Sorry, you need to enable JavaScript to visit this website.

വിവാഹ മോചിതയായി മരിക്കാനാകില്ലെന്ന് ഭാര്യ, 27 വര്‍ഷം പിന്നിട്ട കേസില്‍ 89 കാരന് വിവാഹ മോചനമില്ല

ന്യദല്‍ഹി- 27 വര്‍ഷം പിന്നിട്ട കേസില്‍ വയോധികന് വിവാഹം വേര്‍പെടുത്താനുള്ള അവകാശം നിരസിച്ച് സുപ്രീം കോടതി. ഭാര്യയെ വിവാഹമോചനം ചെയ്യാനുള്ള അനുമതിക്കായി 27 വര്‍ഷം മുമ്പ് കോടതിയെ സമീപിച്ച 89 കാരനാണ് സുപ്രീം കോടതിയില്‍നിന്നും തിരിച്ചടി.
വിവാഹമോചനം ഇന്ത്യയില്‍ ദുഷ്‌കരമായി തുടരുകയാണ്. ഓരോ 100 വിവാഹങ്ങളില്‍ ഒന്ന് മാത്രമേ വേര്‍പിരിയലില്‍ അവസാനിക്കുന്നുള്ളൂ. കുടുംബപരമവും സാമൂഹികവുമായ സമ്മര്‍ദം കാരണം
അസന്തുഷ്ടമായ ദാമ്പത്യം നിലനിര്‍ത്താന്‍ ദമ്പതികള്‍ നിര്‍ബന്ധിതരാണ്.
ക്രൂരത, അക്രമം അല്ലെങ്കില്‍ അനാവശ്യ സാമ്പത്തിക ആവശ്യങ്ങള്‍ എന്നിവ തെളിയിച്ചാല്‍ മാത്രമേ വിവാഹമോചനം തേടുന്നവര്‍ക്ക്   കോടതിയില്‍ നിന്ന് അനുമതി ലഭിക്കുകയുള്ളൂ.
89 കാരനായ നിര്‍മല്‍ സിംഗ് പനേസര്‍ 1963 ലാണ് വിവാഹിതനായത്. 1984ല്‍ വിവാഹ ബന്ധം വീണ്ടെടുക്കാനാകാത്തവിധം തകര്‍ന്നു.
ഇന്ത്യന്‍ വ്യോമസേന നിര്‍മല്‍ സിംഗിനെ  ചെന്നൈയില്‍ നിയമിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം പോകാന്‍ ഇപ്പോള്‍ 82 വയസ്സായ  പരംജിത് കൗര്‍ പനേസര്‍ വിസമ്മതിച്ചതാണ് വിവാഹ മോചനമെന്ന ആവശ്യത്തിലെത്തിച്ചത്..
ക്രൂരത ആരോപിച്ച 1996ല്‍ നിര്‍മ്മല്‍ ആദ്യമായി വിവാഹമോചനത്തിന് അപേക്ഷിച്ചു. 2000ല്‍  ജില്ലാ കോടതി അനുവദിച്ചെങ്കിലും പരംജിത്തിന്റെ അപ്പീലിനെത്തുടര്‍ന്ന് അതേ വര്‍ഷം തന്നെ അത് റദ്ദാക്കി.
അദ്ദേഹത്തിന്റെ കേസ് സുപ്രീം കോടതിയുടെ മുമ്പാകെ വരാന്‍ രണ്ട് പതിറ്റാണ്ടെടുത്തു. വിവാഹം വീണ്ടെടുക്കാനാവാത്ത വിധം തകര്‍ന്നുവെന്ന് സമ്മതിച്ചിട്ടും വിവാഹമോചന ഹരജി നിരസിച്ചു.
വിവാഹ മോചനം അനുവദിക്കുന്നത് പരംജിത്തിനോട് കാണിക്കുന്ന അനീതിയാണെന്ന് വിധിയില്‍ പറയുന്നു, വിവാഹമോചിതയായി 'അപമാനത്തോടെ' മരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചിരുന്നു.
'പവിത്രമായ ബന്ധത്തെ' ബഹുമാനിക്കാന്‍ താന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും വാര്‍ദ്ധക്യത്തിലും തന്റെ ഭര്‍ത്താവിനെ പരിപാലിക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.
ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.
രാജ്യത്തുടനീളമുള്ള കോടതികളില്‍ ഏകദേശം 43.2 ദശലക്ഷം കേസുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു.

 

Latest News