുടെയും കൂടെയുണ്ടായിരുന്നവരുടെയും ഭാവനയിൽ മാത്രം വിരിഞ്ഞ ആശയത്തിന് 68 ദിവസം കൊണ്ട് 18,000 ചതുരശ്രയടിയുടെ ഒരു വിദ്യാഭ്യാസ സമുച്ചയം തീർക്കാനായതോടെ ചിത്രം വരയ്ക്കാനുള്ള ചുമർ തയാറായി. എന്ന് മാത്രമല്ല, കുറ്റമറ്റ രീതിയിൽ പ്ലസ് ടു മുതൽ പി.ജി കഴിഞ്ഞ 5000 വിദ്യാർഥികളിൽനിന്ന് 100 പേരെ തെരഞ്ഞെടുത്ത് അഡ്മിഷൻ പൂർത്തിയാക്കി. അങ്ങനെ ഏറ്റവും മികച്ചതിനേക്കാൾ മികച്ചത് പെരിന്തമണ്ണക്ക് ലഭിച്ചു.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ മുഖ്യമായ ഗുണമേന്മയുള്ള വിദ്യാഭ്യാസവും സാമൂഹിക സമത്വവും ഉറപ്പ് വരുത്താനുതകുന്ന പ്രവർത്തനങ്ങളാണ് ക്രിയ ഏറ്റെടുത്തത്. ലോകത്ത് തന്നെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നായ ഐ.എ.എസിനെ ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും ബൃഹത്തും പൂർണമായും സൗജന്യത്തോട് കൂടിയതുമായ, മെറിറ്റിലൂടെ മാത്രം തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഒരു കേന്ദ്രമാണ് ഒരുക്കിയത്. പത്ത് വർഷം കൊണ്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സൃഷ്ടിക്കുന്ന ഗ്രാമമായി പെരിന്തൽമണ്ണയെ മാറ്റിയെടുക്കുക എന്നതാണ് നജീബിന്റെ സ്വപ്നം.
ഐ.എ.എസ് അക്കാദമിയിൽ അഡ്മിഷൻ ലഭിക്കാൻ ഏക മാനദന്ധം മെറിറ്റാണ്. ആ മെറിറ്റിൽ നിന്നു തന്നെ ദരിദ്രർക്കും പിന്നോക്കക്കാർക്കും പരിഗണ കൊടുക്കുവാൻ ശ്രദ്ധിക്കുന്നതിന്റെ പിന്നിൽ ഈ വിഭാഗങ്ങളുടെ അഭിമാനകരമായ അസ്ഥിത്വം ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടിയാണ്. അതുവഴി അവർ അധികാരക്കസേരകളിൽ എത്തിച്ചേരുവാനാണ്. അങ്ങനെ അവശതയനുഭവിക്കുന്നവരുടെ നിരയിലെ അവസാനത്തെ വ്യക്തിയെപ്പോലും പരിഗണിക്കുന്ന, ഗാന്ധിജി വിഭാവനം ചെയ്ത, രാഷ്ട്രസേവന മനോഭാവത്തിന് മുതൽക്കൂട്ടാവാനാണ്.
രാജ്യത്തെ ഐ.എ.എസ് അക്കാദമികളിൽ പത്തിലൊന്നിൽ ഇടംപിടിച്ച ഈ അക്കാദമിയിൽ ഐ.എ.എസ് മോഹമുള്ള 100 വിദ്യാർത്ഥികൾക്കാണ് ആത്മസമർപ്പണത്തിനായി പർണശാല ഒരുക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് പല ഐ.എ.എസ് കോച്ചിംഗ് സെന്ററുകൾ ഉണ്ടെങ്കിലും പൂർണമായും സർവീസിലുള്ള ഐ.എ.എസ് കാഡറുകളിൽ ഉള്ള വിദഗ്ധരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന സൗജന്യ കേന്ദ്രം വേറെയുണ്ടാകാൻ വഴിയില്ല. ഇപ്പഴിതാ 37 സെന്റ് സ്ഥലത്ത് 7000 ചതുരശ്രയടിയിൽ ബോയ്‌സ് ഹോസ്റ്റൽ, റീഡിംഗ് റൂം എന്നിവക്കായുള്ള പുതിയ കെട്ടിടം ജീപാസ് മൂസ ഹാജിയുടെ നാമധേയത്തിൽ ഉയരാൻ പോകുന്നു.
ആദ്യവർഷത്തിൽ തന്നെ നൂറിൽ ഒമ്പത് വിദ്യാർത്ഥികൾ പ്രിലിമിനറി പരീക്ഷ കടന്നുവെന്നത് ചെറിയ കാര്യമല്ല. അഞ്ച് ലക്ഷം കുട്ടികൾ എഴുതുന്ന പ്രിലിമിനറി പരീക്ഷയിൽ കേവലം 14,000 പേരാണ് പാസാവാറുള്ളത്, മൂന്ന് ശതമാനത്തിൽ താഴെ. അവിടെയാണ് പത്ത് ശതമാനം വരെ ആദ്യവർഷം തന്നെ നേട്ടമുണ്ടാക്കാൻ ക്രിയക്ക് കഴിഞ്ഞത്. അവസാന കടമ്പയായ ഇന്റർവ്യൂവിന് 22 പേരെ പരിശീലിപ്പിച്ചപ്പോൾ അതിൽ ഏഴ് പേർ ഐ.എ.എസുകാരായി ജോലിയിൽ പ്രവേശിച്ചു.
രണ്ടാം വർഷത്തിലേക്ക് കടന്നപ്പോൾ സന്തോഷിക്കാൻ ഏറെ വകയുണ്ട് പെരിന്തൽമണ്ണ അക്കാദമിക്ക്. ആദ്യവർഷം 100 വിദ്യാർഥികൾക്ക് സൗജന്യ സംവിധാനമൊരുക്കിയിടത്തുനിന്ന് ഈ വർഷം 200 പേർക്ക് കൂടി അധികമായി പ്രവേശനം നൽകുകയാണ്. ആ 200 പേരിൽനിന്നും ചെലവിന്റെ 50% സംഖ്യ ഈടാക്കുകയാണ്. എന്നാൽ തന്നെ പ്രതിവർഷം രണ്ട് കോടി ബാധ്യതയുടെ സ്ഥാനത്ത് അഞ്ച് കോടിയിലേക്ക് കടക്കുമെന്ന് കണക്കാക്കുന്നു. ഇതെല്ലാം സുമനസ്സുകളായ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും സംരംഭകരിൽനിന്നും പ്രസ്ഥാനങ്ങളിൽനിന്നും സർക്കാർ സംവിധാനങ്ങളിൽനിന്നും ലഭിക്കുമെന്ന ആത്മവിശ്വാസമാണ് നജീബിനും കൂട്ടുകാർക്കുമുള്ളത്.
ഉന്നത പരീക്ഷകൾക്ക് അനുയോജ്യമായ ഒരു എക്കോ സിസ്റ്റം കൊണ്ടുവരുന്നതിൽ ക്രിയ വിജയിച്ചിരിക്കയാണ്. എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് ജൂനിയർ ഐ.എ.എസ്, പ്ലസ് വൺ കുട്ടികൾക്ക് ഫൗണ്ടേഷൻ കോഴ്‌സ് എന്നിങ്ങനെ പുതിയ മേഖലകളിലേക്ക് ക്രിയ ഈ വർഷം കടന്നിരിക്കുകയാണ്.
ഐ.എ.എസ് മാത്രമല്ല, കേന്ദ്ര സർവീസിലേക്കുള്ള എസ്.എസ്.സി അടക്കമുള്ള സാധ്യതകൾ ഒട്ടനവധിയാണ്. ഈ വർഷം എസ്.എസ്.സി പരീക്ഷക്ക് 100 പേർക്ക് സൗജന്യ റെസിഡൻഷ്യൽ കോച്ചിംഗ് ആരംഭിച്ചിരിക്കയാണ്. കൂടാതെ ഓൺലൈൻ കോച്ചിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. പത്ത് വർഷം കൊണ്ട് 10,000 മലയാളികളെ കേന്ദ്ര സർവീസിലെത്തിക്കുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം.
ആശയങ്ങൾ നജീബിന്റെ കൂടപ്പിറപ്പാണ്. എല്ലാ മനുഷ്യരിലും അതുണ്ടെന്ന് അദ്ദേഹം പറയും. അവസരം കൈവരുമ്പോൾ മറക്കാതെയിരിക്കാനും ആരുടെയും മുമ്പിൽ അവതരിപ്പിക്കുവാനും നേടിയെടുക്കുവാനുമുള്ള ഇഛാശക്തിയാണ് അദ്ദേഹത്തെ വേറിട്ട വിസ്മയമാക്കുന്നത്. മണ്ഡലത്തിൽ പര്യടനത്തിന് ചെന്ന പാടെ തന്റെ ആശയങ്ങൾ പ്രവൃത്തിപഥമേറാനുള്ള ജൈവഘടന ഉണ്ടാക്കിയെടുക്കാൻ വിദ്യാർത്ഥികളുടെ സെമിനാറുകളും ബ്രൈൻസ്റ്റോം സെഷനുകളും വിളിച്ചുകൂട്ടുകയാണ് അദ്ദേഹം ചെയ്തത്.
പരാജയത്തിന് എല്ലാ സാധ്യതയും മുന്നിട്ട് നിൽക്കുന്ന ഒരു മണ്ഡലത്തിൽ ജനപ്രിയ വിഷയങ്ങളിൽ ശ്രദ്ധയൂന്നുകയാണ് പരിണതപ്രജ്ഞർ പോലും ചെയ്യുക. അവിടെയാണ് നജീബ് തന്റെ ചിന്താബന്ധുരമായ ചുവടുകൾക്ക് അടിത്തറ പാകിയത്. ചങ്കൂറ്റത്തിന്റെ കാഹളമായിരുന്നു ആ തീരുമാനം.