ബ്രൂസ്‌ലി ബിജിയെ ഓർമയില്ലേ. ടൊവിനോ തോമസ് അമാനുഷിക വേഷത്തിലെത്തിയ മിന്നൽ മുരളിയിലെ കരാട്ടെക്കാരി ബ്രൂസ്‌ലി ബിജിയെ അത്രവേഗം മറക്കാനാവില്ല. കുറുക്കൻ മൂലയിൽ ട്രാവൽ ഏജൻസിയും മാർഷ്യൽ ആർട്ട്‌സ് അക്കാദമിയും നടത്തി ജീവിതം നയിക്കുകയാണ് ബിജിമോൾ. ഗ്രാമത്തിലെ കുട്ടികൾക്ക് കരാട്ടെ അഭ്യസിപ്പിക്കുകയാണെങ്കിലും ഒരിക്കൽ മുരളിയുടെ കിക്കിൽ അവൾക്കും അടിതെറ്റുന്നുണ്ട്. ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ എഴുന്നേറ്റ് കൂളായി ചിരിക്കുകയാണവൾ. വിവാഹത്തിന് ശേഷം കരാട്ടെ അഭ്യസിപ്പിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ കാമുകനോട് ഗുഡ് ബൈ പറയാൻ തന്റേടം കാണിച്ചവളായിരുന്നു ബിജിമോൾ.
മിന്നൽ മുരളിയിൽ ബിജിമോളെ അവതരിപ്പിച്ചത് കൊച്ചിക്കാരിയായ ഫെമിന ജോർജാണ്. ആദ്യചിത്രത്തിലൂടെ തന്നെ ഇരുത്തംവന്ന ഒരു അഭിനേത്രിയെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഫെമിനയുടെ പ്രകടനം. കുട്ടിക്കാലം തൊട്ടേ സിനിമാഭിനയം സ്വപ്‌നം കണ്ടുനടന്ന പെൺകുട്ടി. ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് സിനിമയിൽ അവസരം ലഭിച്ചത്. ആദ്യമായി ലഭിച്ച വേഷം ഭംഗിയായി അവതരിപ്പിച്ചതോടെ ഫെമിന ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഫെമിനയെ കാത്തിരുന്നത് നായികാവേഷമാണ്. രാജേഷ് മോഹനും ജോജി തോമസും ചേർന്ന് സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. അർജുൻ അശോകൻ അവതരിപ്പിക്കുന്ന ബെന്നിയുടെ നായികയായ പൊന്നില എന്ന കഥാപാത്രത്തെയാണ് ഫെമിന അവതരിപ്പിക്കുന്നത്.
രണ്ടു തലമുറകളുടെ കഥയാണ് തീപ്പൊരി ബെന്നി അനാവരണം ചെയ്യുന്നത്. നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ കമ്യൂണിസ്റ്റുകാരനും മറ്റുള്ളവർക്ക് നന്മ ചെയ്യുമ്പോഴാണ് ജീവിതം മഹത്തരമാകുന്നതെന്നും വിശ്വസിക്കുന്ന വട്ടക്കുട്ടയിൽ ചേട്ടായി. എന്നാൽ ചേട്ടായിയുടെ അതിര് കവിഞ്ഞ പൊതുസേവനത്തിൽ അസ്വസ്ഥനായ മകനാണ് ബെന്നി. പി.എസ്.സി പരീക്ഷയെഴുതി സർക്കാർ ജോലി സ്വപ്‌നം കാണുന്ന ബെന്നിക്ക് പിതാവിന്റെ ചെയ്തികളിൽ നീരസമുണ്ടാകുന്നു. കുടുംബ ജീവിതത്തിലും ഇതിന്റെ അലയൊലികൾ പ്രതിധ്വനിക്കുന്നുണ്ട്. ഇതിനിടയിൽ ബെന്നിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില അവിചാരിത സംഭവങ്ങൾ അയാളെ തീപ്പൊരി ബെന്നിയാക്കുകയാണ്. ഒരു അച്ഛന്റെയും മകന്റെയും ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് തീപ്പൊരി ബെന്നി. ജഗദീഷും ഹരിശ്രീ അശോകനുമാണ് അച്ഛനെയും മകനെയും അവതരിപ്പിക്കുന്നത്.
നെയ്യശ്ശേരി ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ പാർട്ടി അംഗമായാണ് പൊന്നിലയെത്തുന്നത്. സ്‌കൂൾകാലം തൊട്ടേ ബെന്നിയും പൊന്നിലയും അടുപ്പത്തിലാണ്. എന്നാൽ അച്ഛന്റെ രാഷ്ട്രീയ ആശയങ്ങൾ പൊന്നില പിന്തുടരുന്നതിനോട് ബെന്നിക്ക് താൽപര്യമില്ല. അവിടെയാണ് കഥയിലെ ടേണിംഗ് പോയന്റ്. ആദ്യനായിക വേഷത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഫെമിന. രാഷ്ട്രീയ കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കുടുംബ സദസ്സുകൾക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും ഈ ചിത്രം.
പഞ്ചായത്ത് അംഗമായ ഒരു നാടൻ കഥാപാത്രമാണ് പൊന്നില. ബെന്നിയുടെ അച്ഛനായ ചേട്ടായിയുടെ കൂടെയാണ് എപ്പോഴും പൊന്നിലയുടെ സഞ്ചാരം. ചേട്ടായിയാണെങ്കിൽ ഒരു മകളെപ്പോലെയാണ് അവളെ കാണുന്നത്. സഖാവായിരുന്ന അച്ഛന്റെ മരണശേഷം ചേട്ടായിയെയാണ് അവൾ അച്ഛന്റെ സ്ഥാനത്ത് കാണുന്നത്. പൊന്നിലയുടെ റോൾ മോഡലാണ് ചേട്ടായി. വൈകാരികമായി ഏറെ അടുപ്പമുള്ളതുകൊണ്ടാകണം അദ്ദേഹത്തിന്റെ രാഷ്ട്രീയം തന്നെയാണ് പൊന്നിലയും പിന്തുടരുന്നത്. ഇത് ബെന്നിക്ക് അസ്വാരസ്യങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും അവൾ തന്റെ ആശയത്തിൽ ഉറച്ചുനിൽക്കുകയാണ്.
ഒന്നര വർഷം മുൻപായിരുന്നു മിന്നൽ മുരളി പുറത്തുവന്നത്. ചിത്രീകരണം തുടങ്ങിയപ്പോഴാണ് കൊറോണ ഭീതി വിതച്ചത്. തുടർന്ന് ആ കാലവും കടന്നാണ് ചിത്രം പുറത്തിറങ്ങിയത്.
പിന്നീട് വന്ന പല കഥകളും അത്തരത്തിലുള്ളതായിരുന്നു. ശേഷം മൈക്കിൾ ഫാത്തിമയായിരുന്നു അടുത്ത ചിത്രം. നവാഗതനായ മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികയായെത്തുന്നത്. ഫുട്‌ബോൾ കമന്റേറ്ററായാണ് കല്യാണി ഈ ചിത്രത്തിലെത്തുന്നത്. കല്യാണിയുടെ കൂട്ടുകാരിയായാണ് ഈ ചിത്രത്തിൽ വേഷമിട്ടത്.
മിന്നൽ മുരളിയിലെത്തിയത് ഒഡീഷൻ വഴിയായിരുന്നു. സൂപ്പർ ഹീറോ ചിത്രത്തിലേക്ക് മാർഷ്യൽ ആർട്‌സ് അറിയാവുന്ന പെൺകുട്ടിയെ ആവശ്യമുണ്ടെന്ന് ഇൻസ്റ്റയിൽ കണ്ട ഒരു പോസ്റ്റാണ് വഴിത്തിരിവായത്. കരാട്ടെ കഌസിൽ രണ്ടാഴ്ച പരിശീലനം നേടിയ ധൈര്യത്തിലായിരുന്നു അപേക്ഷ അയച്ചത്. ഒഡീഷന് വിളിച്ചു. അതും രണ്ടു തവണ. ബിൻസിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ പറഞ്ഞു. പോരാത്തതിന് ഒരു മാസത്തിനുള്ളിൽ ശരീര ഭാരം കുറയ്ക്കുകയാണെങ്കിൽ പരിഗണിക്കാമെന്നും പറഞ്ഞു. പിന്നെ മറ്റൊന്നും നോക്കിയില്ല. ഭക്ഷണം ക്രമീകരിച്ചും ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്തും ഒരു മാസം കൊണ്ട് തന്നെ ശരീര ഭാരം നന്നായി കുറച്ചു. കോവിഡ് പശ്ചാത്തലത്തിൽ സിനിമ വല്ലാതെ നീണ്ടുപോയി. എല്ലാവരുടെയും സമ്മതത്തോടെയാണ് സിനിമയിൽ അഭിനയച്ചു തുടങ്ങിയത്. അച്ഛൻ ജോയിയും അമ്മ സീനയും അനുജൻ ഫെബിൻ ജോർജും അടങ്ങുന്ന കുടുംബം. അച്ഛന് ബിസിനസാണ്. അനുജൻ ഫെബിൻ കനഡയിലാണുള്ളത്.
കാമ്പുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കണം എന്നേയുള്ളൂ. അഭിനയിക്കാൻ കഴിയുന്നതും സ്ക്രീൻ സ്‌പേസുമുള്ള കഥാപാത്രങ്ങളിലാണ് താൽപര്യം. സഹനടിയാണെന്നും അതിഥിവേഷമാണെങ്കിലും മിന്നിമറയുന്ന വേഷങ്ങളിൽ താൽപര്യമില്ല. ഒരേതരം കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ ടൈപ് കാസ്റ്റായി മാറും. അത് ശ്രദ്ധിക്കാറുണ്ട്. ശേഷം മൈക്കിൾ ഫാത്തിമയിൽ നായികയായ കല്യാണിയുടെ കൂട്ടുകാരിയുടെ വേഷത്തിലാണ് എത്തുന്നത്. സിനിമയിൽ തുടരണമെന്നാണ് മോഹം.






