ഗാസ- പാരാഗ്ലൈഡറുകളില്‍ ഹമാസ് പോരാളികള്‍ വീണ്ടും ഇസ്രായില്‍ അതിര്‍ത്തി കടന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇസ്രായില്‍ വീണ്ടും ഭീതിയില്‍.
15 പാരാഗ്ലൈഡറുകള്‍ വടക്കന്‍ അതിര്‍ത്തി കടന്നെന്നും കൂട്ടക്കൊല ഏതുനിമിഷവും സംഭവിക്കാമെന്നും ഇസ്രായില്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി. എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശം നല്കി.
എന്നാല്‍ അപായ സൈറണ്‍ മുഴങ്ങിയത് ഉപകരണത്തിന്റെ പിശക് മൂലമാണെന്ന് പറഞ്ഞ് ഇസ്രായിലി സൈനിക വക്താവ് ഇത് തള്ളി.
ലെബനന് അതിര്‍ത്തിയിലും ഇസ്രായില്‍ സൈനിക നീക്കം തുടങ്ങി. ലെബനന് അതിര്‍ത്തിയില്‍ ഇസ്രായില്‍ സൈനിക ടാങ്കര്‍ വിന്യസിച്ചു. ലെബനനില്‍നിന്നു വീണ്ടും ആക്രമണം ഉണ്ടായതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
ശനിയാഴ്ച ഗാസയുടെ അതിര്‍ത്തി വേലി തകര്‍ത്ത് അകത്തുകടന്ന ഹമാസ് പോരാളികളുടെ മണിക്കൂറുകള്‍ നീണ്ട ആക്രമണത്തില്‍ മരണസംഖ്യ 1200 ആയി ഉയര്‍ന്നു. 2,700 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ചയും ഇസ്രയേലിനുള്ളില്‍ പോരാട്ടം തുടരുകയാണെന്ന് ഹമാസ് സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു. ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗാസയുടെ വടക്കുഭാഗത്ത് ഇസ്രായില്‍ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചു. എന്നാല്‍ ഹമാസിന്റെ അവകാശവാദത്തെക്കുറിച്ച് അവര്‍ പ്രതികരിച്ചില്ല.
ഗാസയില്‍ ഇസ്രായില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഇതുവരെ 1,055 പേര് കൊല്ലപ്പെടുകയും 5,184 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫലസ്തീന് അഭയാര്‍ത്ഥി ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഒമ്പത് ജീവനക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് യു.എന്‍ അറിയിച്ചു.