തലശ്ശേരി- കൊട്ടിയൂര്‍ പീഡന കേസിന്റെ വിചാരണക്കിടെ മൂന്നാം സാക്ഷിയായ പെണ്‍കുട്ടിയുടെ പിതാവും കൂറുമാറി. ഇന്നലെ നടന്ന വിചാരണക്കിടെയാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പ്രതി ഫാ. റോബിനെ അനുകൂലിച്ച് മൊഴി നല്‍കിയത.് കഴിഞ്ഞ ദിവസങ്ങളില്‍ പെണ്‍കുട്ടിയും അമ്മയും പ്രതിയുടെ പക്ഷം ചേര്‍ന്നിരുന്നു.
അമ്മയുടെ ക്രോസ് വിസ്താരം ഇന്നലെ ഉച്ചയോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് വിസ്തരിച്ച മൂന്നാം സാക്ഷിയായ കുട്ടിയുടെ പിതാവും കൂറുമാറുകയായിരുന്നു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) മുമ്പാകെയാണ് കേസിന്റെ വിചാരണ. ആദ്യ ദിനത്തെ വിചാരണയില്‍ തന്നെ പീഡനത്തിനിരയായ പെണ്‍കുട്ടി വിചാരണ കോടതി മുമ്പാകെ കൂറുമാറിയതിന് തൊട്ടുപിന്നാലെ വിസ്തരിച്ച പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറുകയായിരുന്നു. പെണ്‍കുട്ടിയും അമ്മയും കോടതി മുമ്പാകെ നല്‍കിയ മൊഴിയെ സ്വാധീനിക്കുന്ന നിലയിലാണ് പിതാവും ഇന്നലെ മൊഴി നല്‍കിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പിതാവിന്റെ ക്രോസ് വിസ്താരം പൂര്‍ത്തിയായത്. അതിനിടെ കേസില്‍ സാക്ഷികളായി വിസ്തരിക്കേണ്ടിയിരുന്ന പെണ്‍കുട്ടിയുെട രണ്ട് സഹോദരന്‍മാരെ വിസ്തരിക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. കേസിലെ നാലും അഞ്ചും സാക്ഷികളായാണ് സഹോദരങ്ങളെ വിസ്തരിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നത.്
പോലീസിന് നല്‍കിയ മൊഴിക്ക് വിരുദ്ധമായ മൊഴികളാണ് വിചാരണ കോടതി മുമ്പാകെ പെണ്‍കുട്ടിയും അമ്മയും അച്ഛനും നല്‍കിയത.് തുടര്‍ന്ന് പ്രോസിക്യൂഷന്‍ മൂന്ന് സാക്ഷികളെയും കൂറ് മാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. അച്ഛനും കൂറുമാറിയതോടെ കേസിലെ സുപ്രധാന സാക്ഷികളെല്ലാം പ്രോസിക്യൂഷന് എതിരായി. മകളുടെ സ്വന്ത ഇഷ്ടപ്രകാരമാണ് ഫാ. റോബിനുമായി ലൈംഗികമായി ബന്ധപ്പെട്ടതെന്നും ഫാദറെ മകള്‍ക്ക് ഏറെ ഇഷ്ടമായിരുന്നെന്നും പെണ്‍കുട്ടിയുടെ പിതാവും മൊഴി നല്‍കി. ഭാര്യ പള്ളിയിലെ ഗായകസംഘത്തിലെ അംഗമാണെന്നും അതിനാല്‍ കുടുംബം പാട്ട് പരിശീലനത്തിന് പള്ളിയിലെത്താറുണ്ടെന്നും പിതാവ് മൊഴി നല്‍കി. 1996 ഡിസംബര്‍ 30 നാണ് തന്റെ വിവാഹം നടന്നതെന്നും മകളുടെ ജന്മദിനം 1997 നവംബര്‍ 17 ആണെന്നും അച്ഛനും മൊഴി നല്‍കി. മകള്‍ പ്രസവിച്ച കുട്ടിയെ വൈത്തിരിയിലെ ഫോളി ഇന്‍ഫന്‍ട്രി മേരി മന്ദിരത്തിലേക്ക് കാറില്‍ കൊണ്ടുപോയത് താനും ഭാര്യയുമൊത്താണെന്നും അച്ഛന്‍ മൊഴി നല്‍കി. പീഡനം നടന്നെന്ന കാര്യം പോലീസ് കെട്ടിച്ചമച്ചതാണെന്നും പോലീസ് ഭീഷണിപ്പെടുത്തി ഫാദര്‍ക്കെതിരെ പരാതി എഴുതി വാങ്ങിയതാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മകള്‍ ലൈംഗികമായി ബന്ധം പുലര്‍ത്തിയതെന്നും അതില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ മൊഴി നല്‍കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇത്തരം ഇരകള്‍ക്ക് നല്‍കുന്ന രണ്ട് ലക്ഷം രൂപയുടെ സഹായധനം കുടുംബം കൈപ്പറ്റിയതായി പ്രൊസിക്യൂഷന്റെ ചീഫ് വിസ്താരത്തിന് പെണ്‍കുട്ടിയുടെ പിതാവ് മറുപടി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വാര്‍ത്ത നല്‍കിയ ന്യൂസ് ചാനലിനെതിരെ പിതാവ് പരാതി നല്‍കിയ കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യവും പിതാവ് അംഗീകരിച്ചു. ഫാ.റോബിനെതിരെ തനിക്കും കുടുംബത്തിനും പരാതിയില്ലെന്നും പിതാവ് കോടതിയില്‍ പറഞ്ഞു.